ചിപ്പിക്കൂണ്‍ കൃഷിയില്‍ വനിതകളുടെ കൈവിരുത്
ചിപ്പിക്കൂണ്‍ കൃഷിയില്‍ വിജയം കൊയ്ത് അഞ്ചു സ്ത്രീകള്‍ കാര്‍ഷിക മേഖലയില്‍ വ്യത്യസ്തരാകുന്നു. അടിമാലിക്കു സമീപം ആയിരമേക്കര്‍ സ്വദേശിനികളായ പുകുടിയില്‍ ചിപ്പി രാജു, ചേലാട്ട് അമ്പിളി പ്രിന്‍സ്, പിട്ടാപ്പിള്ളില്‍ ജീജ ബേബി, പുത്തന്‍പുരക്കല്‍ സുഭാഷിണി വിജയന്‍, പുത്തന്‍പുരക്കല്‍ ലീലാ കുമാരന്‍ എന്നിവരാണ് കൂണ്‍കൃഷിയിലൂടെ ലാഭം കൊയ്യുന്നത്.
ചിപ്പിയുടെ വീടിനു സമീപത്തായി പ്രത്യേകം തയാറാക്കിയ കൂടാരത്തിലാണ് കൃഷി. 25 മുതല്‍ 30 ദിവസം വരെയാണ് കൂണിന്റെ വിളവെടുപ്പ് കാലാവധി. പ്രത്യേകം തയ്യാറാക്കിയ ഇരുട്ടുമുറിയില്‍ മുന്നൂറോളം ബെഡുകളിലാണ് കൂണിന്റെ വിത്ത് പാകുന്നത്. 21 ദിവസത്തിനുശേഷം വിളവെടുക്കാന്‍ വെളിച്ചമുള്ള മുറിയിലേക്ക് മാറ്റും.
മൂന്നു മുതല്‍ ഒമ്പത് ദിവസം വരെയുള്ള കാലാവധിയില്‍ കൂണിന്റെ വളര്‍ച്ച അനുസരിച്ച് വിളവെടുപ്പ് നടത്താം. ഓരോ ബഡില്‍ നിന്നും അര കിലോഗ്രാമില്‍ കുറയാതെ കൂണ്‍ വില്‍പനക്കായി ലഭിക്കുന്നുണ്ട്. ഓരോ 300 ബെഡിനും 150 കിലോഗ്രാമോളം പാകമായ കൂണുകളാണ് ഇവര്‍ വില്‍പന നടത്തുന്നത്. വിപണിയില്‍ 300 രൂപയ്ക്കാണ് ഓരോ കിലോഗ്രാം കൂണും നല്‍കുന്നത്. ഓരോ മൂന്നു മാസം കൂടുമ്പോഴും മുറികള്‍ വൃത്തിയാക്കാനും സംഘാംഗങ്ങള്‍ മറക്കാറില്ല. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ആയിരമേക്കറില്‍ സ്‌നേഹ എന്ന പേരില്‍ കൃഷിക്കൂട്ടം രൂപീകരിച്ചാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ഇവര്‍ കൂണ്‍കൃഷി ആരംഭിച്ചത്. ശാന്തന്‍പാറയിലുള്ള കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നാണ് ആവശ്യമായ പരിശീലനം ലഭിച്ചത്. കൂണ്‍കൃഷി ചെയ്യാനുള്ള വിത്തും കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ ശേഖരിക്കുന്നു.
പ്രത്യേക പരിചരണത്തില്‍ തയ്യാാറാക്കിയ കൂണിന്റെ ഗുണമേന്മയും രുചിയും മനസിലാക്കിയ സമീപവാസികളും നാട്ടുകാരും മത്സരിച്ചാണ് ഇവരില്‍നിന്നും ഉല്‍പന്നം വാങ്ങുന്നത്. കൂണ്‍കൃഷിയുടെ വിജയ സാധ്യത മനസിലാക്കിയ സംഘാംഗങ്ങള്‍ ഇതു കുടുംബശ്രീകളിലെ മറ്റു വനിതകള്‍ക്കും പകര്‍ന്നു കൊടുക്കുകയാണിപ്പോള്‍.
കൃഷി വിജയം കണ്ടെതോടെ മറ്റു വ്യവസായങ്ങളിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാണ് ഇവര്‍. ഇതിനായി പരിശീലനവും നേടിക്കഴിഞ്ഞു. പൈനാപ്പിള്‍, പപ്പായ, മുന്തിരി, ചക്കപ്പഴം തുടങ്ങിയവയില്‍നിന്നും ജാം, ജെല്ലി, ശീതളപാനീയങ്ങള്‍ക്കുള്ള സ്‌ക്വാഷ്, ക്രഷ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പില്‍ മുന്നേറുകയാണ് ഇവരുടെ സ്‌നേഹ ജെ.എല്‍.ജി. ഇതിനായി കൃഷി വിജ്ഞാന കേന്ദ്രം, കൃഷിഭവന്‍, ഗ്രാമപഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ആവശ്യമായ സഹായങ്ങളും ലഭിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha