വൈവിധ്യമാര്‍ന്ന ഓര്‍ക്കിഡുകളെ പരിചരിക്കാം
വര്‍ണ്ണവൈവിധ്യവും രൂപഭംഗിയുമാണ് ഓര്‍ക്കിഡ് പൂക്കളുടെ മുഖമുദ്ര. ഏറെനാള്‍ വാടാതെയിരിക്കുമെന്നതിനാല്‍ പുഷ്പാലങ്കാരത്തിലും അഗ്രഗണ്യര്‍. പൂക്കള്‍ മുറിച്ചെടുത്ത് ഉപയോഗിക്കുന്നതോടൊപ്പം അലങ്കാര സസ്യമെന്ന നിലയില്‍ പൂന്തോട്ടങ്ങളില്‍ പ്രൗഢമായ സ്ഥാനം കൈവരിച്ചതിനാലാണ് അന്തര്‍ദേശീയ തലത്തില്‍ പുഷ്പവിപണി കീഴടക്കാന്‍ ഇവയ്ക്ക് കഴിഞ്ഞത്.
പരിപാലനത്തിലെ സവിശേഷതകള്‍ കാരണം വൈദഗ്ദ്ധ്യം നേടിയവര്‍ മാത്രം കുത്തകയായി കരുതിയിരുന്ന ഓര്‍ക്കിഡ് വളര്‍ത്തല്‍ ഇന്ന് കേരളത്തില്‍ കൂടുതല്‍ ജനകീയമായിരിക്കുന്നു. താരതമ്യേന എളുപ്പം വളര്‍ത്താവുന്ന മോണോപോഡിയല്‍ ഒറ്റക്കമ്പന്‍ ഓര്‍ക്കിഡുകള്‍) ഇനങ്ങളുടെ പ്രചാരമാണ് ഇതിനു വഴിയൊരുക്കിയത്.
നമ്മുടെ നാട്ടില്‍ സാധാരണയായി കൃഷി ചെയ്യുന്ന ഡെന്‍ഡ്രോബിയം, സിമ്പീഡിയം, ഓണ്‍സിഡിയം തുടങ്ങിയ ഇനങ്ങള്‍ സിംപോഡിയല്‍ (ശാഖാ ഓര്‍ക്കിഡുകള്‍) വിഭാഗത്തില്‍പ്പെടുന്നു. വളര്‍ച്ചാരീതിയുടെ അടിസ്ഥാനത്തിലാണ് ഇപ്രകാരം തരംതിരിച്ചിരിക്കുന്നത്.
റൈസോം എന്ന ഭൂകാണ്ഡങ്ങളില്‍ നിന്നും പാര്‍ശ്വങ്ങളിലേയ്ക്ക് വളരുന്നവയാണ് സിംപോഡിയല്‍. ഒരു സസ്യം പുഷ്പിണിയാകുന്നതോടൊപ്പം ചുവട്ടിലെ മുകുളത്തില്‍ നിന്ന് മറ്റൊരു ചെറുസസ്യം വളര്‍ന്നു വരും. ഇപ്രകാരം പല വലുപ്പത്തിലുള്ള സസ്യങ്ങളുടെ കൂട്ടമായാണ് സിംപോഡിയലുകള്‍ കാണപ്പെടുക.
മോണോപോഡിയലുകളിലാകട്ടെ അഗ്രമുകുളം വളര്‍ന്നുകൊണ്ടേയിരിക്കും. മുകളിലേയ്ക്ക് വളരുന്നതിനാല്‍ പ്രധാനകാണ്ഡത്തില്‍ ഇലകളും വേരുകളും പ്രത്യേകരീതിയില്‍ വിന്യസിച്ചിരിക്കും. ഇലകള്‍ തണ്ടുമായി ചേരുന്നഭാഗത്തുനിന്നും മുകുളങ്ങള്‍ വളര്‍ന്ന് പൂങ്കുലകളായി മാറും.
സിംപോഡിയലുകളേക്കാള്‍ മോണോപോഡിയലുകളെയാണ് പരിചരിക്കാന്‍ എളുപ്പം. നിറങ്ങളുടെ വന്‍നിര തന്നെ മോണോപോഡിയലിലുണ്ട് വെള്ള, പിങ്ക്, വയലറ്റ്, മജന്ത, ചുവപ്പ്, നീല, മഞ്ഞ, ഓറഞ്ച്, മെറൂണ്‍ എന്നിങ്ങനെ. കര്‍ഷകര്‍ക്കും അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്കും വീട്ടമ്മമാര്‍ക്കും ഒരേ പോലെ ഏര്‍പ്പെടാവുന്ന അന്തസ്സുറ്റ ഒരു വ്യവസായ സംരംഭമാണ് മോണോപോഡിയല്‍ ഓര്‍ക്കിഡ് കൃഷി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha