ഓര്‍ക്കിഡിലെ കുമിള്‍ രോഗം അകറ്റാന്‍
ഒരു ഓര്‍ക്കിഡ് ചെടിയെങ്കിലുമില്ലാത്ത വീടോ പൂന്തോട്ടമോ ഇന്നു കേരളത്തില്‍ വിരളമാണ്. പക്ഷേ, നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ ഇതിന്റെ പുതിയ ഇനങ്ങള്‍ മഴക്കാലം കടന്നു കിട്ടാന്‍ ബുദ്ധിമുട്ടാണ്.
മഴക്കാലത്തെ അധിക ഈര്‍പ്പാവസ്ഥയില്‍ ബാക്ടീരിയ അല്ലെങ്കില്‍ കുമിള്‍ ഉണ്ടാക്കുന്ന രോഗം വന്നു ചെടി നശിക്കാന്‍ സാധ്യതയേറെയാണ്. മഴ തുടങ്ങുന്നതിനു തൊട്ടു മുന്‍പുമുതല്‍ മഴക്കാലം തീരുന്നതുവരെ മാസത്തിലൊരിക്കല്‍ \'സ്യൂഡോമോണാസ്\' ലായനി ചെടി മുഴുവനായി തളിച്ചുകൊടുക്കണം.
കൂടാതെ, ചെടികള്‍ തമ്മില്‍ ആവശ്യത്തിന് അകലം നല്‍കി നല്ല വായുസഞ്ചാരം ഉറപ്പാക്കണം. ചട്ടിയിലെ മിശ്രിതത്തില്‍ ചകിരിച്ചോറോ (കൊക്കോപീറ്റ്) തേങ്ങയുടെ പൊതിമടലിന്റെ കഷണങ്ങളോ ഉണ്ടെങ്കില്‍ മഴയെത്തും മുന്‍പേ അവ മുഴുവനായി നീക്കം ചെയ്ത് ഓര്‍ക്കിഡിന്റെ വേരുഭാഗത്തെ ഈര്‍പ്പാവസ്ഥ കുറച്ചു നിര്‍ത്തണം. ഫലനോപ്‌സിസ്, ഓണ്‍സീഡിയം ഓര്‍ക്കിഡ് ഇനങ്ങള്‍ ചട്ടിയില്‍ നടാതെ പഴയ തടിക്കഷണത്തില്‍ വേരുഭാഗം മാത്രം ചേര്‍ത്തുവച്ചു കെട്ടി വളര്‍ത്തുന്നതു നന്ന്. മഴക്കാലത്ത് ഓര്‍ക്കിഡുകള്‍ മഴ നനയാത്ത ഇടങ്ങളില്‍ വച്ചു പരിപാലിക്കണം.
നട്ടിരിക്കുന്നിടത്തു പായല്‍ ഏറെ കണ്ടാല്‍ അല്‍പം കുമ്മായം വിതറി അത് ഒഴിവാക്കണം. പായല്‍ശല്യമേറിയാല്‍ ഓര്‍ക്കിഡ് വേരുകള്‍ക്ക് ആവശ്യത്തിനു വായു ലഭ്യമാകാതെ നശിച്ചുപോകും. ഈ അവസ്ഥയില്‍ നന്നായി ഉണങ്ങിയ ഓടിന്റെയും കരിയുടെയും കഷണങ്ങള്‍ നിറച്ച മിശ്രിതത്തിലേക്ക് ചെടി മാറ്റി നടണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha