അറബിക്കടലിൽ കേരള തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും ചുഴലിക്കാറ്റാകും:- കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ പ്രദേശങ്ങളിൽ ശക്തമായ മഴ: മിന്നല്‍ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യത; വേണം ജാഗ്രത...
കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ ഇന്നും മഴ ശക്തമാകും. അറബിക്കടലിൽ കേരള തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും നിലനിൽക്കുകയാണ്. ഈ ന്യൂനമർദം ചുഴലിക്കാറ്റാകും. കേരളത്തിൻ്റെ പടിഞ്ഞാറൻ തീരങ്ങളിൽ ശക്തമായ മഴ സാധ്യത ഇന്നും നിലനിൽക്കുന്നു. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ പ്രദേശങ്ങളിൽ ഇന്നും ശക്തമായ മഴ ലഭിക്കും. വടക്കൻ കേരളത്തിൽ കിഴക്കൻ മലയോര മേഖലകളിൽ മഴയുടെ ശക്തി കുറയാൻ സാധ്യത. അറബിക്കടൽ ന്യൂനമർദ്ദത്തെ തുടർന്നാണിത്. ശനിയാഴ്ചയും കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ ശക്തമായി തുടരും.
ഞായറാഴ്ച മിക്കപ്രദേശങ്ങളിലും മഴക്ക് കുറവുണ്ടാകും. മഴയുടെ ശക്തി കുറയുകയോ വെയിൽ തെളിയുകയോ ചെയ്യും. തിങ്കളാഴ്ച വീണ്ടും മഴ ശക്തിപ്പെടാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ചക്ക് ശേഷം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം റിമാൽ ചുഴലിക്കാറ്റായി മാറുകയും അകന്നു പോവുകയും ചെയ്യുന്നതോടെ മഴ കുറഞ്ഞേക്കും. ഇന്ന് എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളിലാണ് മഴ ശക്തിപ്പെടുക. അതേസമയം, കാലവർഷം ശ്രീലങ്കയുടെ പകുതി ഭാഗവും കവർ ചെയ്തു. തെക്കൻ മേഖലയിൽ നിന്ന് മധ്യ ശ്രീലങ്ക വരെയുള്ള പ്രദേശത്താണ് കാലവർഷം വ്യാപിച്ചത്.
ശ്രീലങ്കയുടെ വടക്കൻ മേഖലയിലേക്ക് അടുത്ത ദിവസങ്ങളിൽ കാലവർഷം എത്തും എന്നാണ് പ്രതീക്ഷ. ഇതോടൊപ്പം തെക്കൻ ആൻഡമാൻ കടലിൻ്റെ ഭാഗങ്ങളിലും തെക്കൻ ആൻഡമാൻ ദ്വീപുകൾ പൂർണമായും കന്യാകുമാരി കടലിലെ മറ്റു ഭാഗങ്ങളിലേക്കും കാലവർഷം എത്തും. കേരളത്തിൽനിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയാണ് നിലവിൽ കാലവർഷം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പെയ്ത കനത്ത മഴ മഴയുടെ കുറവ് നികത്തിയിട്ടുണ്ട്.
കേരളത്തിൽ കുറഞ്ഞ സമയത്തിനുള്ളില്‍ പലയിടത്തും കൂടുതല്‍ മഴ ലഭിക്കുകയും, മിന്നല്‍ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാലും പൊതുജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ 223പേരെയാണ് ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടുള്ളതെന്നും എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ നിലവില്‍ പ്രവർത്തിക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പേജിലൂടെ പറഞ്ഞു. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കരുതലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടതോടെ പെരുമഴയില്‍ വലയുകയാണ് കേരളം. സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും കടലേറ്റവും തുടരുന്നുണ്ട്. ഇന്ന് ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം മുതല്‍ പാലക്കാടുവരെയുള്ള ആറുജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍പോകരുത്. ഇടിമിന്നലിനും മണിക്കൂറില്‍ 55 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ഇടയുള്ളതിനാല്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
https://www.facebook.com/Malayalivartha