ചീര വിത്ത് മുളപ്പിച്ചും പാകാം
തുറസ്സായ കൃഷിയിടങ്ങളില്‍ മഴക്കാലത്ത് ചീരക്കൃഷി വളരെ പ്രയാസമേറിയ പ്രവൃത്തിയാണ്. ചീരക്കൃഷിയിലെ പ്രധാന പ്രശ്‌നമെന്തെന്ന് ചോദിച്ചാല്‍ പാകിയ വിത്തിന്റെ ഭൂരിഭാഗവും ഉറുമ്പുകള്‍ കൊണ്ടുപോകുന്നു, ചീര വിത്തുകള്‍ മുളച്ചുവരുന്ന സമയത്ത് തന്നെ ധാരാളം കളകളും മുളച്ചുവരുന്നു, മണ്ണിലടങ്ങിയ പോഷകങ്ങള്‍ കളകള്‍ കൈയടക്കുകയുെ ചെയ്യും. വിത്തുകളുടെ നഷ്ടമൊഴിവാക്കാന്‍ കൃഷിയിടത്തിന്റെ അതിരുകളില്‍ കീടനാശിനി പ്രയോഗിക്കുകയോ അരിപ്പൊടി വിതറുകയോ ചെയ്യുകയാണ് പ്രതിവിധി. ജൈവകൃഷിയിലേക്കുള്ള പ്രയാണത്തില്‍ കീടനാശിനി പ്രയോഗത്തിന് പ്രസക്തിയില്ലാതായി. അരിപൊടി തിന്ന് കൃഷിയിടത്തിലേക്കെത്തുന്ന ഉറുമ്പുകളും സജീവമായി. ഇത്തരത്തില്‍ കൃഷി മോശമായി. ഇതില്‍ നിന്നും മോചനമേകാന്‍ വേറൊരു മാര്‍ഗ്ഗമിതാ.
കൃഷിയിടങ്ങളില്‍ കളശല്യം ഒരു പരിധിവരെ കുറയ്ക്കുന്നതിനും വിത്ത് പരമാവധി കൃഷിയോഗ്യമാക്കുന്നതിനും ഈ രീതി സഹായകരമാണ്. ഒരു സെന്റ് സ്ഥലത്തേക്കാവശ്യമുള്ള വിത്തിന്റെ അളവ് നാല് ഗ്രാമാണ്. നമ്മുടെ കൃഷിയിടത്തിന്റെ വിസ്തൃതിക്കനുസരിച്ച് വിത്തളവ് കണ്ടെത്തുക. വിത്തുകള്‍ വാങ്ങിക്കുമ്പോള്‍ കാലാവധി കഴിഞ്ഞവ ഒഴിവാക്കി പുതിയ വിത്തുകള്‍ വാങ്ങണം. വാങ്ങിയ ചീരവിത്ത് 20 ഗ്രാം / മി.ലി. സ്യൂഡോമോണാസ് ഒരു ലിറ്റര്‍ ക്രമത്തില്‍ ലയിപ്പിച്ച ലായനിയില്‍ വെള്ള പരുത്തിത്തുണിയില്‍ കെട്ടി മുക്കിവെക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് തുണിക്കെട്ട് നീക്കം ചെയ്ത് പളുങ്ക് ഭരണിയിലോ വെള്ള പ്ലാസ്റ്റിക് ഭരണിയിലോ ഇട്ട് പാത്രം മൂടി വെക്കുക. 23 ദിവസത്തിനകം വിത്തുകള്‍ മുളച്ചുവരും. വേരുകള്‍ തുണിക്ക് പുറത്തേക്ക് വരും. ഈ സമയത്ത് പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിപ്പാകാം.
പാകാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി പരുവപ്പെടുത്തി സെന്റ് ഒന്നിന് 100 കി.ഗ്രാം ഉണക്കച്ചാണകപ്പൊടിയോ ജൈവവളമോ ചേര്‍ത്ത കൃഷിയിടത്തിലേക്ക് വിത്ത് പാകാം. തുണി കെട്ടഴിച്ച് വേരുകള്‍ കെട്ടുപിണഞ്ഞിരിക്കുന്നവ സാവധാനം കൈകൊണ്ട് മാറ്റണം. ഇങ്ങിനെ വേര്‍തിരിക്കുമ്പോള്‍ അല്പാല്പം വേരുകള്‍ പൊട്ടിയെന്നുവരാം. ഇത് കാര്യമാക്കേണ്ടതില്ല.
https://www.facebook.com/Malayalivartha