മധുരക്കിഴങ്ങിനെ മഴക്കാല വിളയാക്കാം
നമ്മുടെ പറമ്പില്‍ മഴക്കാല വിളയായി ജൂണ്‍-ജൂലൈയില്‍ മധുരക്കിഴങ്ങ് കൃഷിയിറക്കാം. നീര്‍വാര്‍ച്ചയുള്ള മണ്ണാണ് മധുരക്കിഴങ്ങുകൃഷിക്ക് ഉത്തമം. കാരറ്റില്‍ അടങ്ങിയ അത്രയും വിറ്റാമിന്‍ സി, ഓറഞ്ച് നിറമുള്ള മധുരക്കിഴങ്ങില്‍ ഉണ്ട്. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം പുറത്തിറക്കിയ ശ്രീകനക ഏറ്റവും കൂടുതല്‍ വിറ്റാമിന്‍ സി അടങ്ങിയ മൂപ്പുകുറഞ്ഞ സങ്കരയിനമാണ്. ശ്രീവര്‍ധിനി, ശ്രീഭദ്ര, ശ്രീരത്‌ന എന്നീ ഇനങ്ങളിലും ധാരാളം കരോട്ടിന്‍ ഉണ്ട്. കിഴങ്ങിന്റെ ഉള്‍ഭാഗം മഞ്ഞയോ ഓറഞ്ചോ നിറമാകുന്നത് കരോട്ടിന്റെ സൂചകമാണ്. ദിവസവും ഒരുകപ്പ് മധുരക്കിഴങ്ങ് കഴിക്കുന്നത് നിശാന്ധതയെ പ്രതിരോധിക്കും. വ്യാവസായിക അന്നജം ഉണ്ടാക്കാന്‍ മധുരക്കിഴങ്ങ് ഉപയോഗിച്ചുവരുന്നു. നിമാവിര ശല്യം കൂടുതലുള്ള കൃഷിയിടങ്ങളില്‍ \'ശ്രീഭദ്ര\'യെ കെണിവിളയാക്കാം.
നിലം കിളച്ച് നിരപ്പാക്കിയശേഷം രണ്ടടി അകലത്തിലായി ഒരടിവരെ ഉയരമുള്ള വാരങ്ങളെടുക്കാം. നിലമൊരുക്കുമ്പോള്‍തന്നെ സെന്റൊന്നിന് 40 കി.ഗ്രാം കാലിവളം ചേര്‍ക്കണം. കൂടാതെ സെന്റൊന്നിന് 325 ഗ്രാം യൂറിയയും ഒരുകിലോഗ്രാം റോക്ക് ഫോസ്‌ഫേറ്റും 500 ഗ്രാം പൊട്ടാഷും മണ്ണില്‍ ചേര്‍ത്ത് വള്ളികള്‍ നടണം. നട്ട് രണ്ടാഴ്ചയാകുമ്പോള്‍ ഇടയിളക്കി കള നീക്കണം. വീണ്ടും രണ്ടാഴ്ച കഴിഞ്ഞാല്‍ 325 ഗ്രാം യൂറിയകൂടി ചേര്‍ത്ത് മണ്ണണയ്ക്കാം. വിളവെടുത്ത ഉടനെയുള്ള വള്ളികള്‍ നടാന്‍ അനുയോജ്യമാണ്. ഒരടി നീളത്തിലുള്ള വള്ളിത്തലപ്പുകള്‍ 20 സെന്റിമീറ്റര്‍ അകലത്തില്‍ നടാം. നടുമ്പോള്‍ വള്ളികളുടെ മുറിഭാഗം മണ്ണിന് പുറത്തേക്കു നില്‍ക്കുന്ന വിധത്തില്‍ ഡ ആകൃതിയില്‍ നടുന്നതാണ് നല്ലത്.
നടാന്‍ ഉപയോഗിക്കുന്ന വള്ളിയില്‍ പിജിപിആര്‍ മിശ്രിതം1, 100 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ മുക്കി നടുന്നത് രോഗബാധ തടഞ്ഞ് നല്ല ഉല്‍പ്പാദനം തരും. നട്ട് ഒരുമാസത്തിനുശേഷം സെന്റൊന്നിന് 12 കിലോഗ്രാം എന്ന തോതില്‍ കമ്യൂണിസ്റ്റ് പച്ചയുടെ ഇലകള്‍കൊണ്ട് പുതയിടുന്നത് മധുരക്കിഴങ്ങിന്റെ പ്രധാന ശത്രുവായ ചെള്ളിനെ പ്രതിരോധിക്കും. ചെള്ളിനെ പിടിക്കാന്‍ മധുരക്കിഴങ്ങുതന്നെ കെണിയായി വയ്ക്കാം. ഇതിനായി അഞ്ച് മീറ്റര്‍ അകലത്തില്‍ 100 ഗ്രാം തൂക്കംവരുന്ന കിഴങ്ങു കഷണങ്ങള്‍, നട്ട് രണ്ടുമാസത്തിനുശേഷം കൃഷിയിടത്തില്‍ വയ്ക്കുക. 10 ദിവസം കൂടുമ്പോള്‍ കെണിയായി വച്ച മധുരക്കിഴങ്ങുകള്‍ കത്തിച്ചുകളയണം. നട്ട് മൂന്നുമുതല്‍ നാലുമാസം കൊണ്ട് വിളവെടുക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha