വേരുപിടിപ്പിക്കാന്‍ വിദ്യകള്‍ ഏറെ
മാതൃസസ്യത്തിന്റെ മുഴുവന്‍ ഗുണങ്ങളോടുംകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവുമായ കായികപ്രവര്‍ധനരീതി കമ്പ് മുറിച്ചുനടുന്നത് തന്നെയാണ്. വളരെയധികം ചെടികള്‍ ഒരേ മാതൃസസ്യത്തില്‍നിന്ന് പരിമിതമായ സ്ഥലം ഉപയോഗിച്ച് ഉത്പാദിപ്പിക്കാമെന്നതാണ് അധികമേന്മ. ദ്രുതവും ലഘുവുമാണ് കമ്പ് വേരുപിടിപ്പിക്കലിന് പിന്നിലെ സാങ്കേതികവിദ്യ.
കടുത്ത വേനലില്‍ നടാനായി കമ്പ് മുറിക്കരുത്. നേര്‍ത്ത കമ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ അരയടി നീളത്തിലും മൂത്തകമ്പാണെങ്കില്‍ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കാം. നേര്‍ത്ത കമ്പിലെ പകുതിയിലധികം ഇലകളും നീക്കം ചെയ്തതിനുശേഷമാണ് നടേണ്ടത്. മൂത്ത കമ്പില്‍നിന്നും മുഴുവന്‍ ഇലകളും നീക്കംചെയ്യണം.
വേരുണ്ടാകാന്‍ ഹോര്‍മോണ്‍ ചികിത്സ ഫലവത്താണ്. തണ്ടുകളുടെ അടിവശം മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെരിച്ച് മുറിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. ഒരു ഗ്രാം ഇന്‍ഡോര്‍ 3ബ്യൂട്ടറിക് ആസിഡ് അഥവാ ഐ.ബി.എ. ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ മുറിച്ച തണ്ടിന്റെ രണ്ടു സെന്റീമീറ്റര്‍ ചുവടുഭാഗം 45 സെക്കന്‍ഡ് സമയം മുക്കിവെച്ച് നടുന്നതാണ് അടുത്തപടി. ഐ.ബി.എ.യ്ക്ക് പകരം സെറാഡിക്‌സും ഉപയോഗിക്കാം. കമ്പിന്റെ മുറിച്ചഭാഗം നനച്ച് സെറാഡിക്‌സില്‍ മുക്കിയിട്ട് കൂടുതലായുള്ള പൊടി നീക്കിയതിനുശേഷം നട്ടുകൊടുക്കാം. കരിക്കിന്‍ വെള്ളവും പച്ചച്ചാണകം വെള്ളത്തില്‍ കലക്കിയ തെളിയും നാടന്‍ വേരുത്തേജകികളാണ്.
.വേരുത്തേജക ഹോര്‍മോണ്‍ ചെലവുകുറഞ്ഞ രീതിയില്‍ തയ്യാറാക്കാം. ഇതിനായി 50 ഗ്രാം മുരിങ്ങയിലയും ഇളം തണ്ടും 200 മില്ലി വെള്ളത്തില്‍ തലേദിവസം കുതിര്‍ക്കണം. പിഴിഞ്ഞെടുത്തോ അരച്ചെടുേത്താ തയ്യാറാക്കുന്ന മുരിങ്ങാച്ചാറില്‍ കമ്പിന്റെ അഗ്രം 20 മിനിറ്റ് നേരം മുക്കിവെച്ച് നടുന്നത് പെട്ടെന്ന് വേരിറങ്ങാന്‍ സഹായിക്കും. 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ നേരം കമ്പ് മുക്കിവെച്ച് നടുന്നത് വേരുത്പാദനം എളുപ്പമാക്കുന്നു.
വേരുറയ്ക്കുന്നതുവരെ പരിപാലിച്ചില്ലെങ്കില്‍ കമ്പില്‍നിന്ന് വെള്ളം വാര്‍ന്ന് ഉണങ്ങാനുള്ള സാധ്യതയേറെയാണ്. മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ കലര്‍ത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ചകിരിച്ചോറ് കമ്പോസ്റ്റും വെര്‍മിക്കുലൈറ്റും വേര് കുമിളെന്ന് വിളിക്കുന്ന മൈക്കോഡൈയും പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ക്കുന്നത് ഏറെ നന്ന്. മണ്ണില്‍ നനവുണ്ടായാല്‍ മാത്രം പോരാ, ചുറ്റുപാടും ആര്‍ദ്രത കൂടിയുണ്ടെങ്കിലേ വേഗം വേര് പിടിക്കൂ..
അരിച്ചിറങ്ങുന്ന വെയിലാണ് വേരുപിടിപ്പിക്കാന്‍ നല്ലത്. നേര്‍ത്ത പാളിയായി ലഭിക്കുന്ന വെള്ളം വേരുപിടിക്കലിന്റെ സാധ്യതയേറ്റും. 18 സെന്റീമീറ്റര്‍ ഉയരവും 12 സെന്റീമീറ്റര്‍ വീതിയുമുള്ള പോളിത്തീന്‍ സഞ്ചികളാണ് സാധാരണഗതിയില്‍ തിരഞ്ഞെടുക്കേണ്ടത്. കവറിന്റെ താഴത്തെ പകുതിയില്‍ 15 മുതല്‍ 20 വരെ സുഷിരങ്ങളിടണം. തണ്ടിന്റെ ഒരു മുട്ട് പോട്ടിങ് മിശ്രിതത്തിനടിയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താം.പുതിയ ഇലകള്‍ വിരിഞ്ഞുവരുന്നത് വേരിറങ്ങുന്നതിന്റെ ലക്ഷണമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha