അടുക്കളത്തോട്ടമൊരുക്കാന്‍... മട്ടുപ്പാവിലെ ജൈവകൃഷി
അടുക്കളത്തോട്ടമൊരുക്കാന്‍... മട്ടുപ്പാവില്‍ ജൈവകൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിങ്ങനെ... ആദ്യമായി മണ്ണ്, കുമ്മായമിട്ട് ഒരു മാസം പരുവപ്പെടുത്തിയ ശേഷം, പച്ചച്ചാണകം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി, ചകിരിച്ചോറ് എന്നിവ ചേര്‍ത്ത് നടീല്‍ മാധ്യമം തയ്യാറാക്കാവുന്നതാണ്. നടീല്‍ മാധ്യമത്തിനായി മണ്ണു പരുവപ്പെടുത്തുമ്പോള്‍ തന്നെ വിത്തു പാകാനുള്ള കൂട്ട്, ചകിരിച്ചോറ്, മണ്ണിരകമ്പോസ്റ്റ് ചാണകപ്പൊടി എന്നിവ ചേര്‍ത്തു തയ്യാറാക്കണം. വിത്തു പാകി ഒരു മാസം കഴിഞ്ഞ് നടീല്‍ മാധ്യമം തയ്യാറാക്കുമ്പോള്‍ നടാനുള്ള തൈയും റെഡിയാകും.
പാവല്‍, പടവലം എന്നിവ നടുന്നതിനു ബേസിനുകളാണ് അനുയോജ്യം. വേരു പടര്‍ന്നു നല്ല വിളവു ലഭിക്കാന്‍ സഹായിക്കും. പാവല്‍ പന്തലില്‍ കയറുന്നതു വരെ വള്ളിയിലെ ഇലകള്‍ വെട്ടി മാറ്റി, വള്ളി മാത്രം കയറാന്‍ അനുവദിക്കണം പന്തലില്‍ ഇല വിരിച്ചു പടര്‍ന്നു കഴിഞ്ഞാല്‍ തലപ്പു നുള്ളി നന്നായി വളം ചെയ്യുന്നതു കായ്ഫലം കൂട്ടാന്‍ സഹായിക്കും. പച്ചക്കറി വിളകളുടെ താഴത്തെ ഇല മണ്ണില്‍ മുട്ടിക്കിടക്കരുത്.
പടരുന്ന വിളകള്‍ക്ക് ടെറസിന്റെ സണ്‍ഷേഡിന് അരികിലായി ജിഐ പൈപ്പുകള്‍ നാട്ടി പടരാന്‍ സൗകര്യമൊരുക്കാം. കായ് പിടിക്കുന്നതുവരെ ആഴ്ചയില്‍ ഒരു പ്രാവശ്യവും കായ് വന്നു കഴിഞ്ഞാല്‍ രണ്ടും മൂന്നും പ്രാവശ്യവും വളം നല്‍കാം. ബയോഗ്യാസ് സ്ലറി, പച്ചച്ചാണകവും കടലപ്പിണ്ണാക്കും ശര്‍ക്കര ചേര്‍ത്തു പുളിപ്പിച്ചത്, ഉള്ളിത്തോടോ കടലപ്പിണ്ണാക്കോ ചേര്‍ത്തു പുളിപ്പിച്ച് കഞ്ഞിവെള്ളം, ഗോമൂത്രം, ഫിഷ് അമിനോ ആസിഡ് എന്നിവ മികച്ച ജൈവവളങ്ങളാണ്.
പച്ചക്കറി അവശിഷ്ടം നുറുക്കിയതു ബയോഗ്യാസ് സ്ലറിയിലോ, കഞ്ഞിവെള്ളത്തിലോ ശര്‍ക്കര ചേര്‍ത്തു പുളിപ്പിക്കണം. 2-3 ദിവസം കഴിഞ്ഞ് അരിച്ചെടുത്തു നേര്‍പ്പിച്ച് ചുവട്ടിലൊഴിക്കാം. ഇതു ചായ അരിപ്പയില്‍ അരിച്ചെടുത്തു ചെടികള്‍ക്കു സ്‌പ്രേ ചെയ്യാം.
ഫിഷ് അമിനോ ആസിഡ് ഇലകളില്‍ തളിക്കാന്‍ പാടില്ല. സ്‌പ്രേ ചെയ്യുകയാണു വേണ്ടത്. ചുവട്ടിലൊഴിക്കാന്‍ ഒരു കപ്പ് ഫിഷ് അമിനോയ്ക്ക് 30 കപ്പ് വെള്ളം ചേര്‍ക്കണം. സ്‌പ്രേ ചെയ്യാന്‍ ഒരു കപ്പിന് 35 കപ്പ് വെള്ളം ചേര്‍ത്ത് അരിച്ചെടുക്കണം. എഗ് അമിനോ ആസിഡ് ചുവട്ടില്‍ ഒഴിക്കാനേ പാടില്ല. നേര്‍പ്പിച്ചു ചെയ്താല്‍ പൂക്കളും കായ്ഫലവും വര്‍ദ്ധിപ്പിച്ചേക്കും.
" f
https://www.facebook.com/Malayalivartha