മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ വരാപ്പുഴ കേസില്‍ പ്രതിയാക്കാന്‍ പച്ചകൊടി; സമ്മര്‍ദത്തിന് വഴങ്ങിയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് എ.വി.ജോര്‍ജ് ഐ ജിക്ക് മൊഴി നല്‍കിയിട്ടുണ്ടെന്ന് സൂചന; നിര്‍ണായകമായത് മരിച്ച യുവാവിന്റെ കുടുംബം ഉയര്‍ത്തിയ ആരോപണം
മുന്‍ ആലുവ റൂറല്‍ എസ്പി, എ വി ജോര്‍ജ് ശ്രീജിത്ത് കേസില്‍ പ്രതിയാകും. നിര്‍ണായകമായത് ഐ.ജി, എസ് ശ്രീജിത്തിനെതിരെ മരിച്ച യുവാവിന്റെ കുടുംബം ഉയര്‍ത്തിയ ആരോപണമാണ്.
താന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് എ.വി.ജോര്‍ജ് ഐ ജിക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. എസ് പി ക്കെതിരെ വകുപ്പ് തല നടപടിക്കും ഐജി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് വിവരം. മാറിയ സാഹചര്യത്തില്‍ എസ്പിയെ മുഖ്യമന്ത്രി സഹായിക്കില്ല. ആലുവയില്‍ സ്ഥിരം എസ്പിയെയും സര്‍ക്കാര്‍ നിയമിച്ചു.
എ വി ജോര്‍ജ് കേസില്‍ പ്രതിയാകുമെന്നും അറസ്റ്റിലാവുമെന്നും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ജോര്‍ജിന്റെ ടീമാണ് നിരപരാധിയായ ശ്രീജിത്തിനെ കേസില്‍ പ്രതിയാക്കി മര്‍ദ്ദിച്ച് കൊന്നത്. എസ് പിയുടെ നിര്‍ദ്ദേശാനുസരണമായിരുന്നു അറസ്റ്റ്. സി പി എമ്മിന്റെ കൊച്ചിയിലെ ഉയര്‍ന്ന നേതാവാണ് അറസ്റ്റിന് നിര്‍ദ്ദേശം നല്‍കിയത്. എറണാകുളത്തെ പ്രമുഖ നേതാവിന്റെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിട്ടുണ്ട്. അദ്ദേഹമാണ് കൊച്ചി റേഞ്ച് ഐജിയായിരുന്ന ശ്രീജിത്തിനെ തത്സ്ഥാനത്ത് നിന്നും നീക്കിയത്.
രാഷ്ട്രീയ നേതാക്കള്‍ വിവിധ ആവശ്യങ്ങള്‍ക്ക് എസ് പി മാരെ വിളിക്കും. അത്തരം ഫോണുകളില്‍ സാധാരണ ഗതിയില്‍ റെക്കോര്‍ഡ് ചെയ്യാറില്ല. അതു കൊണ്ടു തന്നെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച നേതാവിന് ഒന്നും സംഭവിക്കാന്‍ സാധ്യതയില്ല.
അല്ലെങ്കില്‍ തന്നെ താന്‍ ആര്‍ക്കും കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് നേതാവിന് വാദിക്കാം. കുറ്റക്കാരെ പിടികൂടാന്‍ പറഞ്ഞാല്‍ അതിനര്‍ത്ഥം കൊല്ലണമെന്ന് അല്ലല്ലോ.
എസ് പി , എ വി ജോര്‍ജ് സി പി എമ്മിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ്. എന്നാല്‍ അദ്ദേഹത്തെ സഹായിക്കാന്‍ പാര്‍ട്ടി തയ്യാറല്ല. കാരണം സര്‍ക്കാരിന്റെ ഇമേജ് തീരെ ഇല്ലാതാക്കിയ സംഭവമാണ് ശ്രീജിത്ത് വധം. മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതിരോധത്തിലായി. അതിനിടയിലാണ് ജോര്‍ജിനെ സ്ഥലം മാറ്റി രക്ഷിക്കാന്‍ ശ്രമിച്ചത്. അതിനെതിരെ മനുഷ്യവകാശ കമ്മീഷന്‍ രംഗത്തെത്തിയതോടെ നീക്കം പാളി.
ജോര്‍ജും ഐ ജി ശ്രീജിത്തും സുഹൃത്തുക്കളാണെന്നാണ് പരാതി. ജോര്‍ജിനെ ഒഴിവാക്കി കൊണ്ട് മുന്നോട്ടു പോകാനായിരുന്നു ഐ ജി യുടെ ആദ്യ തീരുമാനം. അതിനിടയിലാണ് ശ്രീജിത്തും ജോര്‍ജും തമ്മിലുള്ള ബന്ധം മരിച്ച ശ്രീജിത്തിന്റെ വീട്ടുകാര്‍ പരസ്യമാക്കിയത്. ഐ ജി ശ്രീജിത്തിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മരിച്ച യുവാവിന്റെ വീട്ടുകാര്‍ പറഞ്ഞു. അതോടെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഐ ജി നിര്‍ബന്ധിതനായെന്നാണ് വിവരം.
പക്ഷേ ജോര്‍ജ് ശ്രീജിത്തിനെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചു എന്നാരും വിശ്വസിക്കുന്നില്ല. അങ്ങനെ സംഭവിക്കാന്‍ സാധ്യതയുമില്ല. അതു കൊണ്ട് തന്നെ കൊലകേസില്‍ എസ്പി പ്രതിയാകാന്‍ സാധ്യതയില്ല. എന്നാല്‍ നിയമ വിരുദ്ധമായ അറസ്റ്റിന് നടപടി നേരിടേണ്ടി വരും. എസ്പിക്കെതിരെ ഒരാഴ്ചക്കുള്ളില്‍ അച്ചടക്ക നടപടി വരുമെന്നാണ് കേള്‍ക്കുന്നത്.
ജോര്‍ജിന് ഇത്തരമൊരു ദുരന്തം ഉണ്ടായതു കണ്ട് ചിരിക്കുന്നത് നടന്‍ ദിലീപാണ്. ദിലീപിനെ ജോര്‍ജ് ചോദ്യം ചെയ്ത ആലുവ പോലീസ് ക്ലബിലാണ് ജോര്‍ജിനെ ഐ ജി ചോദ്യം ചെയ്തത്. ദിലീപിന് സമാനമായി മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ദൈവഹിതം എന്നല്ലാതെ എന്താണ് പറയേണ്ടത്.ദിലീപിനെ പോലെ ജോര്‍ജും പൊതുജനമധ്യത്തില്‍ തലകുനിച്ച് നില്‍ക്കുന്നു. ജോര്‍ജിനെ തൊട്ടില്ലെങ്കില്‍ സര്‍ക്കാരിന് നാണകേടാകും.. ജോര്‍ജ് കുറ്റക്കാരനല്ലെങ്കില്‍ തന്നെ അയാളെ പ്രതിയാക്കേണ്ടി വരും. ഇല്ലെങ്കില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ രക്ഷിച്ചതായി ആരോപണം ഉയരും. അത് പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ ഇമേജ് വീണ്ടും തകര്‍ക്കും.
https://www.facebook.com/Malayalivartha