ജൈവകൃഷിയിലും അന്യ സംസ്ഥാന തൊഴിലാളികള്‍ മാതൃകയാകുന്നു
മലയാളികളുടെ മടിമാറ്റി ശുദ്ധ പച്ചക്കറി കഴിക്കാന്‍ പ്രേരിപ്പിക്കുകയാണ് കമ്പനിമെട്ടയില്‍ ഏതാനും അന്യസംസ്ഥാന തൊഴിലാളികള്‍. വൈദ്യുത തൂണുകള്‍ നിര്‍മിക്കുന്ന പിക്കോസിലെ തൊഴിലാളികളായ ബംഗാളികളും ഒഡിഷക്കാരുമായ 10 പേരടങ്ങുന്ന സംഘംനാടന്‍ കൃഷിരീതിയില്‍ പുതിയ അധ്യായം രചിക്കുകയാണ്.
പൂര്‍ണമായും ജൈവവളം ഉപയോഗിച്ചുള്ള കൃഷിക്ക് നേതൃത്വം നല്‍കുന്നത് അന്യസംസ്ഥാന തൊഴിലാളികളായ ഗൗതം, മഹാദേവന്‍,ബാബു, വിശ്വജിത്ത്, പൂര്‍ണേന്ദു, ബിശു തുടങ്ങിയവരാണ്.അന്യ സംസ്ഥാന തൊഴിലാളികളുടെ ഉല്‍സാഹം കണ്ടപ്പോള്‍ തദ്ദേശീയരായ ഏതാനും തൊഴിലാളികളും ഇവര്‍ക്കൊപ്പം കൃഷിയില്‍ സജീവമായി.കമ്പനിയുടെ കൈവശമുള്ള കാടുമൂടി കിടന്ന 35 സെന്റ് സ്ഥലമാണ് എസ്‌കവേറ്റര്‍ ഉപയോഗിച്ചു കാടു മാറ്റി കൃഷിയോഗ്യമാക്കിയത്.
ചീര, പയര്‍, വെണ്ട, കയ്പ്പ, പൊട്ടിക്ക എന്നിവയാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. പിണറായി സര്‍വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണ കേരളം പദ്ധതിയിലെ വിത്താണ് വിതച്ചത്. കമ്പനിയിലെ ഇടവേളകളിലാണ് ഇവര്‍ കൃഷിക്ക് ഇറങ്ങുന്നത്. വിളവെടുത്തപ്പോള്‍ നാട്ടുകാര്‍ പോലും അദ്ഭുതപ്പെട്ടു പോയി. ദിവസവും അര ക്വിന്റല്‍ ചീരയാണ് ഇവിടെ കൊയ്യുന്നത്. 180 തൊഴിലാളികളുള്ള പിക്കോസ് കന്റീനില്‍ ഭക്ഷണം ഒരുക്കുന്നതിന് ശുദ്ധമായ പച്ചക്കറി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.
ഇപ്പോള്‍ കന്റീനിലെ ഉപയോഗം കഴിഞ്ഞ് അധികമായി വരുന്ന പച്ചക്കറി കമ്പനി തൊഴിലാളികള്‍ക്കും തൊട്ടടുത്ത വീട്ടുകാര്‍ക്കും ന്യായവിലയ്ക്ക് നല്‍കുകയാണ് അന്യസംസ്ഥാനതൊഴിലാളികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha