പൈനാപ്പിള്‍ കര്‍ഷകന്റെ ആത്മഹത്യ: ഓള്‍ കേരളാ പൈനാപ്പി ള്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ സമരപരിപാടികള്‍ ക്കൊരുങ്ങുന്നു
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉടനടി ആവശ്യമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ വാഴക്കുളം കേന്ദ്രീകരിച്ചുള്ള പൈനാപ്പിള്‍ മേഖല കൂടുതല്‍ ആത്മഹത്യകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് ഫാര്‍മേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി. കടക്കെണിയിലായ പൈനാപ്പിള്‍ കര്‍ഷകന്‍ ആയവന സ്വദേശി കെ.കെ. അനില്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ അദ്ദേഹം അംഗമായിരുന്ന ഓള്‍ കേരളാ പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ സമരപരിപാടികള്‍ക്കൊരുങ്ങുന്നു. 50 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് അനിലിനെ ആത്മഹത്യയിലേക്കു നയിച്ചത്. മേഖല മൊത്തം ഏതാണ്ട് 450 കോടി രൂപയുടെ കടക്കെണിയിലാണെന്ന് പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജ് പറഞ്ഞു.
ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നുള്ള വായ്പകളെ ആശ്രയിച്ചാണ് പാട്ടത്തുകയും കൃഷിക്കാവശ്യമായ പ്രവര്‍ത്തന മൂലധനവും തോട്ടക്കൃഷി മേഖലയിലെ ഉയര്‍ന്ന തൊഴില്‍ചെലവും കണ്ടെത്തുന്നത്. പാട്ടത്തിനെടുത്ത ഭൂമിയിലാണ് വാഴക്കുളം മേഖലയിലെ ഭൂരിപക്ഷം കൃഷിക്കാരും പൈനാപ്പിള്‍ക്കൃഷി നടത്തുന്നത്. 2018, 2019 വര്‍ഷങ്ങളിലെ പ്രളയങ്ങളെത്തുടര്‍ന്നുണ്ടായ കൃഷിനാശം, വിളവെടുക്കാന്‍ കഴിയാതിരുന്നത്, ഡിമാന്‍ഡ് ഇടിവ് എന്നിവ മൂലമുണ്ടായ വിലത്തകര്‍ച്ചയുടെ ക്ഷീണം 2020ലെ റമദാന്‍ മാസത്തിലാരംഭിച്ച സീസണോടെ ഒരു പരിധി വരെ പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകരെന്ന് ജയിംസ് ജോര്‍ജ് പറഞ്ഞു.
എന്നാല്‍ മാര്‍ച്ച് മാസത്തിലെ കോവിഡ് ലോക്ക്ഡൗണോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. ആഭ്യന്തര വിപണിയിലെ ഡിമാന്‍ഡ് തകര്‍ച്ചയും ഉത്തേരന്ത്യന്‍ വിപണിയിലേക്ക് പൈനാപ്പിള്‍ കയറ്റിപ്പോകാന്‍ സാധിക്കാതെ വന്നതും ചേര്‍ന്ന് പ്രതിസന്ധി ഗുരുതരമാക്കി. കിലോയ്ക്ക് 23-24 രൂപ ഉല്‍പാദനച്ചെലവുള്ള പൈനാപ്പിള്‍ വില 2.5-5 രൂപ നിലവാരത്തിലേക്ക് കൂപ്പുകുത്തി.
ഈ പശ്ചാത്തലത്തില്‍ 2018 വരെ മികച്ച തിരിച്ചടവ് ചരിത്രമുള്ള കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുക, പ്രവര്‍ത്തനമൂലധനത്തിനായി പുതിയ പലിശരഹിത വായ്പകള്‍ നല്‍കുക, 25 രൂപ എന്ന നിരക്കില്‍ പൈനാപ്പിളിന് താങ്ങുവില നിശ്ചയിക്കുക, പൈനാപ്പിളില്‍നിന്നുള്ള വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ അടിയന്തരമായി പ്രവര്‍ത്തനസജ്ജമാക്കുക എന്നിവയാണ് ഫാര്‍മേഴ്സ് അസോസിയേഷന്റെ ആവശ്യങ്ങള്‍. ഇതു കാണിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പല തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഫാര്‍മേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് അസോസിയേഷന്‍ ഈ ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും. അസോസിയേഷന്‍ ആരംഭിക്കുന്ന സമരപരിപാടികളുടെ തുടക്കമായി നാളെ വാഴക്കുളം കൃഷി ഭവനു മുന്നില്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha