അരിക്കൊമ്പൻ ശരിക്കും അവശതയിൽ: ചിന്നക്കനാലിലേയ്ക്ക് ചികിത്സിച്ച് തുറന്ന് വിടാമായിരുന്നു: ആശങ്കയോടെ ആറന്മുള മോഹൻദാസ് ...
കേരളം നൽകിയ നിരീക്ഷണ സംവിധാനം ഉപയോഗിച്ചാണ് അരിക്കൊമ്പന്റെ നീക്കങ്ങൾ തമിഴ്‌നാട് മനസ്സിലാക്കുന്നത്. പെരിയാറിലെ റിസീവിങ് സെന്ററുമായി ബന്ധിപ്പിച്ചിരുന്ന രണ്ട് ആന്റിനയിൽ ഒന്നാണ് കൈമാറിയത്. ആന നിൽക്കുന്നതിന് ഒരു കിലോമീറ്റർ പരിധിയിലുള്ള സിഗ്നലുകൾ ഈ ആന്റിനകളിലേക്ക് ലഭിക്കും. എന്നാൽ, അരിക്കൊമ്പന്റെ റേഡിയോ കോളറിന്റെ സാറ്റലൈറ്റ് സംവിധാനം ബന്ധിപ്പിച്ചിരിക്കുന്നത് തേക്കടിയിലെ റിസീവിങ് സെന്ററിലാണ്. ഇത് റീ -സെറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതിലൂടെ ആനയുടെ നീക്കങ്ങൾ കേരളവും നിരീക്ഷിക്കുന്നുണ്ട്.
പെരിയാറിൽ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ആന്റിന ഉടൻ തിരുവനന്തപുരത്ത് എത്തിച്ച് നെയ്യാർ ഡിവിഷന് കൈമാറും. തിരുവനന്തപുരത്തോടു ചേർന്നുള്ള വനാതിർത്തിയിൽ ആന എത്തിയാൽ നെയ്യാർ ഡിവിഷനിൽ സിഗ്നൽ ലഭിക്കും. ദ്രുതഗതിയിൽത്തന്നെ വനംവകുപ്പിന് നടപടികൾ സ്വീകരിക്കാനാകും. കേരള അതിർത്തിയിൽനിന്ന് 15 കിലോമീറ്റർ അകലെ കീഴ്‌കോതയാറിലെ ചിന്നക്കുറ്റിയാർ പരിസരത്താണ് നിലവിൽ അരിക്കൊമ്പൻ ഉള്ളത്.
ദിവസവും രണ്ടുമുതൽ നാലുവരെ കിലോമീറ്റർ സഞ്ചരിക്കാനേ ആനയ്‌ക്ക് കഴിയുന്നുള്ളൂ. പൂർണ ആരോഗ്യം വീണ്ടെടുക്കാൻ ഇനിയും ദിവസങ്ങൾ എടുത്തേക്കുമെന്ന് കന്യാകുമാരി ഡിഎഫ്‌ഒ ഇളയരാജ മുത്തയ്യ പറഞ്ഞത്. ‘പുൽമേട്ടിൽ കുഞ്ഞിനെപ്പോലെ ഉറങ്ങുന്ന അരിക്കൊമ്പൻ’ എന്ന അടിക്കുറിപ്പോടെ തമിഴ്‌നാട് വനംവകുപ്പ് അഡീഷണൽ ഡയറക്ടർ സുപ്രിയ സാഹു ഞായറാഴ്‌ച ട്വീറ്റ് ചെയ്‌ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മലയാളം ന്യൂസ് ചാനലുകളടക്കം ഇത് വാർത്തയാക്കി. എന്നാൽ ഈ വീഡിയോ അരിക്കൊമ്പന്റേത് അല്ലെന്നും 2020ലേത് ആണെന്നും തിരിച്ചറിഞ്ഞതോടെ സുപ്രിയ സാഹു ട്വീറ്റ് പിൻവലിച്ചു. സുപ്രിയക്കെതിരെ തമിഴ്‌നാട് വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അരിക്കൊമ്പൻ തീർത്തും അവശനാണെന്നും, ചിന്നക്കനാലിൽ ചികിത്സിച്ച് തുറന്ന് വിടാമായിരുന്നുവെന്നും പറയുന്ന ആനപ്പാപ്പാൻ ആറന്മുള മോഹൻദാസിന്റെ ഒരു ഇന്റർവ്യൂ ശ്രദ്ധ നേടുകയാണ്.
അഞ്ചോളം മയക്കുവെടി അരിക്കൊമ്പന് ഏറ്റിരുന്നു. ഇതിന്റെ ആഘാതവും ക്ഷതവും കൊമ്പന് ഉണ്ടായേക്കാം. ബൂസ്റ്റർ ഡോസുകൾ വേറെയും, ആദ്യത്തെ ദിവസം പത്ത് കിലോമീറ്ററോളം ആന സഞ്ചരിച്ചു. വീണ്ടും തനിക്ക് തിരികെ പോകേണ്ട വഴി അതല്ലെന്ന് മനസിലാക്കിയ ആന കൊണ്ട് വിട്ട ഇടത്തേയ്ക്ക് തന്നെ തിരിച്ചു വന്നു. രണ്ടാമത്തെ ദിവസവും ഇത് തന്നെ തുടർന്നു. മൂന്നാമതായി മേഘമലയിലൂടെ സഞ്ചരിക്കുന്ന കൊമ്പന്റെ ഏറെ വൈറലായ ചിത്രം പുറത്ത് വന്നിരുന്നു.
ശരിക്കും പറഞ്ഞാൽ അത് കണ്ടപ്പോൾ മനസിന് വേദന തോന്നി. അതിന്റെ നടപ്പ് കണ്ടാൽ അത് ചിന്നക്കനാലിലേയ്ക്ക് ലക്ഷ്യം വയ്ക്കുന്നതാണെന്ന് മനസിലാകും. കമ്പം, തേനി, സൂര്യ നെല്ലി ഭാഗത്തൂടെ സഞ്ചരിച്ചാൽ മാത്രമേ അതിന് ചിന്നക്കനാലിലേയ്ക്ക് എത്താൻ കഴിയൂ. മലയുടെ മുകളിൽ നിന്ന് ചിന്നക്കനാലിന്റെ കാഴ്ച കണ്ട് തനിയ്ക്ക് പോകേണ്ടത് അങ്ങോട്ടേക്കാണെന്ന് മനസിലാക്കി ആ ലക്‌ഷ്യം മുന്നിൽ കണ്ടാണ് ഈ സ്ഥലങ്ങളിലേയ്ക്ക് അരിക്കൊമ്പൻ എത്തുന്നത്.
വീണ്ടും തനിക്ക് ആരോഗ്യം വീണ്ടെടുക്കാൻ ഉണ്ടെന്ന് മനസിലാക്കിയ ആന മേഘമലയിലേയ്ക്ക് തിരികെ എത്തി നാല്, അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് കമ്പം ഭാഗത്തേയ്ക്ക് എത്തുന്നത്. ഷണ്മുഖ ഡാമിന്റെ അടുത്തായി ആന തമ്പടിച്ചിരുന്നു. തമിഴ്‌നാട് നിരീക്ഷണം ശക്തമാക്കുമ്പോൾ ഉൾക്കാടിനുള്ളിൽ, കൊമ്പൻ കടക്കും. അതിനിടെ തമിഴ്‌നാട്ടിലെ ഒരു ഓഫീസർ അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന പേരിൽ ട്വിറ്ററിൽ പങ്കുവച്ച ഒരു വീഡിയോ കാണാൻ ഇടയായി.
ഗോഥയാറിന്റെ തീരത്ത് കണ്ണടച്ച് വളരെ അവശനായാണ് ആന അവിടെ നിൽക്കുന്നത്. അത് കണ്ടപ്പോൾ ശരിക്കും പറഞ്ഞാൽ ഒത്തിരി വിഷമം ആയി. ആന വളരെ അവശനായാണ് കാണപ്പെടുന്നത്. എന്റെ ചെറുപ്പകാലം മുതലേ ആന അവശ നിലയിലായാൽ ജലാശയത്തിന് അടുത്ത് തമ്പടിക്കും എന്ന് കേട്ടിട്ടുണ്ട്. തൊട്ട് താഴെ ആന അവശനാണെന്ന് ഞാൻ കുറിപ്പ് ഇട്ടു. ആ കുറിപ്പ് ഇങ്ങനെ ആയിരുന്നു...
