ഔഷധസസ്യമായ തഴുതാമ
കേരളത്തില്‍ പ്രമേഹരോഗികള്‍ വര്‍ദ്ധിച്ചു വരികയാണ്. ആയുര്‍വേദത്തിന്റെ നാട് ജീവിതശൈലീരോഗങ്ങളുടെ നാടായി മാറിയതിന് പ്രധാനകാരണം നമ്മുടെ ഭക്ഷണരീതിയില്‍ വന്ന മാറ്റമാണ്. ഒരുകാലത്ത് നിത്യവും ഉപയോഗിച്ചിരുന്ന പല ഔഷധസസ്യങ്ങളും ഇന്ന് നമ്മള്‍ പാടേ മറന്നു. ഇലക്കറിയായും ഔഷധമായും ഉപയോഗിച്ചിരുന്ന പുനര്‍നവയെന്ന തഴുതാമ കാലത്തിന്റെ ഒഴുക്കില്‍ പൂര്‍ണമായും തമസ്‌കരിക്കപ്പെട്ടുപോയ ഔഷധസസ്യമാണ്.
മൂത്രാശയരോഗങ്ങള്‍ക്കും വൃക്കരോഗങ്ങള്‍ക്കും തഴുതാമയോളം പോന്ന മറ്റൊരു ഔഷധമില്ല. പ്രമേഹം നശിപ്പിച്ച വൃക്കയുടെ നവീകരണത്തിന് തഴുതാമവേര് ഇടിച്ചുപിഴിഞ്ഞ നീര് അത്യുത്തമം. വൃക്കയുടെ പ്രധാന പണിയായ അരിക്കല്‍ പ്രക്രിയ പുനര്‍നവ എളുപ്പമാക്കും. അമിതവണ്ണത്തിനും മഞ്ഞപ്പിത്തത്തിനും കരള്‍രോഗങ്ങള്‍ക്കും തഴുതാമയെ തഴയാനാവില്ല. സമൂലം ഇടിച്ചുപിഴിഞ്ഞ നീര് ശരീരത്തെ നവീകരിക്കുന്നതിന് പ്രാപ്തമായതുകൊണ്ടാണ് തഴുതാമയെ സംസ്‌കൃതത്തില്‍ പുനര്‍നവയെന്ന് വിളിക്കുന്നത്.
ദിവസവുമുള്ള ഭക്ഷണത്തില്‍ തഴുതാമ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ഉണര്‍വേകും. സമൂലം ഇടിച്ചുപിഴിഞ്ഞ ചാറ് മാത്രമായോ മറ്റ് ജ്യൂസുകള്‍ക്കൊപ്പം ചേര്‍ത്തോ ഇലകള്‍ മറ്റ് പച്ചക്കറികള്‍ക്കൊപ്പം ചേര്‍ത്ത് തോരനായോ തഴുതാമ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.ചാലുകളില്‍ ചാണകപ്പൊടി ചേര്‍ത്ത് തഴുതാമയുടെ തണ്ടുകള്‍ നടാം. വേനല്‍ക്കാലത്ത് നനച്ചുകൊടുക്കണം. ദിവസങ്ങള്‍ക്കുള്ളില്‍ തഴുതാമ പടര്‍ന്നുവളരും.
https://www.facebook.com/Malayalivartha