കേരളത്തിന്റെ ജലസമ്പത്തിനെ ഞെക്കിക്കൊല്ലാന്‍ ശേഷിയുള്ള കബോംബ എന്ന മുള്ളന്‍പായല്‍ വ്യാപിക്കുന്നു
പേരാമ്പ്ര ആവള പാണ്ടിയില്‍ പാടത്തിനു നടുവിലുള്ള തോട്ടില്‍ പരവതാനി വിരിച്ചതു പോലെ വയലറ്റും പിങ്കും കലര്‍ന്ന പൂക്കള്‍ കിലോമീറ്റര്‍ കണക്കിന് വ്യാപിച്ചു കിടക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്. എന്നാല്‍ തോടും തടാകവും പാടവുമെല്ലാം ഈ വിദേശി മുള്ളന്‍പായല്‍ മൂലം ശ്വാസംമുട്ടുകയാണ്. കഥയറിയാതെ, പൂവിന്റെ ഭംഗി മാത്രം കണ്ട് തോട്ടില്‍ നിന്ന് പായലെടുത്തു കൊണ്ടു പോകുന്നവരാകട്ടെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ഇത് വ്യാപിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.
കേരളത്തിന്റെ ജലസമ്പത്തിനെ തന്നെ ഞെക്കിക്കൊല്ലാന്‍ ശേഷിയുള്ളതാണ് ഈ പായല്‍ എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈന്‍ വിപണിയിലൂടെ വരെ ഈ പായല്‍ വാങ്ങാന്‍ കിട്ടുമെന്നാണ് ഗവേഷകരെ പോലും അത്ഭുതപ്പെടുത്തുന്നത്. ആലപ്പുഴ, മൂവാറ്റുപുഴ, കോതമംഗലം, ഭൂതത്താന്‍കെട്ട് എന്നിവിടങ്ങളിലും പായല്‍ വ്യാപിച്ചിട്ടുണ്ട്. മകരമഞ്ഞിന്റെ തണുപ്പും നല്ല വെയിലും ചേരുമ്പോള്‍ പൂവിടും. അക്വേറിയങ്ങള്‍ ഭംഗിയാക്കാന്‍ വേണ്ടിയാണ് പലരും തോട്ടില്‍ നിന്ന് പായല്‍ പറിച്ചുകൊണ്ടു പോകുന്നത്. ദോഷകരമായ വ്യാപനത്തിന് ഇതു കാരണമാവുന്നു. നാട്ടിന്‍പുറങ്ങളിലെ മറ്റ് ജലാശയങ്ങളില്‍ എത്തിയാല്‍ ഏറെ പ്രയാസങ്ങളുണ്ടാക്കും. പിന്നീടത് മാറ്റാനും കഴിയില്ല.
ആഫ്രിക്കന്‍ പായലും തോട്ടിലെ വെള്ളത്തിന്റെ ഒഴുക്കിന്റെ പ്രശ്‌നവും കൃഷി ചെയ്യാന്‍ തടസ്സമുണ്ടാക്കുന്നതായി കര്‍ഷകര്‍ പറയുന്നു. പൂപ്പാടം കാണാന്‍ ആയിരങ്ങളുടെ തിരക്ക്. സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ആളുകള്‍ എത്താന്‍ തുടങ്ങിയത്. തോടിനെ ഇത് മനോഹരമാക്കുമെങ്കിലും മറ്റു വശങ്ങള്‍ ആരും ചിന്തിക്കുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ആവള പാണ്ടിയില്‍ വ്യാപിച്ച പായല്‍ മാറ്റല്‍ എളുപ്പമല്ല. ഇപ്പോള്‍ തന്നെ ഏക്കറുകളോളം വ്യാപിച്ചു കഴിഞ്ഞു.
അക്വേറിയം പ്ലാന്റ് ആയും ഗാര്‍ഡന്‍ പ്ലാന്റ് ആയും ദക്ഷിണ അമേരിക്കയില്‍ നിന്ന് എത്തിയതാണ് ഇവ. കബോംബ ഫെര്‍ക്കേറ്റ, കബോംബ കരോളിനിയാന ഇനങ്ങളില്‍പെട്ടവയാണ് ആവള പാണ്ടിയില്‍ വ്യാപിച്ച് കൂട്ടത്തോടെ പൂവിട്ടിരിക്കുന്നത്. ഇലകള്‍ മുള്ളു പോലുള്ളതുകൊണ്ടാണ് ഇതിനെ മുള്ളന്‍പായല്‍ എന്നു പറയുന്നത്. ഈ അധിനിവേശ സസ്യം അക്വേറിയങ്ങളില്‍ നിന്നാണ് പുറത്തെത്തിയത്. അതിലേക്ക് വഴിയൊരുക്കിയത് ദോഷവശങ്ങള്‍ ചിന്തിക്കാതെയുള്ള ഓണ്‍ലൈന്‍ വ്യാപാരവും.
ആള്‍പ്പെരുമാറ്റമുള്ള ജലാശയങ്ങളില്‍ ഇത്തരം ചെടികളുടെ സാന്നിധ്യം പൊതുവേ കുറവാണ്. ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൂവിടും. വളരെവേഗം ഇടതിങ്ങി വളരുന്ന സസ്യം അടിത്തട്ടില്‍നിന്ന് 15 മുതല്‍ 20 അടി വരെ വളര്‍ന്നു വരും. മത്സ്യങ്ങളുടെ സഞ്ചാരത്തെയും ഇവ തടസ്സപ്പെടുത്തും. ജലത്തിന്റെ അടിത്തട്ടിലേക്കു സൂര്യപ്രകാശത്തെ കടത്തിവിടാത്തവിധം ഇടതൂര്‍ന്ന് വളരുന്നതിനാല്‍ ജീവജാലങ്ങളുടെ നിലനില്‍പിനും ഭീഷണിയാകുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജലാശയങ്ങളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനാല്‍ നദികള്‍ ചെളിനിറയാനും കാരണമാവും.
https://www.facebook.com/Malayalivartha