പൂന്തോട്ടങ്ങള്‍ക്ക് അഴകേറാന്‍ ഗോള്‍ഡ് ഫിഷ് ചെടി
ഓറഞ്ചു കലര്‍ന്ന ചുവപ്പു നിറത്തില്‍ കുഴലുപോലെ നീണ്ട പൂക്കള്‍, കുതിച്ചുചാടുന്ന മീനുകളോട് സാദൃശ്യമുള്ള പൂക്കള്‍ വിടത്തുന്ന പൂച്ചെടിക്ക് ഗോള്‍ഡ് ഫിഷ് ചെടി എന്ന് സഹൃദയര്‍ പേരിട്ടതില്‍ അദ്ഭുതമില്ല. ദീര്‍ഘായുസുള്ള ചെടിയാണിത്. നീണ്ട തണ്ടുകള്‍, 90 സെന്റീമീറ്ററോളം ഉയരം. ഇടതിങ്ങി വളരുന്ന ഇലകളാകട്ടെ കട്ടിയുള്ളതും, കടും പച്ചനിറത്തില്‍ മെഴുകു പുരട്ടി മിനുസമാക്കിയതുപോലെ പ്രതലമുള്ളതും. കോളംനിയ ഗ്ലോറിയോസ എന്ന് സസ്യശാസ്ത്രജ്ഞര്‍ ഇതിനു പേരു നല്‍കിയിരിക്കുന്നു. തൂക്കുകുടങ്ങളില്‍ വളര്‍ത്താനാണ് ഇതുത്തമം. അടിസ്ഥാനപരമായി മറ്റേതെങ്കിലും മരങ്ങളിലോ പ്രതലത്തിലോ പറ്റിപ്പിടിച്ചു വളരുന്നതാണ് ഗോള്‍ഡ് ഫിഷ് ചെടിയുടെ സ്വഭാവം. സസ്യശാസ്ത്രപരമായി പറഞ്ഞാല്‍ ഒരു ചെടിയുടെയോ മരത്തിന്റെയോ പുറത്തു വളരുന്ന പരാന്നഭോജിയല്ലാത്ത സസ്യം അഥവാ എപ്പിഫൈറ്റ്.
ചുറ്റുവട്ടത്തു നിന്ന് വളര്‍ച്ചയ്ക്കാവശ്യമുള്ള ഈര്‍പ്പവും പോഷകങ്ങളും ഊര്‍ജവുമെല്ലാം ആഗിരണം ചെയ്യുകയാണിതിന്റെ രീതി. ചുരുക്കത്തില്‍ ഗോള്‍ഡ് ഫിഷ് ചെടിയുടെ വേരുകള്‍ അവയ്ക്ക് എവിടെയെങ്കിലും പറ്റിപ്പിടിച്ചു നില്‍ക്കാന്‍ മാത്രമാണ്; അല്ലാതെ പോഷണത്തിനുവേണ്ടിയുള്ളതല്ല. ഡോള്‍ഫിന്‍ പ്ലാന്റ് എന്നും ഈ ചെടിക്കു പേരുണ്ട്. നന്നായി വളരാനും നിറയെ പൂ പിടിക്കാനും ഗോള്‍ഡ് ഫിഷ് ചെടിക്ക് സമൃദ്ധമായി സൂര്യപ്രകാശം ലഭിച്ചേ തീരൂ, എന്നു കരുതി നേരിട്ടു സൂര്യപ്രകാശം ലഭിക്കണമെന്നര്‍ഥമില്ല. അന്തരീക്ഷത്തിലെ ഈര്‍പ്പാംശം അല്പം അധികമായാലും തരക്കേടില്ല. അകത്തളങ്ങളിലാകുമ്പോള്‍ ഇതിനു വേണ്ടി ട്രേകളിലോ പാത്രങ്ങളിലോ വെള്ളം നിറച്ചുവയ്ക്കുവാന്‍ വരെ ശിപാര്‍ശ ചെയ്യുന്നുണ്ട്.
ചെടിയുടെ തണ്ടുകളുടെ അഗ്രഭാഗം മുറിച്ചു നട്ട് പുതിയ തൈ വളര്‍ത്താം. 23 ഇഞ്ച് നീളമുള്ള തണ്ടിന്‍ കഷണങ്ങള്‍, പൂമൊട്ടുകളൊന്നും ഇല്ലാത്തതു മുറിച്ച് ഏതെങ്കിലും വേരുമുളപ്പിക്കല്‍ ഹോര്‍മോണ്‍ പൊടിയില്‍ മുറിവായ് മുക്കി വേണം നടാന്‍. മണ്ണ് ഒഴിവാക്കി ഇലപ്പൊടി, മണല്‍, പെര്‍ലൈറ്റ്, വെര്‍മിക്കലൈറ്റ് എന്നിവ ചേര്‍ത്തൊരുക്കിയ മിശ്രിതങ്ങളിലും തണ്ടുനടാം. വേരുപിടിച്ച തൈകള്‍ തെളിച്ചമുള്ളസ്ഥലത്ത് നേരിട്ടുള്ള വെയിലടിക്കാതെ വയ്ക്കണം. അത്യാവശ്യത്തിനു നനവും നല്‍കുക. ചെടി വളരുന്നതു നോക്കി തലപ്പു നുള്ളിയാല്‍ പടര്‍ന്നു വളരുകയും കൂടുതല്‍ പൂക്കള്‍ പിടിക്കുകയും ചെയ്യും. തൂക്കുചട്ടികളിലും മറ്റും വളര്‍ത്തുമ്പോള്‍ നീണ്ടു വളര്‍ന്ന ശിഖരങ്ങള്‍ വെള്ളച്ചാട്ടം പോലെ ചട്ടിയുടെ വക്കുകവിഞ്ഞ് താഴേക്ക് ഞാന്നു വീഴുകയും അതി നിറയെ പൂക്കള്‍ പിടിക്കുകയും ചെയ്യുന്നത് ഹൃദയഹാരിയായ ദൃശ്യമാണ്. ഇനി തൂക്കുകൂടകളില്‍ ഞാത്തിയിടാന്‍ സൗകര്യമില്ലെങ്കില്‍ നീളന്‍ കാലുകളുള്ള ചെറിയ പെഡസ്റ്റല്‍ മേശയ്ക്കു മുകളില്‍ ചട്ടിയില്‍ വളര്‍ത്തിയ ഗോള്‍ഡ് ഫിഷ് ചെടി വച്ചാലും അതില്‍ നിന്നു പൂ പിടിക്കുന്ന നീളന്‍ തണ്ടുകള്‍ താഴേക്കു തൂങ്ങി വളര്‍ന്നുകൊള്ളും. വസന്തകാലവും വേനല്‍ക്കാലവുമാണ് ഗോള്‍ഡ് ഫിഷ് ചെടിയില്‍ ഏറ്റവും അധികം പൂ പിടിക്കുന്ന സമയം. അപൂര്‍വം ചില ചെടികള്‍ ഇതല്ലാതെയും പുഷ്പിച്ചുകാണാറുണ്ട്. ഒരു കാര്യം എന്തായാലും ഉറപ്പാക്കാം തെളിഞ്ഞ പരോക്ഷമായ വെളിച്ചം കിട്ടുന്നിടത്താണ് ഗോള്‍ഡ് ഫിഷ് ചെടികള്‍ പൂക്കള്‍ വാരിച്ചൊരിയുക. അതുപോലെ തണുപ്പുകാലത്ത് തടത്തില്‍ നന കുറയ്ക്കുന്നത് തുടര്‍ന്നുവരുന്ന വസന്തകാലത്ത് ചെടി നിറയെ പൂ ചൂടാന്‍ പ്രേരകമാകും. തടം പൂര്‍ണമായും ഉണങ്ങി വരണ്ടു പോകാതെ ശ്രദ്ധിച്ചാല്‍ മതി. നനവു കൂടിയാലും തീരെ കുറഞ്ഞാലും ഇലകള്‍ പൊഴിച്ച് ഗോള്‍ഡ് ഫിഷ് ചെടി ഇതിന്റെ സൂചന നല്‍കാറുണ്ട് എന്നോര്‍ത്തിരിക്കുക.
ചെടിയുടെ വളര്‍ച്ചക്ക് വളപ്രയോഗം നിര്‍ബന്ധമാണ്. ഇലപ്പൊടി, എല്ലുപൊടി, കപ്പലണ്ടിപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, ബയോഗ്യാസ് സ്ലറി പോലുള്ള ജൈവവളങ്ങളും 103010 പോലെ ഫോസ്ഫറസിന്റെ അനുപാതം കൂടിയ രാസവളമിശ്രിതങ്ങളും നേര്‍പ്പിച്ച് 14 ദിവസം ഇടവിട്ട് ചെടികള്‍ക്കു നല്‍കാം. നാലോ അഞ്ചോ ഇലകളുള്ള ഓന്നിലധികം തണ്ടുകള്‍ മുറിച്ച് ഒരു ചട്ടിയില്‍ തന്നെ നട്ടുവളര്‍ത്തി കൂടുതല്‍ ആകര്‍ഷകമാംവിധം ഉദ്യാനം അലങ്കരിക്കുകയും ചെയ്യാം. തൂക്കുചട്ടികളില്‍ വളര്‍ത്തുകയാണെങ്കില്‍ ഇലകള്‍ നേര്‍ത്ത വെള്ളത്തുള്ളികളാല്‍ നേരിയ തോതില്‍ നനയ്ക്കാന്‍ മറക്കരുത്.
ചട്ടിയില്‍ വളര്‍ത്തുന്ന ചെടികള്‍ ചിലയവസരങ്ങളില്‍ ചട്ടി തിങ്ങി നിറഞ്ഞു വളര്‍ന്ന് വേരുകള്‍ പുറത്തേക്കു ചാടി വളരുന്നതായി കാണാറുണ്ട്. ഈയവസരത്തില്‍ അവയെ പുതിയ ചട്ടിയിലേക്കു മാറ്റി നടാന്‍ ശ്രദ്ധിക്കണം. 12 വര്‍ഷത്തെ വളര്‍ച്ച കൊണ്ടാണ് സാധാരണ ഇങ്ങനെ സംഭവിക്കുക. ഇതിനു മുമ്പ് വേരുകള്‍ കുറച്ചു മുറിച്ചു നീക്കണം. പുതിയ വേരുകള്‍ പൊട്ടാനാണിത്. എന്നിട്ട് പുതിയ പോട്ടിംഗ് മിശ്രിതത്തിലേക്കു മാറ്റി നട്ടാല്‍ ചെടി നന്നായി വളരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha