ടൂറിസം വിപണിയില്‍ തരംഗമായി കേരള ട്രാവല്‍ മാര്‍ട്ട് 2024; ബയര്‍ രജിസ്ട്രേഷനില്‍ സര്‍വകാല റെക്കോര്‍ഡ്: ആകെ രജിസ്ട്രേഷന്‍ 2500 കടന്നു...
സെപ്റ്റംബറില്‍ നടക്കുന്ന പന്ത്രണ്ടാമത് കേരള ട്രാവല്‍ മാര്‍ട്ടിന് രാജ്യത്തിനകത്തും പുറത്തുമുള്ള വിപണിയില്‍ വമ്പന്‍ പ്രതികരണം. ചരിത്രത്തിലാദ്യമായി കെടിഎമ്മിലെ ബയര്‍ രജിസ്ട്രേഷന്‍ 2500 കടന്നു. കെടിഎമ്മിന്‍റെ 24 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ആകെ ബയര്‍ രജിസ്ട്രേഷന്‍ 2500 കടക്കുന്നത്. സെപ്തംബര്‍ 26 മുതല്‍ 29 വരെ വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് മാര്‍ട്ട് നടക്കുന്നത്. കെടിഎം 2024 ലെ ബിസിനസ് സെഷനുകള്‍ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നടക്കും.
2018 ലാണ് ഇതിനു മുമ്പ് ഏറ്റവുമധികം ബയര്‍ രജിസ്ട്രേഷന്‍ രേഖപ്പെടുത്തിയിരുന്നത്. അന്ന് വിദേശ-ആഭ്യന്തര ബയര്‍മാര്‍ 1305 ആയിരുന്നു. ഇക്കുറി ആഭ്യന്തര ബയര്‍ രജിസ്ട്രേഷന്‍ മാത്രം 1800 ഓളമെത്തി. വിദേശ ബയര്‍മാര്‍ 708 ആണ്. രജിസ്ട്രേഷന്‍ അടുത്ത മാസം വരെയുള്ള സാഹചര്യത്തില്‍ ബയര്‍ പ്രതിനിധികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് കണക്കു കൂട്ടുന്നത്.
73 രാജ്യങ്ങളില്‍ നിന്നായി ഇതു വരെ 708 വിദേശ ബയര്‍മാരാണ് കെടിഎഎം 2024 നായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുകെ(58), യുഎസ്എ(48), ഗള്‍ഫ്(54), യൂറോപ്പ്(216), റഷ്യ(30), പൂര്‍വേഷ്യ(100) എന്നിവിടങ്ങളില്‍ നിന്നുള്ള ഉജ്ജ്വല പ്രതികരണത്തിന് പുറമേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍(41) നിന്ന് അഭൂതപൂര്‍വമായ രജിസ്ട്രേഷനാണ് വരുന്നത്.
മഹാരാഷ്ട്ര(521), ഡല്‍ഹി(302) ഗുജറാത്ത്(238) എന്നിവിടങ്ങളില്‍ നിന്നാണ് ആഭ്യന്തര ബയര്‍മാര്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാര്‍ട്ടിലെ സ്റ്റാളുകള്‍ക്കായി 334 പേരാണ് ഇതുവരെ താല്പര്യപത്രം നല്‍കിയിരിക്കുന്നത്. എട്ട് വിഭാഗങ്ങളിലായാണ് ഇക്കുറി സ്റ്റാളുകള്‍ ക്രമീകരിക്കുകയെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ് പറഞ്ഞു. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്‍റെ പൂര്‍ണ സഹകരണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്പൂര്‍ണ ഡിജിറ്റല്‍ വിപ്ലവവുമായാണ് കെടിഎം 2024 ന്‍റെ നടത്തിപ്പെന്ന് കെടിഎം സൊസൈറ്റി സെക്രട്ടറി എസ് സ്വാമിനാഥന്‍ പറഞ്ഞു. ബിടുബി കൂടിക്കാഴ്ചകളും മാര്‍ട്ടിന്‍റെ നടത്തിപ്പും സുഗമമാക്കിയിരുന്ന സോഫ്റ്റ്വെയര്‍ പരിഷ്കരിച്ചിട്ടുണ്ട്. കൂടാതെ ആദ്യമായി കെടിഎം മൊബൈല്‍ ആപ്പും ഇക്കുറിയുണ്ടാകും. ഹരിതമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
2022 ല്‍ നടന്ന പതിനൊന്നാമത് കേരള ട്രാവല്‍ മാര്‍ട്ടില്‍ 55,000 ലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് മൂന്ന് ദിവസം കൊണ്ട് നടന്നത്. രാജ്യത്തിനകത്തു നിന്നും 900 പേരും വിദേശത്ത് നിന്നും 234 പേരുമടക്കം 1134 ബയര്‍മാര്‍ കെടിഎമ്മിനെത്തി. 302 സെല്ലര്‍ സ്റ്റാളുകളാണ് കെടിഎം -2022 ല്‍ ഉണ്ടായിരുന്നത്.
സെപ്തംബര്‍ 22 മുതല്‍ 26 വരെ പ്രീ-മാര്‍ട്ട് ടൂര്‍ നടക്കും. മാധ്യമപ്രവര്‍ത്തകര്‍, വ്ളോഗര്‍മാര്‍, ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്നിവര്‍ക്കാണ് പ്രീ-മാര്‍ട്ട് ടൂര്‍ നടക്കുന്നത്. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ നാല് വരെ മാര്‍ട്ടിനെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട ബയര്‍മാരെ ഉള്‍പ്പെടുത്തി പോസ്റ്റ് മാര്‍ട്ട് ടൂറുകളും ഉണ്ടാകും.
വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ സംസ്ഥാനത്തിന് കൂടുതല്‍ പ്രാധാന്യം കെടിഎമ്മിലുണ്ടാകും. ആഗോള സമ്മേളനങ്ങള്‍ക്ക് ആതിഥ്യമരുളുന്ന മൈസ് ടൂറിസം(എംഐസിഇ-മീറ്റിംഗ്സ് ഇന്‍സെന്‍റീവ്സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ്) വിഭാഗത്തിലും കൂടുതല്‍ പ്രധാന്യം കെടിഎമ്മില്‍ കൈവരും. ജി20 ഉച്ചകോടിയുടെ അനുബന്ധ സമ്മേളനം കുമരകം, കോവളം എന്നിവിടങ്ങളില്‍ നടത്തിയത് ഈ ദിശയില്‍ വലിയ സാധ്യത തുറന്നു നല്‍കിയിട്ടുണ്ട്.
2000-മാണ്ടില്‍ സ്ഥാപിതമായ കെടിഎം സൊസൈറ്റിയാണ് രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് നടത്തുന്നത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ളതും അന്താരാഷ്ട്ര പ്രതിനിധികളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ളതുമായ ടൂറിസം സമ്മേളനമാണിത്.
https://www.facebook.com/Malayalivartha