പച്ചക്കറിയുടെ രക്ഷകനായ ബ്യൂവേറിയ കുമിള്‍
പച്ചക്കറികൃഷിയിലെ പുതിയ രക്ഷകനാണ് ബ്യൂവേറിയ. നീണ്ട ശത്രുനിരയെ ആക്രമിച്ച് നശിപ്പിക്കാനുള്ള കഴിവാണ് ബ്യൂവേറിയയുടെ പ്രത്യേകത. ബ്യൂവേറിയ ബാസിയാന എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ വെളുത്ത കുമിള്‍ രാസകീടനാശിനികള്‍ക്ക് പോലും അപ്രാപ്യമായ തണ്ടുതുരപ്പനെയും കായതുരപ്പനെയും നശിപ്പിക്കാന്‍ മിടുക്കനാണ്. ചിതലിനെയും വെള്ളീച്ചയേയും ഇവന്‍ തുരത്തും. പച്ചക്കറിയില്‍ ബ്യൂവേറിയ തളിച്ചുകൊടുക്കുന്ന പണി മാത്രമേ കര്‍ഷകനുള്ളൂ. പ്രശ്‌നക്കാരനായ പുഴുവിന്റെ ശരീരത്തില്‍ തുളച്ചുകയറി മദിച്ചുവളര്‍ന്ന് നശിപ്പിക്കുന്ന പ്രവൃത്തി ബ്യൂവേറിയ ഏറ്റെടുക്കും. പുഴുവിന്റെ ശവശരീരത്തില്‍ നിന്നും പുറത്തിറങ്ങുന്ന ബ്യൂവേറിയ പുഴുവിന്റെ അടുത്ത തലമുറയെയും നശിപ്പിക്കുമെന്നത് ഈ മിത്രകുമിളിന്റെ മാത്രം പ്രത്യേകത.
വെണ്ടയിലും വഴുതനയിലും പ്രധാന പ്രശ്‌നമാണ് കായും തണ്ടും തുരക്കുന്ന പുഴുക്കള്‍. ഇവയുടെ ആക്രമണം മൂലം ഇളംതണ്ട് വാടി തൂങ്ങുന്നു. പുഴുക്കള്‍ കായ്കളില്‍ ദ്വാരം ഉണ്ടാക്കി ഉള്‍ഭാഗം തിന്ന് നശിപ്പിക്കും.
രണ്ടാഴ്ച ഇടവിട്ട് 20 ഗ്രാം ബ്യൂവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി തളിച്ച് പുഴുവിനെ നിലയ്ക്ക് നിര്‍ത്താം. വെള്ളരി, കുമ്പളം, മത്തന്‍ തുടങ്ങിയ വെള്ളരിവര്‍ഗ വിളകളുടെ പ്രധാന ശത്രുവാണ് മത്തന്‍വണ്ട്. ഇലയില്‍ ദ്വാരമുണ്ടാക്കിക്കൊണ്ടാണ് ആക്രമണം തുടങ്ങുക. എന്നാല്‍ പുഴുക്കള്‍ വേരുതുളച്ച് ഉള്ളില്‍ കയറുന്നതോടെ വെള്ളരി പൂര്‍ണമായും ഉണങ്ങും. 20 ഗ്രാം ബ്യൂവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി ഉപയോഗിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ തടം കുതിര്‍ക്കണം.
കയ്പയുടെ ഇലയുടെ അടിഭാഗത്ത് കാണുന്ന ആമവണ്ടും മഞ്ഞ നിറത്തിലുള്ള പുഴുക്കളും ഹരിതകം കാര്‍ന്നുതിന്ന് അരിപ്പപോലെയാക്കും. ഇവിടെയും ബ്യൂവേറിയ തളിച്ച് കയ്പയെ രക്ഷിക്കാം. ഇല ചുരുട്ടിപ്പുഴുവിനെ പിടിക്കാനുള്ള ഒന്നാന്തരം ജൈവിക കീടനിയന്ത്രണമാര്‍ഗമാണ് ബ്യൂവേറിയ പ്രയോഗം. ചിതല്‍ശല്യമുണ്ടെങ്കില്‍ 20 ഗ്രാം ബ്യൂവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ മണ്ണ് കുതിര്‍ക്കണം. കൃഷിവകുപ്പിന്റെ ബയോകണ്‍ട്രോള്‍ ലാബില്‍ നിന്ന് കിലോഗ്രാമിന് 50 രൂപാനിരക്കില്‍ ബ്യൂവേറിയ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04872374605
https://www.facebook.com/Malayalivartha