മലയാളി വാര്‍ത്ത.
നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ഒഴിവാക്കാനാകാത്തതാണ് പച്ചക്കറികള്‍ പണ്ട് പാടത്തും പറമ്പിലും ആയി ആവശ്യമുളളതെല്ലാം നാം വിളയിച്ചിരുന്നു. കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായിരുന്ന നാം ജീവിത നിലവാരം മെച്ചപ്പെട്ടതോടെ കൃഷിയെ പൂര്‍ണമായും ഉപേക്ഷിച്ചു. നഗരവത്‌ക്കരണവും കൃഷിയെ ഉപേക്ഷിക്കാന്‍ ഒരു കാരണമായി. ഫ്‌ളാറ്റ് സമുച്ചയങ്ങളിലേക്ക് കുടിയേറിയ നമുക്ക് കൃഷി ചെയ്യാന്‍ സ്ഥലവും തിരക്ക് ഏറിയതോടെ സമയവും ഇല്ലാതായി. കൂടാതെ കൃഷിപ്പണിക്ക് ആളെ കിട്ടാതായതും കൃഷിച്ചെലവുകള്‍ ഏറിയതും കൃഷിയെ ഉപേക്ഷിക്കാന്‍ മലയാളികളെ പ്രേരിപ്പിച്ചു.
കൃഷിയോടുളള ഈ തിരസ്‌ക്കരണത്തിന് നാം വന്‍വിലയാണ് ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. മാരകവിഷമുളള കീടനാശിനികള്‍ തളിച്ച പച്ചക്കറികള്‍ വന്‍ വിലകൊടുത്ത് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങി നാം ഭക്ഷിക്കുന്നു. ഇതിലൂടെ മാരകരോഗങ്ങളും നമ്മില്‍ കുടിയേറി.
ഇതില്‍ നിന്നെല്ലാം രക്ഷ നേടാനുളള ഒറ്റമൂലിയാണ് അടുക്കളത്തോട്ടം എന്ന ആശയം. വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും ഉദ്യോഗസ്ഥകള്‍ക്കും എല്ലാം ഇതില്‍ പങ്കാളിയാകാം.വിശാലമായ പറമ്പുകള്‍ ഇന്ന് അന്യമായെങ്കിലും നമ്മുടെ വീടിന്റെയോ ഫ്‌ളാറ്റിന്റെയോ അല്‍പ്പസ്ഥലത്തോ, ടെറസിലോ ഒക്കെ നമുക്ക് അടുക്കളത്തോട്ടം നിര്‍മിക്കാനാകും. അതിലൂടെ നമുക്ക് ആവശ്യമായ അല്‍പ്പ വിഭവങ്ങള്‍ ഉത്‌പാദിപ്പിച്ചെടുക്കാം. പണച്ചെലവ് അധികം ഇല്ലാതെ തന്നെ. വീട്ടിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഇതില്‍ പങ്കാളിയാകാം. അതിലൂടെ മനസിനും ശരീരത്തിനും ഉണര്‍വും ഉന്‍മേഷവും ലഭിക്കും.