ശീമ കക്കിരി എന്ന പേരില്‍ അറിയപ്പെടുന്ന ചൗചൗ കൃഷി ചെയ്യാം...
ശീമ കക്കിരി എന്ന പേരില്‍ അറിയപ്പെടുന്ന ചൗചൗ കൃഷി ചെയ്യാം... പാവല്‍, പടവലം, വെള്ളരി, തണ്ണി മത്തന്‍, ചുരക്ക, കുമ്പളം തുടങ്ങിയ വെള്ളരി വര്‍ഗ പച്ചക്കറി കുടുംബത്തില്‍ അടുത്ത കാലത്തായി അതിഥിയായി വന്നെത്തിയതാണിത്.
കായും തണ്ടും ഇളം ഇലകളുമെല്ലാം ഭക്ഷ്യയോഗ്യം. വിവിധ പോഷകമൂലകങ്ങളുടെ കലവറയാണിത്. മറ്റു വെള്ളരിവിളകളേക്കാള്‍ മണ്ണിലെ അമ്ലത്വത്തെ അതിജീവിച്ചു വളരാനുള്ള കഴിവുണ്ട്്.
സങ്കീര്‍ണമായ കൃഷിരീതികളൊന്നുമില്ല. കായ്കള്‍ പച്ച നിറത്തിലും വെള്ള നിറത്തിലുമായി രണ്ടിനങ്ങള്‍ ഉണ്ട്. രുചിയിലും, രോഗ കീട പ്രതിരോധശേഷിയിലും മുന്നില്‍ നില്‍ക്കുന്നു. കായീച്ചയുടെ ശല്യവും താരതമ്യേന ഇതിന് കുറവാണ്. അതിനാല്‍ മാര്‍ക്കറ്റില്‍ പച്ചയ്ക്കാണ് കൂടുതല്‍ പ്രിയമുള്ളത്.
പാവല്‍, പടവലം എന്നിവ കൃഷി ചെയ്യുന്നതുപോലെ തടമെടുത്ത് പന്തലിട്ട് കൃഷി ചെയ്യാവുന്നതാണ്. വര്‍ഷകാലം തുടങ്ങുന്നതോടെ കൃഷി ആരംഭിക്കാം. നന്നായി സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളക്കെട്ടില്ലാത്തതുമായസ്ഥലം ഇതിനായി തെരഞ്ഞെടുക്കണം.
ഒരു സെന്റ് സ്ഥലത്തിന് 80 കിലോഗ്രാം എന്ന കണക്കില്‍ പഴകിപ്പൊടിഞ്ഞ കാലി വളമോ പാകം വന്ന കമ്പോസ്റ്റോ അടിവളമായി ചേര്‍ത്ത് മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കണം. മറ്റു വെള്ളരിവര്‍ഗ വിളകളില്‍നിന്നും വ്യത്യസ്തമായി ചൗചൗ ഫലത്തില്‍ ഒരു വിത്ത് മാത്രമാണുണ്ടാവുക.
പച്ചക്കറിക്കടകളില്‍ നിന്നും മൂത്ത കായ്കള്‍ ശേഖരിച്ച് സുക്ഷിച്ച് വച്ചാല്‍ ഇവ മുളച്ച് വരും. മുളവന്ന കായ്കള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാം. ഒരു തടത്തില്‍ മൂന്ന് വിത്തുകള്‍ വീതം നടും. വള്ളി വീശി തുടങ്ങിയാല്‍ പടരാനുള്ള സൗകര്യമൊരുക്കണം. മാസത്തിലൊരിക്കല്‍ വളപ്രയോഗം നടത്തുന്നത് നല്ലത്. പിണ്ണാക്ക് വളങ്ങള്‍, മണ്ണിര കമ്പോസ്റ്റ്, കാലി വളം, എല്ലുപൊടി എന്നിവയെല്ലാം ഉപയോഗിക്കാം. മഴയില്ലാത്തപ്പോള്‍ നനയ്ക്കണം. നടീല്‍കഴിഞ്ഞ് നാലുമാസംകൊണ്ട് പൂത്തു തുടങ്ങും. പിന്നീട് തുടര്‍ച്ചയായി വിളവെടുക്കാം. സാരമായ രോഗ കീടബാധകള്‍ കാണാറില്ല. കായീച്ച ശല്യം കെണിവച്ച് നിയന്ത്രിക്കാം. തണുപ്പുള്ള കാലാവസ്ഥയിലാണ് ചെടി സമൃദ്ധമായി കായ്ക്കുക.
"
https://www.facebook.com/Malayalivartha