ആഫ്രിക്കന്‍ ഒച്ചിനെ ഇങ്ങനെ പ്രതിരോധിക്കാം
കോഴിക്കോട് ജില്ലയുടെ വിവിധ മേഖലകളിലെ കൃഷിയിടങ്ങളില്‍ അച്ചാറ്റിന ഫ്യൂളിക്ക എന്ന ശാസ്ത്രീയ നാമത്തിലുള്ള ആഫ്രിക്കന്‍ ഒച്ച് ശല്യം വര്‍ധിക്കുന്നു. ഈ ഒച്ച് തെങ്ങ്, വാഴ, റബര്‍, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറി എന്നീ വിളകള്‍ നശിപ്പിക്കുന്നുണ്ട്. മതില്‍, ചുമര്‍ എന്നിവയില്‍ പറ്റിപ്പിടിച്ചു കഴിയാനാവുന്ന ഇവ സിമന്റ്, പ്ലാസ്റ്റര്‍ ഓഫ് പാരിസ് തുടങ്ങിയവയും ഒച്ചുകള്‍ ഭക്ഷിക്കും.
ഇവയുടെ പ്രജനന കാലം മഴക്കാലമാണ്. ഒരു ഒച്ച് 500 മുതല്‍ 900 വരെ മുട്ടകള്‍ ഇടുമെന്നതിനാല്‍ കൃഷിയിടത്തില്‍ പെട്ടെന്ന് പെരുകാന്‍ കാരണമാകും. 5 വര്‍ഷം വരെ ജീവിക്കുന്ന ഒച്ച് ആന്‍ജിയോസ്‌ട്രോങ്കൈലസ് എന്ന പരാദ വിരയുടെ വാഹകര്‍ ആയതിനാല്‍ ഇവയെ കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറ ധരിക്കണം. ഉപ്പ് വിതറുന്നത് മണ്ണിന്റെ ഘടനയെ പ്രതികൂലമായി ബാധിക്കും. ഇവയെ നിയന്ത്രിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ് ഡോ.കെ.കെ.ഐശ്വര്യ അറിയിച്ചു.
തോട്ടത്തിനു ചുറ്റുമായി 10 ഗ്രാം തുരിശ് ഒരു ലീറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചുള്ള ലായനി തളിച്ചാല്‍ വിളകള്‍ സംരക്ഷിക്കാന്‍ കഴിയും.നനഞ്ഞ ചാക്കില്‍ ചീയുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ വച്ച് ഒച്ചിനെ ആകര്‍ഷിച്ച് പെറുക്കിയെടുത്ത് നശിപ്പിക്കാന്‍ സാധിക്കും. ഇവയെ കൂട്ടത്തോടെ ആകര്‍ഷിക്കാന്‍ കൃഷിയിടത്തില്‍ ഒരടി താഴ്ചയില്‍ കുഴിയെടുത്ത് 500 ഗ്രാം ആട്ടപ്പൊടി,200 ഗ്രാം ശര്‍ക്കര,യീസ്റ്റ് എന്നിവ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി ഒരു ദിവസം പുളിയ്ക്കുന്നതിന് വച്ച ശേഷം കുഴിയില്‍ നിക്ഷേപിച്ചാല്‍ ഒച്ചുകള്‍ കൂട്ടത്തോടെ കുഴിയിലേക്ക് എത്തും. തുരിശ് ലായനി,പുകയിലച്ചാറ് എന്നിവ തളിച്ച് ഒച്ചിനെ പ്രതിരോധിക്കാം.
https://www.facebook.com/Malayalivartha