വിള വര്‍ധനയ്ക്ക് \'വാം\'
നമ്മുടെ മണ്ണില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയ പ്രാഥമിക മൂലകമാണ് ഫോസ്ഫറസ്. മണ്ണില്‍ ധാരാളമുണ്ടെങ്കിലും അത് ഫോസ്‌ഫേറ്റുകളായി രൂപാന്തരപ്പെട്ടിരിക്കുന്നതിനാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ചെടികള്‍ക്ക് ലഭ്യമാകുന്നുള്ളൂ.
എന്നാല്‍ ഒരു ചെടിയുടെ ഊര്‍ജത്തിന്റെ മുഴുവന്‍ സ്രോതസ്സും ഫോസ്ഫറസ് ആയതുെകാണ്ട് കോശങ്ങളുടെ വളര്‍ച്ചയ്ക്കും വര്‍ധനയ്ക്കും പുഷ്പിക്കാനും വിത്തുണ്ടാകാനും ഈ പ്രാഥമിക മൂലകം കൂടിയേ തീരൂ. മണ്ണില്‍ ധാരാളമായി കാണുന്ന ഫോസ്‌ഫേറ്റുകളെ ലയിപ്പിക്കാന്‍ കഴിവുള്ള കുമിളാണ് \'വാം\' എന്ന് ചുരുക്കത്തിലറിയപ്പെടുന്ന വെസിക്കുലര്‍ ആര്‍ബസ്‌കുലര്‍ മൈക്കോറൈസ. ഫോസ്ഫറസിന്റെ ലഭ്യത കൂട്ടുന്നതിനോടൊപ്പം പ്രതികൂല കാലാവസ്ഥയെയും രോഗാണുക്കളെയും ചെറുക്കുന്നതിനുള്ള കഴിവും \'വാം\' ചെടികള്‍ക്ക് പ്രദാനം ചെയ്യുന്നു.
\'വാം\' സസ്യങ്ങളുടെ വേരുകളോട് ചേര്‍ന്നു മാത്രമേ പ്രവര്‍ത്തന നിരതമാകുകയുള്ളൂ. വിത്തില്‍ പുരട്ടിയും തവാരണകളില്‍ കൂടിയും കമ്പോസ്റ്റില്‍ ചേര്‍ത്തും വാം ഉപയോഗിക്കാം. നെല്ലറയില്‍ വിത്തു പാകുമ്പോള്‍ ചേര്‍ത്തു കൊടുത്താല്‍ തവാരണയില്‍ നിന്നും തൈകള്‍ പറിച്ചുനടുമ്പോള്‍ അവയുടെ വേരുകളില്‍ കൂടി മൈക്കോറൈസ കൃഷിയിടം മുഴുവന്‍ വ്യാപിപ്പിക്കാം. നേരിട്ട് വിത്തുപാകി വളര്‍ത്തുന്ന പച്ചക്കറികളില്‍ വിത്തുപാകുന്നതിനോടൊപ്പം കുഴിയൊന്നിന് 20 ഗ്രാം മൈക്കോറൈസയും ചേര്‍ത്ത് കൊടുക്കാം.
മൈക്കോറൈസ എന്ന വേരുകുമിള്‍ ചേര്‍ത്ത് കൃഷിചെയ്താല്‍ മരച്ചീനിയില്‍ 20 ശതമാനംവരെ വിളവര്‍ധന ഉറപ്പിക്കാമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ പഠനങ്ങള്‍ തെളിയിക്കുന്നു. വേരിനകത്ത് പരസ്പരസഹകരണത്തോടെയാണ് മൈക്കോറൈസയുടെ വാസം. ഗ്രീക്കുപദമായ മൈക്കോറൈസ എന്നാല്‍ വേരില്‍ (റൈസ) ജീവിക്കുന്ന കുമിള്‍ (മൈക്കോ) എന്നാണ് അര്‍ഥം. അന്നജത്തിനായി ചെടികളെ ആശ്രയിക്കുന്ന മൈക്കോറൈസ ധാരാളം പോഷകമൂലകങ്ങള്‍ തിരിച്ചുനല്‍കിയാണ് സഹവാസത്തിലേര്‍പ്പെടുന്നത്.
മൈക്കോറൈസ മണ്ണിലെ ഫോസ്ഫറസിന്റെയും സൂക്ഷ്മമൂലകങ്ങളുടെയും ലഭ്യത കൂട്ടുകയും ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും. മൈക്കോറൈസയുടെ തന്തുക്കള്‍ വേരുകളെ അപേക്ഷിച്ച് നേര്‍ത്തതായതിനാല്‍ ജലവും മൂലകങ്ങളും വലിച്ചെടുക്കുന്നതിനുള്ള പ്രതലവും കൂടുന്നു. ഇലയില്‍ പ്രകാശസംേശഌണം വഴി പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു. ഫലം വേരുവളര്‍ച്ച വര്‍ധിക്കുന്നു. മരച്ചീനിയില്‍ കിഴങ്ങുകളുടെ എണ്ണവും വലിപ്പവും കൂട്ടാന്‍ മൈക്കോറൈസയ്ക്ക് കഴിയും. തണ്ടുമുറിച്ചുനട്ട് വളര്‍ത്തുന്ന മരച്ചീനി ഉള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗ വിളകളില്‍ അഞ്ച് ഗ്രാം മൈക്കോറൈസയാണ് തണ്ടില്‍ പുരട്ടേണ്ടത്. മൈക്കോറൈസ ഉപയോഗിച്ചപ്പോള്‍ 2 ടണ്‍ അധികവിളവ് ഒരേക്കറില്‍ നിന്നു ലഭിച്ചതായി മരച്ചീനി കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രതിവര്‍ഷം 100 ടണ്‍ ജീവാണുവളം ഉത്പാദിപ്പിക്കുന്ന നമ്മുടെ നാട്ടില്‍ ശരിയായ രീതിയില്‍ പ്രയോഗിക്കുകയാണെങ്കില്‍ മണ്ണിന്റെ വളക്കൂറും ഉത്പാദന ക്ഷമതയും ഗുണമേന്മയും ഒപ്പം വിള വര്‍ധനയും ഉറപ്പിക്കാം. തിരുവനന്തപുരം പാറോട്ടുകോണത്തുള്ള ബയോഫെര്‍ട്ടിലൈസര്‍ ലാബില്‍ കിലോഗ്രാമിന് 50 രൂപ നിരക്കില്‍ വാം ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha