വയല്‍ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുന്നവര്‍ക്ക് ഇനി 'റോയല്‍റ്റി'
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി വയല്‍ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുന്നവര്‍ക്കു പാരിതോഷികമായി വര്‍ഷത്തില്‍ നിശ്ചിത തുക റോയല്‍റ്റി ലഭിക്കും. കൃഷിചെയ്താലും ഇല്ലെങ്കിലും വയല്‍ നിലനിര്‍ത്തുന്നവര്‍ക്കാണ് ഈ സഹായം. റോയല്‍റ്റി നല്‍കാന്‍ 40 കോടി രൂപ അനുവദിച്ചു. ഏഷ്യയില്‍ ആദ്യമാണ് ഇത്തരമൊരു സംരംഭം.
കുറഞ്ഞ സ്ഥലമുള്ളവര്‍ക്ക് ആനുപാതികമായ തുക കിട്ടും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ. കൃഷ്ണന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ തയാറാക്കിയ കാര്‍ഷിക വികസന നയത്തിലാണ് ഈ റോയല്‍റ്റി എന്ന നിര്‍ദേശം ആദ്യം അവതരിപ്പിച്ചത്. വയല്‍ നിലനിര്‍ത്തുന്നവര്‍ പരിസ്ഥിതിക്കു നല്‍കുന്ന സംഭാവന വിലമതിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.
കൃഷിഭവന്‍ അടിസ്ഥാനമാക്കിയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 2 ലക്ഷം ഹെക്ടര്‍ വയലിന്റെ ഉടമകള്‍ക്കു റോയല്‍റ്റി ലഭിക്കും. ഒരു ഹെക്ടറിന് 2000 രൂപ നല്‍കുമെന്ന് കൃഷിവകുപ്പ് ഡയറക്ടര്‍ പറഞ്ഞു.
പ്രശസ്തമായ സാലിം അലി ഫൗണ്ടേഷന്റെ വയല്‍ സംരക്ഷണ റോയല്‍റ്റി നിര്‍ദേശം കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. ഹെക്ടറിന് 1000 രൂപ മതിയെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും തുകയും ഭൂപരിധിയും ഇപ്പോഴാണ് നിശ്ചയിക്കുന്നത്.
കുളങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, ചതുപ്പ്, കണ്ടല്‍ക്കാടുകള്‍ എന്നിവ സംരക്ഷിക്കുന്നവര്‍ക്കും നയത്തില്‍ ആനുകൂല്യം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും വയല്‍കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. വയല്‍ പാട്ടത്തിനു കൊടുത്താലും ഉടമക്ക് പാരിതോഷികം ലഭിക്കും.
ഒരു സെന്റ് വയലിന്റെ പരിസ്ഥിതി മൂല്യം ലോകപ്രശസ്തമായ നേചര്‍ മാഗസിന്റെ പഠനമനുസരിച്ച് ശരാശരി 39,200 രൂപയാണ്. വയല്‍ നിലനില്‍ക്കുന്നതിലൂടെ ജലവിതാനം നിലനിര്‍ത്തല്‍, വേനലിന്റെ ആഘാതം കുറക്കല്‍, ജൈവവൈവിധ്യ സംരക്ഷണം, വെള്ളത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തല്‍, പ്രളയം തടയല്‍ തുടങ്ങി 24 ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് മൂല്യനിര്‍ണയം. പദ്ധതി മാതൃകയാണെങ്കിലും തുക തീരെ കുറവാണെന്നാണ് പരിസ്ഥിതി,സാമ്പത്തിക വിദഗ്ധരുടെ വിലിരുത്തല്‍. മൊത്തം മൂല്യത്തിന്റെ 15 % തുകയെങ്കിലും നല്‍കണം.
https://www.facebook.com/Malayalivartha