നടുമുറ്റങ്ങള്‍ക്കും ഉദ്യാനങ്ങള്‍ക്കും വര്‍ണ്ണശോഭ നല്‍കുന്ന പൂച്ചെടി
നമ്മുടെ നാട്ടില്‍ പ്രചാരം ലഭിച്ചിട്ടില്ലാത്ത ഇനിയും പ്രചാരം ലഭിക്കേണ്ടുുന്ന ഒരു പൂച്ചെടി, മറ്റുപല സുന്ദരപുഷ്പിണികളെയും പോലെ ഇതും നാളെ നമ്മുടെ നടുമുറ്റങ്ങള്‍ക്കും ഉദ്യാനങ്ങള്‍ക്കും വര്‍ണശോഭ പകരും എന്നുറപ്പ്. ഫിലിപ്പീന്‍സില്‍ ജന്മം കൊണ്ട ഈ പൂച്ചെടിയാണ് ഏഷ്യന്‍ ഗ്രെയിപ്പ് എന്ന വിളിപ്പേരില്‍ പ്രസിദ്ധമായ മെഡിനില്ല മാഗ്നിഫിക്ക എന്ന സുന്ദര സസ്യം. ഫിലിപ്പൈന്‍ ഓര്‍ക്കിഡ് എന്നും പേരുണ്ട്്. കാഴ്ചയ്ക്ക് സാക്ഷാല്‍ മുന്തിരിക്കുലയോട് സദൃശമായ ഇതിന്റെ പൂവും അനുബന്ധ ഭാഗങ്ങളുമാണ് ഈ ചെടിക്ക് showy Asian Grape എന്ന ഓമനപ്പേര് നേടിക്കൊടുത്തത്.
ഇനി നമുക്ക് ഈ പുഷ്പ സുന്ദരിയെ അടുത്തറിയാം. മൂന്നു മീറ്റര്‍ വരെ പരമാവധി ഉയരത്തില്‍ വളരുന്ന ചെടിയുടെ ഇലകള്‍ ദൃഢവും തുകല്‍ പോലെ കനമുള്ളതും 20-30 സെന്റീമീറ്റര്‍ നീണ്ടതും അഗ്രം കൂര്‍ത്തതുമായിരിക്കും. ശരാശരി ഉയരം 1.2 മീറ്റര്‍ മാത്രം പൂങ്കുലയാകട്ടെ 50 സെന്റീമീറ്റര്‍ നീളത്തില്‍ താഴേക്ക് താന്ന് വളരും. നല്ല പിങ്ക് നിറമാണിതിന്. പൂക്കള്‍ തീരെ ചെറുതാണ്. വെറും 35 മില്ലീമീറ്റര്‍ മാത്രം വലിപ്പം. പൂക്കള്‍ക്ക് പിങ്കോ, ചുവപ്പോ, വയലറ്റോ നിറമാകാം. കായ്കള്‍ വയലറ്റ് നിറമുള്ളതാണ്. സാമാന്യം മാംസളവും.
ജന്മനാടായ ഫിലിപ്പീന്‍സില്‍ മെഡിനില്ല, വന്‍മരങ്ങളുടെ കവരം തിരിയുന്ന ഇടങ്ങളിലും ശിഖരങ്ങളിലുമാണ് പറ്റിവളരുന്നത്. ഇവയ്ക്ക് മരക്കൊമ്പ് ഒരു ഇരിപ്പിടം മാത്രമാണ്. മരത്തില്‍ നിന്ന് ആഹാരമോ മറ്റോ വലിച്ചെടുക്കുകയേയില്ല. പരജീവികളുടെ സ്വഭാവമൊന്നുമില്ലഎന്നര്‍ഥം. പൂവിന്റെയും അതില്‍ നിന്ന് പുറപ്പെടുന്ന കായ്കളുടെയും സവിശേഷ രൂപവും നിറവും നിമിത്തം മെഡിനില്ലയെ അസാധാരണ പുഷ്പിണികള്‍ എന്ന വിഭാഗത്തിലാണ് സസ്യശാസ്ത്രവിദഗ്ധര്‍ പെടുത്തിയിരിക്കുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരാനിഷ്ടപ്പെടുന്ന ഇതിന് അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഈര്‍പ്പനില നിര്‍ബന്ധമാണ്. എങ്കില്‍ മാത്രമേ ചെടി നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യുകയുള്ളൂ. അതുകൊണ്ടുതന്നെ മെഡിനില്ല മാഗ്നിഫിക്ക വളര്‍ത്തുന്നവര്‍ അന്തരീക്ഷം പരമാവധി ഈര്‍പ്പമയമാക്കി നിലനിര്‍ത്താനുള്ള എല്ലാ തന്ത്രങ്ങളും ചെയ്യാറുമുണ്ട്്. തെളിഞ്ഞ വെളിച്ചം എന്നാല്‍ നേരിട്ട് വീഴാത്തത് ഇതാണ് ചെടിയ്ക്കിഷ്ടം. ഇലകളില്‍ നിരന്തരം വളരെ നേര്‍ത്ത വെള്ളത്തുള്ളികള്‍ മൂടല്‍മഞ്ഞുപോലെ തളിക്കുന്നതും ചെടി വളരുന്ന ചട്ടി വെള്ളത്തില്‍ ഉരുളന്‍ കല്ലുകള്‍ക്കു മീതെ ഇറക്കി വയ്ക്കുന്നതും ഒക്കെ അന്തരീക്ഷ ആര്‍ദ്രത വര്‍ധിപ്പിക്കാന്‍ ഉപകരിക്കും.
മെഡിനല്ല എന്ന വലിയ സസ്യജനുസില്‍ നാനൂറോളം സ്പീഷിസ് ചെടികളുണ്ട്. ഇക്കൂട്ടത്തില്‍ മാഗ്നിഫിക്ക ആണ് മികച്ച വീട്ടുചെടി. പിങ്ക് നിറത്തില്‍ താഴേക്ക് തുങ്ങിയ പൂക്കളും കായ്കുലകളും ഇതിന് പിങ്ക് ലാന്റേണ്‍ എന്നും പേര് നേടിക്കൊടുത്തിട്ടുണ്ട്്. വീട്ടുചെടികളിലെ റോള്‍സ് റോയിസ് എന്നാണ് ഇതിന്റെ ചന്തത്തില്‍ മതിമറന്ന മറ്റു ചില ഉദ്യാനപ്രേമികള്‍ ഇതിനെ വിശേഷിപ്പിച്ചത്. അത്രത്തോളം മുന്തിയതെന്നും ശ്രേഷ്ഠമായതെന്നും ഒക്കെ അര്‍ഥം.
മണ്ണും മണലും ജൈവവളവും കലര്‍ന്ന മിശ്രിതമാണ് ചെടികള്‍ വളര്‍ത്താന്‍ നന്ന്. ചെടി വളരുന്നതനുസരിച്ച് രാസവളമിശ്രിതങ്ങള്‍ നേര്‍പ്പിച്ച് നല്‍കുകയും ചെയ്യാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha