കറിക്കായയ്ക്ക് സാബാ വാഴ
കറി ആവശ്യത്തിന് ഉപയോഗിക്കുന്നതിനുള്ള വാഴക്കായയ്ക്കായി തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മുന്തിയ ഇനം വാഴയാണ് സാബാ.
പന്ത്രണ്ട് മാസംകൊണ്ടാണ് മൂപ്പെത്തുന്നതെങ്കിലും മുപ്പത് മുതല്‍ മുപ്പത്തഞ്ച് കിലോഗ്രാം വരെ തൂക്കമുള്ള വലിയ കുല ഇതിന്റെ മേന്മയാണ്. 125 ഗ്രാം ശരാശരി ഭാരമുള്ള 170 മുതല്‍ 200 കായകള്‍ ഒന്‍പതോ പത്തോ പടലകളിലായി ഇതില്‍ ഉണ്ടാകുന്നു. കുറ്റിവാഴകൃഷിക്ക് അനുയോജ്യമായ ഇനമാണ് ഇത്. അതിനാല്‍ കന്നുകള്‍ പിരിക്കാതെ തുടര്‍ച്ചയായി മൂന്നു പ്രാവശ്യം വിളവെടുക്കാമെന്നതിനാല്‍ സമയവും അധ്വാനവും ഉത്പാദനച്ചെലവും പരമാവധി കുറയ്ക്കാം. മൂന്നു കുലകളും ഏതാണ്ട് ഒരേ തൂക്കത്തില്‍ ലഭിക്കുകയും ചെയ്യുന്നു. ആദ്യത്തേത് 12 മാസമെടുക്കുമെങ്കിലും പിന്നീടുള്ള കുലകള്‍ ആറുവീതം മാസംകൊണ്ട് മൂപ്പെത്തുന്നതിനാല്‍ രണ്ടര വര്‍ഷംകൊണ്ട് മൂന്നു കുലകള്‍ ലഭിക്കുന്നു.
മൊന്തന്‍, ചക്കവാഴ, ഹോണ്ടുറാസ് ഫിയ, ഏത്തവാഴ എന്നിവയും കറി ആവശ്യത്തിന് ഉപയോഗിക്കുന്നുവെങ്കിലും കൂടുതല്‍ മൃദുത്വവും തൊലിയുള്‍പ്പെടെ നന്നായി വേവുന്നതും ഇതിനെ വ്യത്യസ്തമാക്കുന്നു. എന്നാല്‍ കൂടുതല്‍ അളിയുന്ന അവസ്ഥയിലുള്ളതും തൊലി കട്ടികൂടിയതുമായതിനാല്‍ പഴം ഗുണകരമല്ല.
രണ്ടടി വീതം നീളവും വീതിയും ഒരടി ആഴവുമുള്ള കുഴിയെടുത്താണ് നടുന്നത്. തീരദേശപ്രദേശങ്ങളിലെ പൂഴിമണ്ണില്‍ ആഴം രണ്ടടിയാക്കുന്നത് ഉചിതമായിരിക്കും. ഒരാഴ്ച മുമ്പ് തയ്യാറാക്കിയ കുഴിയില്‍ 250 ഗ്രാം കുമ്മായം വിതറുകയും അടിവളമായി 250ഗ്രാം എല്ലുപൊടിയും 500ഗ്രാം വേപ്പിന്‍പിണ്ണാക്കും 10കി.ഗ്രാം ഉണക്കച്ചാണകവും ചേര്‍ക്കുന്നു. നട്ട് രണ്ടില വന്നശേഷം 100 ഗ്രാം വീതവും നാല്പത് ദിവസത്തിനുശേഷം 200 ഗ്രാം വീതവും അറുപത് ദിവസം കഴിയുമ്പോള്‍ 300 ഗ്രാം വീതവും എന്‍.പി.കെ. 18:18:18 രാസവളം ചേര്‍ക്കുന്നു. തടി ഇടയ്ക്കിടെ വൃത്തിയാക്കുകയും ആവശ്യത്തിന് നനയ്ക്കുകയും വേണം. നാലുദിവസം കൂടുമ്പോള്‍ നനയ്ക്കുന്ന വെള്ളത്തില്‍ ചാണകസ്ലറി ചേര്‍ത്ത് വളപ്രയോഗം ശക്തിപ്പെടുത്തുന്നു.
സാമാന്യം നല്ല പൊക്കവും വണ്ണവുമുള്ള വാഴയിനമാണ് ഇത്. മാണ (തട) ത്തിന് മൂന്നു മുതല്‍ മൂന്നര മീറ്റര്‍ ഉയരവും മുക്കാല്‍ മീറ്റര്‍ വണ്ണവുമുള്ള ഇതിന്റെ ഇലകള്‍ക്ക് നല്ല പച്ച നിറമാണ്. കുല വന്നാല്‍ കവുങ്ങ്, മുള എന്നിവ ഉപയോഗിച്ച് താങ്ങ് നല്‍കണം. ഫിലിപൈന്‍സില്‍ നിന്നുള്ള വാഴയിനമായ സാബയാണ് നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്ന വിധത്തില്‍ വികസിപ്പിച്ചെടുത്തത്.
ഉയര്‍ന്ന രോഗപ്രതിരോധശേഷിയുള്ള ഈ ഇനം ഇലപ്പുള്ളിരോഗം, വാട്ടം തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷിയുള്ളതാണ്. കുറഞ്ഞ മഴ ലഭിച്ചാല്‍ തന്നെയും ഇടയ്ക്കിടെയുള്ള നനയിലൂടെ ദീര്‍ഘകാലത്തെ വരള്‍ച്ചയെ അതിജീവിക്കാന്‍ ഇതിന് കഴിയും.
https://www.facebook.com/Malayalivartha