കുളവാഴയില്‍ നിന്ന് കാലിത്തീറ്റ
കൃഷിക്കും ജലഗതാഗതത്തിനും തടസ്സമാണെന്ന് പഴിക്കുന്ന ജലാശയങ്ങളിലെ കുളവാഴ ഇനി ക്ഷീരകര്‍ഷകര്‍ക്ക് അനുഗ്രഹമാകും. കുളവാഴ ശാസ്ത്രീയമായി സംസ്‌കരിച്ച് കാലിത്തീറ്റയാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് ആര്‍പ്പൂക്കരയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമായി.
പദ്ധതി വിജയിച്ചാല്‍ ജലാശായങ്ങളിലെ കുളവാഴ ഇല്ലാതാകുന്നതിനൊപ്പം കാലിത്തീറ്റയുടെ അമിത വിലയില്‍നിന്ന് കര്‍ഷകര്‍ക്ക് രക്ഷനേടുകയും ചെയ്യാം.മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കുളവാഴ ശേഖരിച്ച് സംസ്‌കരിച്ച് കാലിത്തീറ്റയാക്കുന്ന പദ്ധതി പിണഞ്ചിറക്കുഴിയിലാണ് ആരംഭിച്ചത്. ആര്‍പ്പൂക്കര\'കിടാരി ഗ്രാമം ആക്കുന്ന പദ്ധതിയുടെ ഭാഗമായി ഇവിടത്തെ 50 കര്‍ഷകരുടെ 50 കിടാവുകള്‍ക്ക് ഈ കുളവാഴ കാലിത്തീറ്റ നല്‍കിവളര്‍ത്തി ഇതിന്റെ വളര്‍ച്ചാനിരക്ക് പരിശോധിക്കും.
തുടര്‍ന്ന് വാണിജ്യ അടിസ്ഥാനത്തില്‍ വിപണിയില്‍ എത്തിക്കാനാണു ലക്ഷ്യം.വളരെ കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള കാലിത്തീറ്റ കര്‍ഷകര്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ വെറ്ററിനറി ആശുപത്രിയിലെ ഡോ. പി. ബിജുവാണ് മൃഗസംരക്ഷണ വകുപ്പില്‍ ഇത്തരത്തിലൊരു പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ച് അംഗീകാരം നേടിയത്.
കുളവാഴ ഏറെ ഗുണമേന്മയുള്ള തീറ്റയാണെങ്കിലും ഇതിന്റെ പ്രത്യേകതരം നാറ്റം മൂലം മിക്ക കന്നുകാലികളും ഇതു തിന്നാറില്ല. ഇവ സംസ്‌കരിച്ച് നാറ്റം ഇല്ലാതാക്കി അമ്‌ളഗുണം നാലു ശതമാനമാക്കി കുറച്ചാണ് സംസ്‌കരിക്കുന്നത്.ഇതു സംസ്‌കരിച്ച് കാലിത്തീറ്റയാക്കി മാറ്റിയാല്‍ കന്നുകാലികള്‍ ഇതു തിന്നുമെന്നു കണ്ടതിനെതുടര്‍ന്നാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചതെന്ന് ഡോ.ബിജു പറഞ്ഞു. പദ്ധതി വിജയകരമായാല്‍ നിലവില്‍ ലഭിക്കുന്ന കാലിത്തീറ്റയുടെ മൂന്നിലൊന്ന് വിലയ്ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ വിപണിയില്‍ ലഭ്യമാക്കാനാകും.
കന്നുകാലികളുടെ ആരോഗ്യത്തിനും കൂടുതല്‍ പാലിനും കുളവാഴകൊണ്ട് തയ്യാറാക്കുന്ന കാലിത്തീറ്റ ഉത്തമമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിദേശ രാജ്യങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ ആശയമാണിത്. കുടുംബശ്രീപ്രവര്‍ത്തകരുടെ സഹകരണത്തോടെ പിണഞ്ചിറക്കുഴി തോട്ടില്‍ നിന്ന് കുളവാഴകള്‍ ശേഖരിക്കുന്നത്.
ആദ്യം ഇതിന്റെ വേര് നീക്കംചെയ്യും പിന്നീട് ഇലയും തണ്ടും ഒരു ഇഞ്ച് നീളത്തില്‍ അരിയും. രണ്ടു ദിവസം വെയിലത്ത് ഇട്ട് 80%ജലാംശം ഇല്ലാതാക്കും. തുടര്‍ന്ന്ഇതില്‍ ശര്‍ക്കര, ചോളപ്പൊടി, ഉപ്പ് എന്നിവ നിശ്ചത അനുപാതത്തില്‍ ചേര്‍ത്ത് ഇളക്കി വലിയ പ്‌ളാസ്റ്റിക് ജാറുകളില്‍ പരമാവധിചവിട്ടി ഒതുക്കി വായു കടക്കാത്ത വിധം അടച്ചുവയ്ക്കും. 12 ദിവസത്തിനുശേഷം ഇവ പുറത്തെടുത്ത് കാലികള്‍ക്ക് നല്‍കാം. എത്രനാള്‍ വേണമെങ്കിലും സൂക്ഷിച്ചുവയ്ക്കാം.
https://www.facebook.com/Malayalivartha