ബിപോർജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത. ബിപോർജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് കിഴക്കൻ രാജസ്ഥാന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി മാറി. ഇതോടെ അറബിക്കടലിൽ ദക്ഷിണേന്ത്യയാകെ കാലവർഷം ശക്തിപ്പെടുമെന്ന സൂചനയാണ് വരുന്നത്. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വിവിധ ജില്ലകളിൽ മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴയായ 7.6 സെന്റീമീറ്റർ കോട്ടയത്തു ലഭിച്ചു. പാലക്കാട് 5.8 സെന്റീമീറ്റർ മഴ പെയ്തു. ഇന്നു ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴക്ക് ചെറിയൊരു ആശ്വാസമുണ്ട്.
ചെന്നൈയിൽ 1996 ന് ശേഷം ആദ്യമായി ജൂണിൽ സ്കൂളുകൾക്ക് മഴ ഭീതിയിൽ അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 140 മില്ലിമീറ്റർ മഴ പെയ്തു. ചെന്നൈയിൽ പറന്നിറങ്ങേണ്ട 10 വിമാനങ്ങൾ ബെംഗളൂരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു. മഴ കുറഞ്ഞതോടെ ഇവയിൽ ഏഴെണ്ണം ചെന്നൈയിൽ തിരിച്ചിറങ്ങി. ചെന്നൈയിൽ പുറപ്പെടേണ്ട വിമാനങ്ങൾ മഴയെ തുടർന്ന് വൈകി. ഇതിൽ ചിലത് പുറപ്പെട്ടിട്ടുണ്ട്.
കനത്ത വേനലിൽ വിയർത്തുകുളിച്ച നഗരവാസികൾക്ക് ആശ്വാസമായാണ് മഴ എത്തിയത്. ചെന്നൈയിലും സമീപപ്രദേശങ്ങളിലും വ്യാപകമായി മഴ പെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച മഴ ആദ്യം ശക്തിയോടെയും പിന്നീട് ശക്തി കുറഞ്ഞും ഏറെ നേരം തുടർന്നു. ഉച്ചയോടെ മിക്കയിടങ്ങളിലും മഴ അവസാനിച്ചെങ്കിലും വൈകീട്ടും ആകാശം മേഘാവൃതമായിരുന്നു.
നഗരത്തിലെ താപനിലയിൽ കാര്യമായ മാറ്റമുണ്ടായി. ഇന്നും, നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ചൂട് ഉയർന്ന നിലയിൽ തുടരുന്നത് സ്കൂൾ വിദ്യാർഥികളെയടക്കം പ്രതിസന്ധിയിലാക്കിയിരിക്കെയാണ് മഴ എത്തിയത്. അതിനിടെ ഉത്തർപ്രദേശിൽ ഉഷ്ണതരംഗം നേരിടുന്നതിനിടെ ഗാസിയാബാദിൽ മഴ പെയ്തത് ആശ്വാസമായി.
രാജസ്ഥാന്‍റെ കിഴക്കൻ മേഖലയില്‍ ഇന്ന് കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറിൽ 40 കി.മീ വേഗതയില്‍ കാറ്റും വീശും. മധ്യപ്രദേശിലെ പടിഞ്ഞാറൻ മേഖലകയില്‍ ഇന്നും നാളെയും കനത്ത മഴക്കും കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചി ബംഗാളിന്റെ ഹിമാലയൻ മേഖലയിലും സിക്കിമിലും അടുത്ത അഞ്ച് ദിവസം അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഈ മേഖലയിൽ അതി തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അസമിലും മേഘാലയിലും ഇന്നും നാളെയും അതി തീവ്ര മഴ ലഭിക്കും. ഉത്തർപ്രദേശിലും ഹിമാചലിലും ഉത്തരാഖണ്ഡിലും വരും ദിവസങ്ങളിൽ മിതമായ മഴ ലഭിക്കും.
കനത്ത മഴയെ തുടർന്ന് അസമിലെ ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയർന്നു. ലഖിംപൂരിൽ വെള്ളപ്പൊക്കവും രൂക്ഷമായി തുടരുകയാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടർമാർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ ഇന്ത്യൻ സൈന്യം, ഇന്ത്യൻ വ്യോമസേന (ഐഎഎഫ്), എൻഡിആർഎഫ് എന്നിവയുൾപ്പെടെ എല്ലാ ഏജൻസികളുമായും അസം സർക്കാർ ബന്ധപ്പെട്ടുവരികയാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ഇത് വെള്ളപ്പൊക്കത്തിന്റെ തുടക്കം മാത്രമാണ്. എല്ലാ സജ്ജീകരണങ്ങളും തുടർന്ന് വരുന്നു. ഏത് സാഹചര്യവും നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമാണ്’- അസം ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എഎസ്‌ഡിഎംഎ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ഗ്യാനേന്ദ്ര ദേവ് ത്രിപാഠി വ്യക്തമാക്കി.
https://www.facebook.com/Malayalivartha