കടലിനുള്ളിലെ പാറക്കൂട്ടങ്ങൾ വരെ ദൃശ്യമായി; കന്യാകുമാരിയിൽ കടൽ 50 മീറ്ററോളം ഉള്ളിലേക്ക് വലിഞ്ഞു:- ആ പ്രതിഭാസത്തിൽ ഞെട്ടി ജനക്കൂട്ടം...
ജനങ്ങളെ ആശങ്കപ്പെടുത്തി കന്യാകുമാരിയിൽ ഇന്നലെ 50 മീറ്ററോളം കടൽ ഉള്ളിലേക്ക് വലിഞ്ഞു. രാവിലെ 6 മുതൽ 10 വരെയാണ് കടൽ ഉൾവലിഞ്ഞത്. കടലിനുള്ളിലെ പാറക്കൂട്ടങ്ങൾ വരെ വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിൽ കടൽ ഉൾവലിഞ്ഞതോടെ വിവേകാനന്ദ സ്മാരകത്തിലേക്കുള്ള ബോട്ട് സർവീസ് നിർത്തിവച്ചു. 10ന് കടൽ പൂർവസ്ഥിതിയിൽ എത്തിയതിനു ശേഷമാണ് ബോട്ട് സർവീസ് ആരംഭിച്ചത്.
കന്യാകുമാരി, ചിന്നമുട്ടം, കീഴമണക്കുടി, മണക്കുടി തുടങ്ങിയ തീരങ്ങളിൽ കടൽക്ഷോഭം ഉണ്ടായി. 10 മുതൽ 15 അടി വരെ ഉയരത്തിൽ തിരകൾ ഉയർന്നെങ്കിലും നാശനഷ്ടങ്ങളില്ല. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് കടൽ ഉൾവലിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കടലിന്റെ പ്രതിഭാസം കണ്ട് തീരമേഖല പരിഭ്രാന്തിയിലായിരുന്നു. 2004ൽ സൂനാമിത്തിരകൾ വരുന്നതിനു മുൻപും സമാനമായി സംഭവിച്ചിരുന്നു. കറുത്തവാവിനും പൗർണമിനാളിലും നടക്കാറുള്ള കടൽ ഉൾവലിയൽ പ്രതിഭാസമാണ് ഇന്നലെയും സംഭവിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു.
കടൽ ഭാഗത്ത് ഭൂകമ്പം ഉണ്ടായാൽ മാത്രമാണ് സൂനാമി സംഭവിക്കുകയുള്ളൂ എന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം പ്രദേശങ്ങളിൽ ഭൂകമ്പത്തിനുള്ള സാധ്യത ഇല്ലെന്നും കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. അതിനാൽ കടൽ ഉള്ളിലേക്ക് വലിഞ്ഞത് ഭയപ്പെടേണ്ടതില്ല.
പ്രദേശത്ത് ശക്തമായ തിരമാല അടിക്കാനുള്ള സാധ്യത ഉണ്ട്. അതേ സമയം കഴിഞ്ഞ 20 വർഷത്തിനിടയിൽ സമുദ്രങ്ങളുടെ നിറം മാറിയിട്ടുണ്ടെന്ന് പഠന റിപ്പോർട്ടുകൾ. ആഴത്തിലുള്ള നീല കടൽ കാലക്രമേണ പച്ചയായി മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് പഠനം. പ്രധാനമായും ഭൂമധ്യരേഖയ്ക്ക് സമീപം താഴ്ന്ന അക്ഷാംശങ്ങളിലുള്ള പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കണ്ടുവരുന്നത്.
കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവുമാവാം ഈ പ്രതിഭാസത്തിന് പിന്നിലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 'നേച്ചർ' ജേർണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ലോകത്തെ ആകെ സമുദ്ര മേഖലയുടെ പകുതിയിലധികം ഭാഗത്തും നിറവ്യതിയാനം ഉണ്ടായിട്ടുണ്ട്, ഭൂമിയുടെ ആകെ കര വിസ്തൃതിയെക്കാൾ കൂടുതലാണ് നിറവ്യത്യാസം കണ്ടെത്തിയ സമുദ്രമേഖല. സമുദ്രത്തിലെ ആവാസവ്യവസ്ഥയിൽ സംഭവിച്ച മാറ്റങ്ങളാണ് ഈ നിറത്തിലുള്ള വ്യത്യാസത്തിന് പ്രധാന കാരണമെന്നാണ് ഗവേഷകർ കരുതുന്നത്.
