പാഴ് വസ്‌തുക്കളില്‍ നിന്ന് കമ്പോസ്റ്റ് നിര്‍മ്മിക്കാം
ജൈവവസ്‌തുക്കള്‍ അഴുകിചേര്‍ന്ന് ജൈവവളമായി മാറുന്നതാണ് കമ്പോസ്റ്റ്. കൃഷിയിടത്തിലെ പാഴ് വസ്‌തുക്കള്‍ ശേഖരിച്ച് മഴകൊളളാത്ത സ്ഥലത്ത് കൂട്ടിയിട്ട് അഴുകിപ്പൊടിഞ്ഞാല്‍ ഏല്ലാ കാര്‍ഷികവിളകള്‍ക്കും അനുയോജ്യമായ ഒന്നാം തരം കമ്പോസ്റ്റ് വളമായി. പാഴ് വസ്‌തുക്കള്‍ക്കൊപ്പം പച്ചച്ചാണകം കൂടി ഒരോ നിരയ്‌ക്കിടവിട്ട് ചേര്‍ത്തുകൊടുത്താല്‍ സൂക്ഷമജീവികളുടെ പ്രവര്‍ത്തനത്താല്‍ അഴുകല്‍ പ്രക്രീയ സജീവമാകും. നല്ല വായുസഞ്ചാരം കിട്ടുന്നതിന് ജൈവവസ്‌തുക്കളുടെ കൂന ഇടയ്‌ക്കിടെ ഇളക്കിമറിച്ചുകൊടുക്കണം. ഈര്‍പ്പം കുറയുന്നതിനനുസരിച്ച് നനച്ചുകൊടുക്കണം. മൂന്ന് മാസം കൊണ്ട് നല്ല പൊടിപരുവത്തിലുളള ചെടികള്‍ക്ക് എളുപ്പം ആഹരിക്കാന്‍ കഴിയുന്ന ഉത്തമ വളമായിത് മാറും.
പറമ്പില്‍ കുഴിയുണ്ടാക്കിയും കമ്പോസ്റ്റ് നിര്‍മിക്കാം. പാഴ് വസ്‌തുക്കളുടെ ലഭ്യതയനുസരിച്ച് കുഴിയുടെ വലിപ്പം നിശ്ചയിക്കാവുന്നതാണ്. എന്നാല്‍ ആഴം ഒരു മീറ്ററില്‍ ആധികമാകരുത്. ജൈവവസ്‌തുക്കള്‍ കുഴികളില്‍ നിക്ഷേപിക്കുന്നതോടൊപ്പം ഇടയ്‌ക്കിടെ പച്ചച്ചാണകം കുഴിയില്‍ തളിച്ചുകൊടുക്കുന്നത് അണുജീവികളുടെ പ്രവര്‍ത്തനം ത്വരപ്പെടുത്തും. കുഴി നിറഞ്ഞുകഴിഞ്ഞാല്‍ നന്നായി നനച്ചുകൊടുക്കണം. മുകള്‍ഭാഗം നല്ലതുപോലെ ചെളിക്കുഴച്ച് പൊതിയണം. ഉളളിലേക്ക് വായു പ്രവേശിക്കുന്നത് തടയാനാണിത് പാഴ് വസ്‌തുക്കള്‍ രണ്ടുമൂന്നുമാസം കൊണ്ടുതന്നെ കമ്പോസ്റ്റായിമാറും.
കുഴിയില്ലാതെയും കമ്പോസ്റ്റ് തയ്യാറാക്കാം. പാഴ് വസ്‌തുക്കള്‍ ഒരിടത്ത് കൂട്ടിയിട്ട് ഭാഗികമായി അഴുകുന്നതിന് ആദ്യമേ അനുവദിക്കണം. ഒരു വലിയ കൂനയുണ്ടാക്കാന്‍ വേണ്ടത്ര പാഴ് വസ്‌തുക്കളായിക്കഴിഞ്ഞാല്‍ ചാണകക്കുഴമ്പ് തളിക്കുക. അതിനുമുകളില്‍ ചെറിയൊരു നിര മേല്‍മണ്ണ് വീണ്ടും പാഴ് വസ്‌തുക്കള്‍, ചാണകം, മണ്ണ് എന്ന രീതിയില്‍ മുഴുവന്‍ പാഴ് വസ്‌തുക്കളും അടുക്കിക്കഴിഞ്ഞാല്‍ നന്നായി നനച്ചുകൊടുക്കുക.
പിന്നീട് മണ്ണുകൊണ്ട് ചെളികുഴച്ച് പൊതിയുക. ഉളളിലേക്ക് വായു പ്രവേശിക്കാത്തവിധം വേണം ഇതു ചെയ്യാന്‍. ദിവസങ്ങള്‍ക്കുളളില്‍ പാഴ് വസ്‌തുക്കള്‍ ദഹിച്ചുകിട്ടും. രണ്ടുമാസം കൊണ്ട് ഒന്നാന്തരം കമ്പോസ്റ്റായി മാറും. ജൈവകൃഷിയിലേക്ക് ചുവടുമാറ്റം നടത്തുമ്പോള്‍ വന്‍ വിലകൊടുത്ത് ചാക്കില്‍ വരുന്ന ജൈവവളങ്ങള്‍ വാങ്ങി ഉപയോഗിക്കാതെ ഒരോ കൃഷിയിടങ്ങളിലേക്കും ആവശ്യമായ ജൈവവളം അതതു സ്ഥലങ്ങളില്‍ത്തന്നെ ലഭ്യമായ ജൈവാവശിഷ്‌ടങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കാന്‍ കഴിയണം.
https://www.facebook.com/Malayalivartha