കുപ്പിക്കുള്ളില്‍ തീര്‍ക്കുന്ന പച്ചപ്പിന്റെ ലോകം
ചെറിയൊരു ഗ്ലാസിനുള്ളില്‍ അല്ലെങ്കില്‍ കുപ്പിക്കുള്വില്‍ തീര്‍ക്കുന്ന പച്ചപ്പിന്റെ ലോകമാണ് ടെററിയം. പച്ചപ്പിനെ വളരെയധികം സ്‌നേഹിക്കുകയും അതേസമയം ചെടി വളര്‍ത്താന്‍ സ്ഥലവും സമയവും ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് ടെററിയം. ലിവിങ് റൂമിലും ഡൈനിങ് മേശയുടെ മുകളിലും ഓഫിസ് മേശയുടം മുകളിലും വരെ വയ്ക്കാമെന്നതാണ് ടെററിയത്തെ ആകര്‍ഷകമാക്കുന്നത്.
ഭാംഗിയുള്ള ഗ്ലാസ് ജാറുകളാണ് ടെററിയം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ആപ്പിള്‍, പിയര്‍ തുടങ്ങിയ ആകര്‍ഷകമായ ആകൃതിയില്‍ ടെററിയം നിര്‍മിക്കാനുള്ള ഗ്ലാസ് ജാറുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഭംഗിയുള്ള പൂന്തോട്ടം പുുറത്തേക്കു കാണാനും ചെടികള്‍ക്ക് വെളിച്ചവും ചൂടും ലഭിക്കാനുമാണ് ഗ്ലാസ് പാത്രങ്ങള്‍ ഉപയോഗിക്കുന്നത്.
ടെററിയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പാത്രത്തില്‍ പോട്ടിങ് മിശ്രിതം നിറച്ച് ചെടികള്‍ നടുകയാണ് ചെയ്യുന്നത്. ഗ്ലാസ് ജാറിന്റെ വലുപ്പത്തിനനുസരിത്താകണം ചെടികളുടെ വലുുപ്പവും തരവും തീരുമാനിക്കാന്‍,കൊക്കോ പിത്ത്, മണ്ണ്, പെട്ടെന്ന് വേരോട്ടം ലഭിക്കാനുള്ള ടെര്‍മെല്‍ എന്ന ഹോര്‍മോണ്‍ എന്നിവ ചേര്‍ത്താണ് പോട്ടിങ് മിശ്രിതം തയാറാക്കുന്നത്. മണ്ണ് കുറഞ്ഞ അളവില്‍ മതിയെന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം.
ചെടികള്‍ തിരഞ്ഞെടുക്കാം
കുറഞ്ഞ അളവില്‍ വെള്ളവും പരിചരണവും വേണ്ട ചെടികളാണ് ടെററിയത്തില്‍ ഉപയോഗിക്കുന്നത്. മണ്ണ് വേണ്ടാത്ത, വായുവില്‍ വളരുന്ന ചെടികള്‍ ടെററിയത്തില്‍ നന്നായി ശോഭിക്കും. ടിലെന്‍ഷ്യയുടെ വിവിധയിനങ്ങള്‍, ക്രിപ്റ്റാന്തസ്, അധികം വളര്‍ച്ചയില്ലാത്ത കള്ളിച്ചെടികള്‍, ഫേണ്‍ ഇവയെല്ലാം ടെററിയത്തില്‍ ഉപയോഗിക്കാം. പൂച്ചെടികള്‍ ഉപയോഗിക്കാറില്ല, മറിച്ച് ഇലകളുടെ നിറഭേദമാണ് ടെററിയത്തെ ആകര്‍ഷകമാക്കുന്നത്.
മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ നനയ്ക്കുന്ന രീതിയാണ് ടെററിയത്തിലേത്. വളം നല്‍കുന്നത് വെള്ളത്തില്‍ച്ചേര്‍ത്താണ്, അതും മാസത്തില്‍ ഒരിക്കലോ, രണ്ട് ആഴ്ചയില്‍ ഒരിക്കലോ മതി. ഏതു വലുപ്പമുള്ള ടെററിയവും നിര്‍മിക്കാം. ഉപയോഗിക്കുന്ന പാത്രത്തിന്റെ വലുപ്പം, ചെടിയുടെ വലുപ്പം, ഇനം ഇതെല്ലാം അനുസരിച്ച് ടെററിയത്തിന്റെ വിലയിലും വ്യത്യാസം കാണും. 250 രൂപ മുതല്‍ 650 രൂപ വരെ വില വരും ടെററിയത്തിന്. ചെടികള്‍ സ്വന്തമായി വയ്ക്കുമെങ്കില്‍ പോട്ട് മാത്രമായും ലഭ്യമാണ്.
അടച്ചതോ തുറന്നതോ ആയ ടെററിയങ്ങള്‍ നിര്‍മിക്കാം. തുറന്ന ടെററിയങ്ങളാണ് നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്. അടഞ്ഞ ടെററിയങ്ങളില്‍ വെള്ളം നല്‍കുന്നതിന്റെ അളവ് താരതമ്യേന കുറവുമതി. അടഞ്ഞിരിക്കുന്നതിനാല്‍ ഒരിക്കല്‍ നല്‍കിയ വെള്ളം ബാഷ്പീകരിച്ച് ഗ്ലാസ് ചുവരുകളില്‍ തട്ടി ഖനീഭവിക്കുമ്പോള്‍ വീണ്ടും ചെടിക്കുതന്നെ ലഭിക്കുന്നു. ഇക്കാരണത്താല്‍ അടഞ്ഞ ടെററിയങ്ങളില്‍ ഇടയ്ക്കിടെ നനയ്‌ക്കേണ്ട കാര്യമില്ല. എന്നാല്‍ അടഞ്ഞ ടെററിയമാണെങ്കിലും ആഴ്ചയിലൊരിക്കല്‍ അല്പസമയം തുറന്നുവയ്ക്കണം. ഇടയ്ക്കിടെ ചെടികള്‍ മാറ്റുന്നതും ചെടികള്‍ വെട്ടി ഭംഗിയാക്കുന്നതും ടെററിയത്തിന്റെ ഭംഗി കൂട്ടും. വീടിന്റെ അകത്തളത്തിലാണ് വയ്ക്കുന്നതെങ്കിലും ആഴ്ചയില്‍ ഒരിക്കല്‍ അല്പസമയം വെയിലില്‍ വയ്ക്കുന്നത് ചെടികളുടെ ആരോഗ്യത്തിനു നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha