തടവറയിലെ ഒത്തൊരുമ; ജയിലാകെ ഹരിതകാന്തിയില്‍
കണ്ണൂരിലെ സ്‌പെഷല്‍ സബ് ജയിലില്‍ ഒരുസംഘം റിമാന്‍ഡ് തടവുകാരും കാര്‍ഷിക വൃത്തിയില്‍ തത്പരരായ ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തടവറയ്ക്ക് ഉത്സവമായി. കഴിഞ്ഞ രണ്ടു മാസമായി ജയില്‍ വളപ്പിലും തടവുകാര്‍ താമസിക്കുന്ന തടവറയുടെ ടെറസിലും വിവിധതരം പച്ചക്കറികള്‍ നട്ടുനനയ്ക്കുകയായിരുന്നു. പടവലവും തക്കാളിയും കാബേജും കോളിഫ്‌ളവറുമെല്ലാം വളര്‍ന്നു വിളഞ്ഞു ജയിലാകെ ഇപ്പോള്‍ ഹരിതകാന്തിയിലാണ്.
വിളവെടുപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം സബ്ജയില്‍ അങ്കണത്തില്‍ ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. ജയില്‍ അന്തേവാസികള്‍ക്കു വിഷവിമുക്ത പച്ചക്കറി നല്‍കണമെന്ന ചിന്തയില്‍ പുഴാതി കൃഷി വകുപ്പിന്റെ സഹായത്തോടെയാണു ജയില്‍ അധികൃതര്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. ഒരു ലക്ഷത്തോളം രൂപ കൃഷിവകുപ്പ് അനുവദിച്ചു. 150 കിലോഗ്രാം പച്ചക്കറി ഇതിനകം വിളവെടുത്തു കഴിഞ്ഞു. തടവുകാര്‍ താമസിക്കുന്ന തടവറയുടെ ടെറസില്‍ 350 ഓളം ബാഗുകളിലായി കാബേജും കോളിഫ്‌ളവറും തക്കാളിയും കൃഷിചെയ്തപ്പോള്‍ മൂന്നേക്കറോളം വരുന്ന ജയില്‍വളപ്പില്‍ പടവലവും പീച്ചിലും പയറും പച്ചമുളകും വഴുതിനയും ചീരയും വെണ്ടയും കൃഷിയിറക്കി.
https://www.facebook.com/Malayalivartha