വെര്‍ട്ടിക്കല്‍ നെറ്റ് ഫാമിങ്\'
സ്ഥലമില്ലാത്തതിന്റെ പേരില്‍ വീട്ടുവളപ്പില്‍ പച്ചക്കറി നട്ടുപിടിപ്പിക്കാന്‍ കഴിയില്ലെന്നു വിലപിക്കുന്നവരുണ്ട് . അവര്‍ക്കായിതാ പുതിയ ഒരു രീതി നടപ്പില്‍ വരുന്നു. അതാണ് \'വെര്‍ട്ടിക്കല്‍ നെറ്റ് ഫാമിങ്\' . ഇത് സ്ഥലപരിമിതിയെ മറികടക്കും. വല ഉപയോഗിച്ച് ലംബമായി പന്തല്‍ പച്ചക്കറികള്‍ വളര്‍ത്തി വിളവെടുക്കാവുന്ന രീതിയാണിത്. ഈ രീതിയില്‍ പാവല്‍, കുരുത്തോലപ്പയര്‍, പടവലം, വെള്ളരി, കോവല്‍, നിത്യവഴുതന തുടങ്ങിയവയെല്ലാം കൃഷിചെയ്യാം.
കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന പ്ലാസ്റ്റിക് വലകള്‍ ഇതിനായി ഉപയോഗിക്കാം. മീന്‍പിടിത്ത മേഖലയിലാണെങ്കില്‍ വലിയ വിലയൊന്നും കൊടുക്കാതെ പഴയ വലകള്‍ കിട്ടും. 10 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള വലകളാണ് നല്ലത്. കോണ്‍ക്രീറ്റ് തറയോ, ടൈല്‍സ് പാകിയ തറയോ ആണെങ്കില്‍ ചട്ടിയിലോ പ്ലാസ്റ്റിക് ചാക്കിലോ ഗ്രോബാഗിലോ ചെടി നട്ട് വള്ളി വീശുമ്പോള്‍ ലംബമായി കെട്ടിയ വലയിലേക്ക് കയറ്റിവിടാം. രണ്ടോ മൂന്നോ വല കെട്ടി പന്തല്‍ ഇനങ്ങള്‍ വളര്‍ത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അതിനിടയില്‍ പടരാത്ത ഇനം പച്ചക്കറികളും നട്ടുവളര്‍ത്താം.
നല്ല വിത്തും ജൈവവളവും ജൈവ കീടനാശിനിയും ഉപയോഗിച്ചാല്‍ നല്ല വിളവ് ലഭിക്കും. ഒരു വീട്ടിലേക്ക് സ്ഥിരമായി ആവശ്യമുള്ള പയര്‍, പാവല്‍, പടവലം ചീര, മുളക്, വഴുതന, വെണ്ട, ചെറിയ കുമ്പളം, കോവല്‍, ചുരക്ക എന്നിവ കുറഞ്ഞ സ്ഥലത്തുനിന്ന് ഉത്പാദിപ്പിക്കാം.
https://www.facebook.com/Malayalivartha