ശാരീരിക അവശതയനുഭവിക്കുന്ന ആനകൾ ജലാശയത്തിനടുത്ത് നിലയുറപ്പിക്കുമെന്നത് ഒരു സത്യമാണ്. ആനകളുടെ ഒരു രീതിയാണ്.
ഈ ആന വളരെ അവശനാണ് അതിന്റെ ബോഡി അസാധാരണമാം വിധം വീക്കാണ്. ശരീരം താങ്ങി നിർത്താൻ കാലുകൾക്ക് ബലമില്ലാതെയാകുമ്പോൾ വെള്ളത്തിലിറങ്ങികിടന്ന് ശരീര ഭാരം കുറക്കാൻ .....അഥവാ നിയന്ത്രിക്കാൻ വേണ്ടി അവശതയുള്ള ആനകൾ ശ്രമിക്കും ..... അങ്ങിനെ വെള്ളത്തിലേക്ക് ഇറങ്ങാൻ ഇറങ്ങി കിടക്കാൻ ധൈര്യമില്ലാത്തത് കൊണ്ടാണത് ജലാശയത്തിന് സമീപത്ത് തന്നെ നിലയുറപ്പിച്ചിട്ടുള്ളത്. ഈ അവസ്ഥയിലെത്തി നിൽക്കുന്ന ആനയുടെ രൂപവും ഭാവവും കാണുമ്പോൾ ഭഗവാനെ അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന് ഞാൻ ശ്രീ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുകയാണ്. എന്നായിരുന്നു കുറിപ്പ്.
അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ആ വീഡിയോ മയക്ക് വെടിവയ്ക്കുന്നതിന് മുമ്പുള്ളതാണെന്ന് തനിയ്ക്ക് സംശയം ഉള്ളതായി അദ്ദേഹം ആരോപിക്കുന്നു. ഒരിക്കലും ആന മൂന്ന് ദിവസം കൊണ്ട് സാധാരണ നിലയിലേയ്ക്ക് ആവില്ല. ആ വീഡിയോ ഫെയ്ക്ക് തന്നെയാണെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ജനവാസമേഖലയിലേയ്ക്ക് ഇറങ്ങി കാട്ടിലേയ്ക്ക് ഓടിക്കയറിയ ആനയെ വീണ്ടും കാട്ടിനു പുറത്തേയ്ക്ക് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിച്ചത് എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു.
അരിക്കൊമ്പനെ ചിന്നക്കനാലിൽ മയക്ക് വെടി വച്ച്, പിടിച്ച സ്ഥലത്ത് തന്നെ തന്നെ കൂട് കെട്ടി കുറച്ച് ദിവസം ചികിൽസിച്ച് അതിനെ തുറന്ന് വിട്ടാൽ അത് കാട്ടിനുളിലേയ്ക്ക് തന്നെ തിരികെ പോകുമായിരുന്നു. ചികിത്സയ്ക്കിടെ കൂട്ടാനകൾ വരുമ്പോൾ പടക്കം പൊട്ടിച്ച് അവരെ അകറ്റിയാൽ മാത്രം മതിയായിരുന്നു. ഈ കൂട് പൊളിക്കാതെ ഇട്ടിരുന്നാൽ ആന ഉറപ്പായും ആ ഭാഗത്തേയ്ക്ക് തിരിച്ച് വരില്ല, അപകട കെണി മനസ്സിലാക്കുമ്പോൾ ഈ ആനകൾ, മനുഷ്യന് മനസിലാക്കാൻ സാധിക്കാത്ത രീതിയിൽ സന്ദേശങ്ങൾ കൈമാറും. ഇതോടെ ഒപ്പമുള്ള ആനകളും ഇങ്ങോട്ടേയ്ക്ക് കടക്കില്ലെന്ന് അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha