പടവലത്തിന്റെ വളര്‍ച്ച നിലയ്ക്കുന്നില്ല...
അവണൂര്‍ പഞ്ചായത്തില്‍ കാരോര്‍ പ്രദേശത്തുള്ള ഒരു തോട്ടത്തില്‍ പടവലത്തിന്റെ വളര്‍ച്ച നിലയ്ക്കുന്നില്ല. ആളുയരം കഴിഞ്ഞും നീണ്ടു വളരുകയാണ്. കയ്യെത്തും ഉയരത്തില്‍ പന്തല്‍ ഉയര്‍ത്തി വളര്‍ച്ചയ്ക്ക് സൗകര്യമൊരുക്കി. എന്നിട്ടും വളര്‍ച്ച നിലയ്ക്കുന്നില്ല. ഇപ്പോള്‍ മണ്ണില്‍ കിടന്നാണ് നീണ്ടു വളരുന്നത്.
മോഹനന്‍ എന്ന കര്‍ഷകന്റെ തോട്ടത്തിലാണ് മനം കുളിര്‍ക്കുന്ന ഈ കാഴ്ച. ഈ തോട്ടത്തില്‍ പടവലത്തിന്റെ നീളം ശരാശരി നാലടി മുതല്‍ അഞ്ചടി വരെയാണ്. ഇതില്‍ പറിക്കാറായ രണ്ട് പടവലമാണ് തറയിലേക്ക് തൂങ്ങി വളര്‍ച്ച തുടരുന്നത്.
തൃശൂര്‍ നഗരത്തില്‍ ഓട്ടോ ഡ്രൈവറായിരുന്ന മോഹനന്‍ രണ്ട് വര്‍ഷം മുന്‍പാണ് തന്റെ മേഖല കൃഷിയാണെന്ന് തിരിച്ചറിഞ്ഞത്. ക്ഷീര കര്‍ഷകനായാണ് തുടക്കം. പാല്‍ വില്‍ക്കുന്നതോടൊപ്പം ചാണകം ഉപേയാഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പതുക്കെ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. ആദ്യം സ്വന്തമായുള്ള 20 സെന്റ് സ്ഥലത്ത് തുടങ്ങി. നിറയെ വിളവും അധ്വാനത്തിന് പ്രതിഫലമായി പണവുമായപ്പോള്‍ ഈ മേഖലയിലും തൊഴില്‍ ചെയ്ത് ജീവിക്കാമെന്ന ആത്മവിശ്വാസമായി.
അയല്‍വാസികളുടെ തരിശുഭൂമി പാട്ടത്തിനെടുത്ത് ഇപ്പോള്‍ കൃഷിയിറക്കുന്നു. പടവലത്തിനു പുറമെ പയറും പാവയ്ക്കായും ചീരയും ബീന്‍സും കൃഷി ചെയ്യുന്നുണ്ട്.ഓരോ സീസണിലും 4,000 നേന്ത്രവാഴകളാണ് മോഹനന്‍ വയ്ക്കുന്നത്.
പച്ചക്കറികള്‍ക്ക് ജൈവവളങ്ങള്‍ മാത്രമാണ് ചേര്‍ക്കുന്നത്. അതുകൊണ്ടു തന്നെ മോഹനന്റെ വിളവിന് നാട്ടില്‍ വന്‍ ഡിമാന്‍ഡാണ്. നാട്ടുകാര്‍ക്കുള്ള വില്‍പന വീട്ടില്‍ വച്ച് നടത്തും. അവശേഷിക്കുന്നവ നാട്ടിലെ തന്നെ പച്ചക്കറി കടകളില്‍ വില്‍പനക്കെത്തിക്കും.
https://www.facebook.com/Malayalivartha