സൗഖ്യം തരുന്ന ഔഷധസസ്യങ്ങള്‍
ശംഖുപുഷ്പം
ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ എന്ന പാ!ട്ട് അറിയാം, പക്ഷെ ശംഖു പുഷ്പം ഏതെന്ന് അറിയാത്തവരാണു കൂടുതലും. നീലയും വെള്ളയും എന്നിങ്ങനെ രണ്ടിനത്തിലാണ് ഈ വള്ളിച്ചെടി. ശംഖുപുഷ്പത്തിന്റെ വേര് വെണ്ണ ചേര്‍ത്ത് എന്നും രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ബുദ്ധി കൂടുമത്രെ. മൂര്‍ഖന്‍ പാമ്പിന്റെ വിഷം നിര്‍വീര്യമാക്കാന്‍ ഇതിന്റെ വേരിനു കഴിവുണ്ടെന്നും ഗ്രന്ഥങ്ങളില്‍ പറയുന്നു. മാനസിക രോഗ ചികില്‍സയ്ക്കും ശംഖുപുഷ്പം ഉപയോഗിക്കാറുണ്ട്.
തഴുതാമ
തഴുതാമയുടെ എല്ലാ ഭാഗവും ഔഷധമാണ്. വേര് അരച്ച് എണ്ണയില്‍ കാച്ചി തേച്ചാല്‍ തലകറക്കം മാറും. തഴുതാമ തോരന്‍ കാഴ്ച ശക്തി വര്‍ധിപ്പിക്കും. മൂത്ര തടസ്സം, നീര്‍ക്കെട്ടുകള്‍ എന്നിവ മാറ്റും. രക്തത്തിലെ കൊഴുപ്പിന്റെ അളവു കുറയ്ക്കും. രക്ത സമ്മര്‍ദം, ഹൃദ്‌രോഗം എന്നിവയുടെ ചികില്‍സയിലും ഉപയോഗിക്കുന്നു. കണ്‍പോളകളുടെ കീഴിലുണ്ടാകുന്ന നീര് ഇല്ലാതാക്കാനും തഴുതാമ നീര് രാവിലെയും വൈകിട്ടും ഉപയോഗിക്കുന്നതു നല്ലതാണ്.
ആടലോടകം
ആടലോടകത്തിന്റെ ഇലയില്‍ നിന്നു തയാറാക്കുന്ന വാസിസൈന്‍ എന്ന മരുന്നു രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീരില്‍ ആട്ടിന്‍പാല്‍ ചേര്‍ത്തുകഴിച്ചാല്‍ ആസ്മ, ചുമ, ശ്വാസംമുട്ടല്‍ എന്നിവ ശമിക്കും. പനി, ചുമ, കഫക്കെട്ട്, രക്തം ഛര്‍ദിക്കല്‍ എന്നിവയ്ക്കും ആടലോടകം ഫലപ്രദമാണ്.
ആവണക്ക്
വെള്ള ആവണക്കാണ് ഔഷധ സസ്യം. വേരും വിത്തും ഉപയോഗിക്കാം. ആവണക്കിന്‍ വേരുകൊണ്ടുള്ള കഷായം വയറുവേദന, കൃമിശല്യം, മൂത്രാശയ രോഗങ്ങള്‍ വാത രോഗങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കാറുണ്ട്. ആവണക്കിന്‍ വേര് അരച്ചു കവിളില്‍ പുരട്ടിയാല്‍ പല്ലുവേദന കുറയും. കൈകാല്‍ വേദന, തൊണ്ടകുത്തി ചുമ, കാല്‍ വിണ്ടുകീറല്‍, മുടികൊഴിച്ചില്‍, നര എന്നിവയ്ക്കും ഔഷധമായി ഉപയോഗിക്കുന്നു. വിഷാംശം അകത്തുചെന്നാല്‍ ആവണക്കെണ്ണ കഴിച്ച് വയറിളക്കാറുണ്ട്.
https://www.facebook.com/Malayalivartha