മുയലിനെ കൊല്ലാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
മുയല്‍വളര്‍ത്തല്‍ കാര്‍ഷികവൃത്തിയായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കാര്‍ഷികവൃത്തിയല്ലാത്തതിനാല്‍ മുയലുകളെ കൊല്ലാന്‍ ഇന്ത്യയിലെ നിയമം അനുവദിക്കുന്നില്ലെന്നും കേന്ദ്ര കൃഷിസഹമന്ത്രി ലോക്‌സഭയെ അറിയിച്ചു.
മുയലിനെ കൊല്ലുന്നത് നിരോധിച്ചുകൊണ്ട് കേരള വന്യജീവി സംരക്ഷണവകുപ്പ് മൂന്നുമാസംമുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച് വ്യക്തതയാവശ്യപ്പെട്ടുകൊണ്ടുള്ള ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് പോത്ത്, ആട്, പന്നി, കന്നുകാലികള്‍, കോഴി, മല്‍സ്യം എന്നിവയെ മാത്രമേ ഭക്ഷണാവശ്യത്തിനായി കൊല്ലാന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
മുയല്‍വളര്‍ത്തല്‍ കാര്‍ഷികവൃത്തിയായി പരിഗണിച്ച് സംസ്ഥാനസര്‍ക്കാര്‍ ഒട്ടേറെ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്. കേരളത്തിലെ കാര്‍ഷികമേഖലയില്‍ പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകളില്‍ വീടുകള്‍ കേന്ദ്രീകരിച്ചും സഹകരണാടിസ്ഥാനത്തിലും മുയല്‍കൃഷി വ്യാപകമാണ്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിലപാട് ഈ മേഖലയിലെ ആയിരക്കണക്കിന് കര്‍ഷകരെ വിപരീതമായി ബാധിക്കും.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതികളായ മുട്ടഗ്രാമം, ആടുഗ്രാമം എന്നിവപോലെ മുയല്‍ഗ്രാമം പദ്ധതികളും സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. സഹകരണസംഘങ്ങള്‍ വഴിയും സന്നദ്ധസംഘടനകള്‍ വഴിയും മുയല്‍വളര്‍ത്തല്‍ പദ്ധതികള്‍ക്ക് ധനസഹായവും നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha