ഹരിതഭംഗിയാര്‍ന്ന താഴമ്പൂക്കള്‍
നാട്ടിന്‍പുറത്തെ പുഴക്കരയിലും തോട്ടുവരമ്പിലുമൊക്കെ ഇടതൂര്‍ന്ന് വളര്‍ന്നിരുന്ന കൈതയെ കണ്ടിട്ടില്ലേ. കേരളത്തിന്റെ ജൈവ വൈവിധ്യപ്പെരുമയിലെ വഴിയോരക്കാഴ്ചയാണ് കൈതച്ചെടി.
തീരപ്രദേശങ്ങളിലാണ് ഇത് കൂട്ടമായി വളര്‍ന്നിരുന്നത്. ഊന്നുവേരുകള്‍ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന തടിയുടെ അഗ്രഭാഗത്തായി കൂട്ടംകൂടി ക്രമീകരിച്ചിരിക്കുന്ന ഇലകള്‍ നിറഞ്ഞ ഈ സവിശേഷ സസ്യം ആറ്റിറമ്പിലെ ഹരിതഭംഗിയായിരുന്നു. \'ആറ്റുകൈത\' എന്നും \'സ്‌ക്രൂപൈന്‍\' എന്നും ഇതിന് പേരുണ്ട്.
രണ്ടുമീറ്റര്‍വരെ ഉയരത്തില്‍ ഇത് വളരും. മുള്ളരികുകളോടെ, വീതികുറഞ്ഞ് ഏതാണ്ട് അരമീറ്റര്‍ നീളമുള്ള കൈതയിലകള്‍ നാരുസമൃദ്ധമാണ്. കൈതയോലയുടെ മുള്ളുകളഞ്ഞ് ഉണക്കിയെടുക്കുന്നതാണ് \'തഴ\'.
കൈതയോലകൊണ്ട് നെയ്‌തെടുക്കുന്ന തഴപ്പായയ്ക്ക് എന്നും വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. പായ, കുട്ട, വട്ടി, തൊപ്പി, കുട നിര്‍മാണത്തിനും പുരമേയാനും കൈതയോല ഉപയോഗിക്കുന്നു. കൈതയുടെ ആണ്‍പൂക്കള്‍ക്ക് സ്വര്‍ണമഞ്ഞനിറവും നല്ല വാസനയുമാണ്. ചെറുതും വലുതുമായ കൂട്ടങ്ങളായി ഇലയിടുക്കുകളിലാണ് ഇവ തലനീട്ടുക. ആണ്‍പൂങ്കുലകളെ പൊതിഞ്ഞിരിക്കുന്ന മഞ്ഞനിറം കലര്‍ന്ന ഇലപോലുള്ള ഭാഗമാണ് സുപരിചിതമായ \'താഴമ്പൂ\'. ഇതില്‍നിന്ന് പരിമളതൈലം വേര്‍തിരിച്ചെടുക്കുന്നു.
തെക്കുകിഴക്കന്‍ ഏഷ്യയിലും ശ്രീലങ്കയിലും ഇത് വാണിജ്യവിളയാണ്. ഇവിടെ മാതൃസസ്യത്തില്‍നിന്ന് വേരോടെ വേര്‍പെടുത്തിയെടുക്കുന്ന കന്നുകള്‍ മൂന്നുമുതല്‍ ആറുമീറ്റര്‍വരെ അകലത്തില്‍ നട്ടുപിടിപ്പിക്കുന്നു. ചെടി പൂക്കാന്‍ നാലഞ്ചുവര്‍ഷം വേണം. 40-50 വര്‍ഷംവരെ പുഷ്പിക്കും. ഒരുവര്‍ഷം ഒരു ചെടിയില്‍നിന്ന് 50 പൂക്കള്‍വരെ കിട്ടും.
ഒരാണ്‍പൂവ് വിളയാന്‍ 15 ദിവസം വേണം. അതിരാവിലെയാണ് പൂക്കളിറുക്കേണ്ടത്. ശേഖരിക്കുന്ന പൂക്കള്‍ രാവിലെ വലിയ ചെമ്പുപാത്രത്തിലാക്കി പുഷ്പതൈലം വേര്‍തിരിക്കാന്‍ സ്വേദനത്തിന് വിധേയമാക്കുന്നു. 60 ലിറ്റര്‍ വെള്ളം നിറച്ച ചെമ്പുപാത്രത്തില്‍ ഒരുസമയം ആയിരം പൂക്കള്‍ 45 മണിക്കൂര്‍കൊണ്ട് സ്വേദനം നടത്തിയെടുക്കാന്‍ കഴിയും.
ഈ തൈലം അമൂല്യവും അത്തര്‍ നിര്‍മാണത്തില്‍ അവിഭാജ്യ ചേരുവയുമാണ്. കൈതയോലയ്ക്കും താഴമ്പൂവിനും ഇതര ഉപയോഗങ്ങളുമേറെ. പാചകാവശ്യത്തിന് നമുക്ക് കറിവേപ്പിലയും വിദേശികള്‍ക്ക് വാനിലയുംപോലെയാണ് മലേഷ്യന്‍ പാചകത്തില്‍ കൈതയോല. ചോറ്, കറി, പുഡ്ഡിങ് ഇവയ്ക്ക് സുഗന്ധം പകരാന്‍ ഇത് ഉപയോഗിക്കുന്നു. വാഴയിലയില്‍ പൊതിഞ്ഞ് മീന്‍ പൊള്ളിക്കുന്നതുപോലെ കൈതയോലയില്‍ പൊതിഞ്ഞ് മലേഷ്യയിലും ഇന്‍ഡൊനീഷ്യയിലും മീനും കോഴിയിറച്ചിയും ഒക്കെ പൊള്ളിച്ചും ഗ്രില്‍ചെയ്തും ഉപയോഗിക്കാറുണ്ട്.
https://www.facebook.com/Malayalivartha