മേല്‍ശാന്തിയുടെ മട്ടുപ്പാവില്‍ വിളയുന്നത് മധുരമൂറും പഴങ്ങള്‍
മട്ടുപ്പാവിലെ പഴന്തോട്ടത്തില്‍ ആരേയും മോഹിപ്പിക്കുന്ന പഴങ്ങള്‍ വിളയിച്ച് കൈതാരം പഴങ്ങാട്ടുവെളി സ്വദേശി പ്രദീപ് ശര്‍മ. മാതള നാരങ്ങയും മധുര മാമ്പഴങ്ങളും മുസമ്പിയും ഇലന്തിപ്പഴവുമൊക്കെ വിളഞ്ഞു നില്‍ക്കുന്നത് ആഹ്ലാദകരമായ കാഴ്ചയാണ്. 1200 ചതുരശ്ര അടിയോളം വിസ്തീര്‍ണമുള്ള മട്ടുപ്പാവിലെ തോട്ടത്തില്‍ വിവിധയിനം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്നു. എല്ലാം ജൈവ രീതിയില്‍ നട്ടുവളര്‍ത്തിയിട്ടുള്ളവ. പഴച്ചെടികള്‍ എല്ലാം തന്നെ ബഡ്ഡ് ചെയ്ത ഇനമാണ്. നീലം, വെങ്ങനപ്പിള്ളി, സോണിയ, ആപ്പൂസ്, കോശേരി, നിത്യമാമ്പഴം എന്നിവയാണ് മാമ്പഴ ഇനത്തില്‍ ഉള്ളത്. നാല് തരത്തിലുള്ള ചാമ്പക്ക, സപ്പോട്ട, വിവിധയിനം പേരക്കകള്‍, ചൈനീസ് ഓറഞ്ച്, റമ്പുട്ടാന്‍ അങ്ങനെ പോകുന്നു പഴച്ചെടികള്‍.
പ്രദീപ് ശര്‍മയുടെ പച്ചക്കറിത്തോട്ടവും സമൃദ്ധമാണ്. തക്കാളി, അച്ചിങ്ങ, വഴുതന, വിവിധയിനം മുളകുകള്‍, ചെറുനാരങ്ങ, ബഡ്ഡ് ചെയ്ത പുളി എന്നിങ്ങനെ എല്ലാം തന്നെയുണ്ട്. നൂറോളം ബോണ്‍സായ് ചെടികളും പ്രദീപിന്റെ കൃഷിയിടത്തിലുണ്ട്്. ജൈവ വളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. വേപ്പില പിണ്ണാക്കും കപ്പലണ്ടി പിണ്ണാക്കും ചാണകവും ചേര്‍ത്ത മിശ്രിതമാണ് പ്രധാന വളം. വേപ്പില പിണ്ണാക്കും കപ്പലണ്ടി പിണ്ണാക്കും തുല്യ അളവില്‍ എടുത്ത് ഇരട്ടി ചാണകവും അല്പം എല്ലുപൊടിയും കൂട്ടി മിശ്രിതം ഉണ്ടാക്കുന്നു. ഇത് വെള്ളത്തില്‍ ചേര്‍ത്ത് ബക്കറ്റില്‍ ഒരാഴ്ച െവയ്ക്കും. എല്ലാ ദിവസവും ബക്കറ്റിലെ മിശ്രിതം കലക്കി കൊടുക്കണം. ഏഴാം ദിവസം മിശ്രിതത്തിന്റെ തെളി ഊറ്റി ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കും. പ്രധാന വളവും ഇതുതന്നെ. പുഴു ശല്യത്തില്‍ നിന്ന് രക്ഷനേടാന്‍ ജൈവ കീടനാശിനി ഉപയോഗിക്കുന്നു.
സ്യൂഡോമോണോസ് 20 മില്ലിയില്‍ ഒരു ലിറ്റര്‍ വെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്യുകയാണ് പതിവ്. ജൈവ കീടനാശിനിയായ ബ്യൂവേറിയയും ഉപയോഗിക്കുന്നുണ്ട്. ഫംഗസ് ബാധയ്ക്കും ഇത് ഉപയോഗിക്കുന്നു. രാവിലെ രണ്ട് മണിക്കൂര്‍ നനയ്ക്കുകയും ചെയ്യും. ഇത് മുടക്കാറില്ലെന്നും പ്രദീപ് ശര്‍മ പറഞ്ഞു.ഭാര്യ സംഗീതയും മക്കളായ ഗോപികയും ദേവികയും സഹായത്തിനുണ്ടാകും. തൃക്കപുരം ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് പ്രദീപ് ശര്‍മ.
https://www.facebook.com/Malayalivartha