മഴക്കാലം അമരകൃഷിക്ക്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
മഴക്കാലം വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്ക് താത്കാലിക വിരാമമിടുന്നതാണ് നമ്മുടെ രീതി. ചീരയുള്‍പ്പെടെയുള്ള പച്ചക്കറികള്‍ ഇല്ലാതാവുന്നു. എന്നാല്‍, ഏത് സാഹചര്യവും അതിജീവിക്കാനുള്ള കഴിവാണ് അമരയുടെ പ്രധാന പ്രത്യേകത. പകല്‍ ദൈര്‍ഘ്യം കുറഞ്ഞ ദിവസങ്ങളില്‍ പൂക്കുന്നവയാണ് പടരുന്ന അമര ഇനങ്ങള്‍. അതുകൊണ്ടുതന്നെ ഇവ നടാന്‍ ഏറ്റവും അനുയോജ്യം ജൂലായ് ആഗസ്ത് മാസങ്ങളാണ്.ഒന്നരയടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ പച്ചിലയും ചാണകവും മേല്‍മണ്ണുമിട്ട് കുഴി നിറച്ച് അമര നടാം. ഓരോ കുഴിയിലും അഞ്ച് വിത്തെങ്കിലും പാകണം. അമരവിത്ത് കഞ്ഞിവെള്ളം ചേര്‍ത്ത് റൈസോബിയം കള്‍ച്ചറുമായി നല്ലതുപോലെ കൂട്ടി യോജിപ്പിച്ച് തണലിലുണക്കി ഉടനെ വിതയ്ക്കുന്നത് ഏറെ നന്ന്. ഒരു തടത്തില്‍ കരുത്തുള്ള മൂന്ന് തൈകള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ പറിച്ചുമാറ്റണം. വള്ളി വീശാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തലും താങ്ങും നല്‍കി പടരാന്‍ സൗകര്യമൊരുക്കാം.
ചെടികള്‍ക്കു ചുറ്റും വെള്ളം പുറത്തേക്കൊഴുകാതെ തടങ്ങള്‍ ക്രമീകരിക്കാം. രണ്ടുപിടി ചാണകവും ഒരു പിടിചാരവും 50 ഗ്രാം രാജ്‌ഫോസും യോജിപ്പിച്ചെടുത്താല്‍ അമരയ്ക്ക് പത്തുദിവസത്തിലൊരിക്കല്‍ നല്‍കേണ്ട ജൈവവളക്കൂട്ടായി. ഗോമൂത്രം ഒമ്പത് ഇരട്ടി വെള്ളവുമായി ചേര്‍ത്ത് ഇടയ്ക്ക് തളിക്കണം. ഇലകള്‍ മഞ്ഞളിച്ച് കൊഴിഞ്ഞുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പ്രയോഗിക്കാം.
അമരയുടെ അടുപ്പക്കാരായ കൊത്തമരയും ചതുരപ്പയറും ജൂലായ് ആഗസ്ത് മാസത്തില്‍ മണ്ണിലിറങ്ങേണ്ടവരാണ്. നട്ട് നല്ല വളര്‍ച്ചയെത്തുമ്പോഴേക്കും കിട്ടുന്ന ദൈര്‍ഘ്യം കുറഞ്ഞ പകല്‍ മൂവരുടെയും പുഷ്പിക്കലിന് പ്രേരണയാകുന്നു. ഇന്ത്യയില്‍ ജന്മംകൊണ്ട അമര മാംസ്യസമ്പുഷ്ടമായ പച്ചക്കറിയാണ് 30 ശതമാനത്തോളമുള്ള പ്രോട്ടീന്‍ തന്നെയാണ് അമരയെ പച്ചക്കറി കൃഷിയിലെ അമരക്കാരനാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha