ഇനി കരിമ്പിന്‍ ജ്യൂസും ബോട്ടിലില്‍
വഴിയോരത്തു മാത്രം ലഭിച്ചിരുന്ന കരിമ്പിന്‍ ജ്യൂസ് ഇനി അടച്ച ബോട്ടിലുകളിലും ലഭ്യമാകും. കരിമ്പിന്‍ ജ്യൂസ് നാലുമാസക്കാലത്തോളം അടച്ച കുപ്പികളില്‍ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യ മൈസൂരുവിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (സി.എഫ്.ടി.ആര്‍.ഐ.) വികസിപ്പിച്ചെടുത്തു. സംസ്ഥാനത്തെ കരിമ്പ് കര്‍ഷകരുടെ ആവശ്യപ്രകാരമാണ് ഏറെ നാളത്തെ ശ്രമഫലമായി സി. എഫ്.ടി.ആര്‍.ഐ. സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. രാജ്യത്ത് ഇതാദ്യമായാണ് കരിമ്പിന്‍ ജ്യൂസ് കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്.
കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ കുപ്പികളിലടച്ച ജ്യൂസ് വിപണിയില്‍ ലഭ്യമാക്കാനാണ് ശ്രമമെന്ന് സി.എഫ്.ടി.ആര്‍.ഐ. അധികൃതര്‍ പറഞ്ഞു. കരിമ്പ് വ്യവസായത്തില്‍ ഇത് വന്‍ മാറ്റങ്ങള്‍ക്കു വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം മൈസൂരുവില്‍ നടന്ന കരിമ്പു കര്‍ഷകര്‍ക്കായുള്ള പഠനക്ലാസില്‍ ഈ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിച്ചു.
മറ്റെല്ലാ ജ്യൂസുകളും കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുമെങ്കിലും കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് ഏറിയതിനാലും അമ്ലത്വം കുറവായതിനാലും കരിമ്പിന്‍ ജ്യൂസ് ഏറെസമയം സൂക്ഷിക്കാന്‍ സാധിക്കില്ല. എന്നാല്‍ സി. എഫ്. ടി.ആര്‍.ഐ. വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതിക വിദ്യയിലൂടെ അമ്ലത്വം കൂട്ടുകയും കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുകയും ചെയ്യാന്‍ സാധിക്കും. ബോട്ടിലില്‍ അടയ്ക്കുന്നതിനു മുന്‍പ് ജ്യൂസ് പ്രത്യേക രീതിയില്‍ ആവിയില്‍ ചൂടാക്കും. കരിമ്പിന്‍ തണ്ട് വേര്‍തിരിച്ചെടുക്കാനും ജ്യൂസ് നിര്‍മ്മിക്കാനുമുള്ള പ്രത്യേക ഓട്ടോമാറ്റിക് യന്ത്രങ്ങള്‍ സി. എഫ്.ടി. ആര്‍.ഐ.നിര്‍മ്മിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha