നെല്‍കൃഷിയിലെ പട്ടാളപ്പുഴു ആക്രമണം പ്രതിരോധിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കൃഷി വകുപ്പ്
വയനാട് ജില്ലയിലെ മീനങ്ങാടി, അമ്പലവയല്‍, നൂല്‍പ്പുഴ, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളിലെ നെല്‍വയലുകളില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണം നേരിടുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കൃഷിവകുപ്പ് രംഗത്തെത്തി. കൃഷി വകുപ്പിലെയും കാര്‍ഷിക സര്‍വകലാശാലയിലേയും വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സംഘം പാടങ്ങള്‍ സന്ദര്‍ശിച്ച് പട്ടാളപ്പുഴുവിന്റെ ആക്രമണം ഉണ്ടെന്ന് ഉറപ്പ് വരുത്തിയാണ് കര്‍ഷകര്‍ക്ക് നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നല്‍കുന്നത്.ഇതോടൊപ്പം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പട്ടാളപ്പുഴുവിന്റെ ആക്രമണം വ്യാപിക്കാതിരിക്കാന്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും കൃഷിവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.
പുഞ്ചപ്പാടങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന പട്ടാളപുഴുവിന്റെ ശലഭത്തിന് തവിട്ട് നിറമായിരിക്കും. ഇവ ഇലകളെയും ചെറിയ നെല്‍ചെടികളുടെ ചുവടു ഭാഗവും തിന്നു നശിപ്പിക്കും. മഴ കഴിഞ്ഞുള്ള ചൂട് നിറഞ്ഞ കാലവസ്ഥയാണ് പട്ടാളാപ്പുഴുവിന് വളരാന്‍ അനുയോജ്യമായത്. ഇവ രാത്രി സഞ്ചാരികളാണ്. പകല്‍ സമയത്ത് പാടത്തെ മണ്‍കട്ടകളുടെയും മറ്റും ഇടയില്‍ ഒളിഞ്ഞിരിക്കുന്ന പുഴുക്കള്‍ രാത്രി കാലങ്ങളില്‍ ചെടിയെ മുഴുവന്‍ തിന്ന് നശിപ്പിക്കുകയും ശേഷം അടുത്ത സ്ഥലത്തേക്ക് പോവുകയും ചെയ്യും. വരണ്ട നെല്‍വയലുകളില്‍ പുഴുവിന്റെ പ്യൂപ്പ മണ്ണിലോ നെല്‍ചെടിയുടെ അടിയിലോ കാണപ്പെടുന്നു. എന്നാല്‍ വെള്ളകെട്ടുകളുള്ള വയലുകളിലെ വരമ്പുകളിലാണ് ഈ പുഴുക്കളെ കാണാന്‍ കഴിയുന്നത്. നെല്‍ചെടിയുടെ എല്ലാ ഘട്ടങ്ങളിലും ഈ പുഴുവിന്റെ ആക്രമണം കാണപ്പെടുന്നു.വളരെ പെട്ടന്ന് തന്നെ വംശവര്‍ദ്ധനവ് നടക്കുന്ന ഒരു വിഭാഗമാണ് പട്ടാളപ്പുഴു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
1) നെല്‍വയലുകളില്‍ കളകള്‍ വ്യാപിക്കാതെ നോക്കുക.
2) വയലുകളില്‍ രാത്രി സമയത്ത് വെള്ളം കെട്ടി നിര്‍ത്തുന്നതും കൊയ്ത്തിന് പാകമായി കൊണ്ടിരിക്കുന്ന വയലുകളില്‍ വെള്ളം കയറ്റിയിറക്കുന്നതും അനുയോജ്യമാണ്.
3) അസറ്റാഫ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് തളിക്കുക/ കൊറാജന്‍ 3 മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് തളിക്കുക/ തക്കുമി 2 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് തളിക്കുക.
4) മരുന്ന് തളിക്കുമ്പോള്‍ സ്‌പ്രെയറുകളില്‍ ഫ്‌ലഡ്ജറ്റ് നോസിലുകള്‍ ഉപയോഗിച്ച് നെല്‍ച്ചെടികളുടെ ചുവടോടു ചേര്‍ത്ത് മരുന്ന് തളിക്കേണ്ടതാണ്.പരാഗണം നടക്കുന്ന സമയങ്ങളില്‍ മരുന്ന് യാതൊരു കാരണവശാലും കതിരില്‍ വീഴുവാന്‍ ഇടയാകരുത്.
5)കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ കുറ്റികള്‍ കത്തിക്കുന്നതിലൂടെയും പട്ടാളപ്പുഴുവിന്റെ ലാര്‍വകളെ നശിപ്പിക്കാന്‍ കഴിയുന്നതാണ്.
പ്രാരംഭ ഘട്ടങ്ങളില്‍ ജൈവമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം.
അതാത് കൃഷിഭവനുകളില്‍ നിന്നും കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കും.
https://www.facebook.com/Malayalivartha