സമുദ്ര ഭക്ഷ്യ ശൃംഖലയുടെ കേന്ദ്രബിന്ദുവായ ചെറിയ പ്ലവകങ്ങളിൽ ഉണ്ടായ മാറ്റങ്ങളാണ് ഇതിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. സമുദ്രാന്തരീക്ഷം സുസ്ഥിരമാക്കി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് പ്ലവകങ്ങൾ. സമുദ്രത്തിന്റെ നിറവ്യത്യാസം മനസിലാക്കുക വളരെ പ്രധാനമാണ്. നിറം സമുദ്ര ആവാസവ്യവസ്ഥയുടെ പ്രതിഫലനമാണ്. അതിനാൽ നിറം മാറുന്നത് ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നു" പഠനത്തിലെ പ്രധാന ഗവേഷകനായ ബ്രിട്ടനിലെ നാഷണൽ ഓഷ്യാനോഗ്രഫി സെന്ററിലെ ബിബി കേൽ പറഞ്ഞു.
ബഹിരാകാശത്ത് ദൃശ്യമാകുന്ന കടലിലെ നിറം ജലത്തിന്റെ മുകളിലെ പാളികളിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സഹായിക്കും. സമുദ്രത്തിലെ കടുത്ത നീല നിറം ആ ഭാഗങ്ങളിൽ വലിയ മാറ്റങ്ങൾ നടക്കുന്നില്ലെന്നാണ് കാണിക്കുക. വെള്ളം പച്ചനിറമുള്ളതാണെങ്കിൽ ആ ഭാഗങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ നടക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. പ്രധാനമായും പച്ച പിഗ്മെന്റ് ക്ലോറോഫിൽ അടങ്ങിയിട്ടുള്ള ഫൈറ്റോപ്ലാങ്ക്ടണിൽ നിന്നുള്ള പ്രവർത്തനങ്ങളാണ് ഈ നിറത്തിന് കാരണം.
മിക്ക പ്രദേശങ്ങളിലും വ്യക്തമായ "ഗ്രീനിങ് ഇഫക്റ്റ്" ഉണ്ടെന്ന് കേൽ പറയുന്നു. " ഈ മാറ്റം വളരെ സൂക്ഷ്മവും സാവധാനവും നടക്കുന്നതാണ്. അതിനാൽ ആവസവ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടെന്ന് വിലയിരുത്താനാകില്ല. എന്നാൽ, മനുഷ്യന്റെ പ്രവർത്തനങ്ങളും ഇടപെടലുകളും എങ്ങനെ ഭൂമിയെ ബാധിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് ഇത്, " അദ്ദേഹം ചൂണ്ടിക്കാട്ടി.
നിറം മാറ്റം ഉണ്ടാകുന്നത് സമുദ്രത്തിലെ എന്ത് പ്രതിഭാസം മൂലമാണെന്നോ ഈ മാറ്റങ്ങൾ എത്രത്തോളം ശക്തമാണെന്നോ വ്യക്തമല്ല. നിറവ്യത്യാസങ്ങൾ കൃത്യമായി എന്താണ് അർത്ഥമാക്കുന്നത് എന്ന് കണ്ടെത്താൻ കൂടുതൽ പഠനം ആവശ്യമാണെന്ന് ഗവേഷകർ പറഞ്ഞു. 2024 ൽ നാസ വിക്ഷേപിക്കുന്ന പേസ് എന്ന ഉപഗ്രഹം സമുദ്രത്തിലെ നിറങ്ങളെ കുറിച്ചടക്കം പഠിക്കും
https://www.facebook.com/Malayalivartha