ചാണകം മുതല്‍ പാല്‍ വരെ വളമായി ഉപയോഗിച്ചുള്ള ജൈവകൃഷി സജീവമാകുന്നു
ചാണകം മുതല്‍ പാല്‍ വരെ വളമാക്കിയുള്ള ജൈവ കൃഷിയില്‍ വിജയം കൊയ്യുന്ന സൊസൈറ്റി ഈ രീതി ജില്ലയിലാകമാനം വിപുലീകരിക്കുന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മേരികുളം ആസ്ഥാനമായുള്ള കിസാന്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയാണ് വേറിട്ട ജൈവകൃഷി രീതിയുമായി സജീവമാകുന്നത്. കൃഷി വകുപ്പുമായി ചേര്‍ന്ന് ജൈവ പച്ചക്കറി ഉല്‍പാദന രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് ഈ സൊസൈറ്റി. ജീവാമൃതം, പഞ്ചഗവ്യം എന്നീ വളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിരീതിയാണ് സൊസൈറ്റി മുന്നോട്ടുവയ്ക്കുന്നത്.
പശുവിന്റെ പാല്‍, നെയ്യ്, ചാണകം, മൂത്രം, തൈര് തുടങ്ങിയവ നിശ്ചിത അളവില്‍ സംയോജിപ്പിച്ചാണ് ഈ രണ്ട് വളങ്ങളും തയാറാക്കുന്നത്. എല്ലാത്തരം കൃഷികള്‍ക്കും ഉപയോഗിക്കാമെങ്കിലും വാഴ, കുരുമുളക്, പച്ചക്കറികള്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഈ മാതൃക പ്രോത്സാഹിപ്പിക്കുന്നത്. സൊസൈറ്റിയുടെ കീഴിലുള്ള 30 ഓളം പേരാണ് ഈ വളം ഉപയോഗിച്ച് കൃഷി ചെയ്യുന്നത്. മറ്റുവളങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വിളവ് ലഭിക്കുന്നെന്നും രാസവളങ്ങള്‍ അടങ്ങാത്ത ഉല്‍പന്നം ലഭിക്കുമെന്നതുമാണ് ഇതിന്റെ പ്രധാന നേട്ടം.
ജൈവ കൃഷിയിലേയ്ക്ക് പുതുതലമുറയെ കൈപിടിച്ചു നടത്താന്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ മഴമറ പോലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ നടപടിയാരംഭിച്ചു. ഒരു സെന്റില്‍ മഴമറ ആരംഭിക്കാന്‍ 29,000 രൂപയോളം ചെലവാകും. ഇതിന്റെ 50 ശതമാനം തുക കൃഷി വകുപ്പില്‍നിന്നും സബ്‌സിഡിയായി കര്‍ഷകര്‍ക്ക് ലഭിക്കും. ഇത്തരം കാര്യങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കാന്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കരാര്‍ അടിസ്ഥാനത്തില്‍ പഞ്ചായത്തുതല കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കും. അതതു പഞ്ചായത്തുകളില്‍ താമസിക്കുന്നവരെയാണ് പരിഗണിക്കുന്നത്.
ഒരു ലിറ്റര്‍ ജീവാമൃതത്തിന് 40 രൂപയും പഞ്ചഗവ്യത്തിന് 70 രൂപയുമാണ് വില. ഒരു ലിറ്റര്‍ വളം 65 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയാണ് ഉപയോഗിക്കേണ്ടത്. വളപ്രയോഗ രീതി കര്‍ഷകര്‍ക്ക് വിശദമാക്കി നല്‍കുകയും ചെയ്യും. ഈ രീതിയില്‍ ജൈവ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ഉല്‍പന്നം മെച്ചപ്പെട്ട വിലയ്ക്ക് വില്‍ക്കാനും സൊസൈറ്റി ക്രമീകരണം ഒരുക്കും. ഇതിനു മുന്നോടിയായി ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ ചില്ലറ വില്‍പന കേന്ദ്രം തുറക്കാന്‍ ഹോര്‍ട്ടികോര്‍പ്പിന്റെ അനുമതി ലഭ്യമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha