കാലവർഷം ഇന്നെത്താൻ ഇരിക്കെ കാത്തിരിക്കുന്നത് മേഘവിസ്ഫോടനവും, മിന്നൽ പ്രളയവും...? 3 മണിക്കൂറിൽ 5 ജില്ലകളിൽ ശക്തമായ മഴ...
കഴിഞ്ഞ ദിവസം നാലു മണിക്കൂറിലേറെ തുടർച്ചയായി പെയ്ത മഴയിൽ സംസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. തിരുവനന്തപുരം, കൊച്ചി നഗരങ്ങൾ മഴയിൽ മുങ്ങി. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ്ഞു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ശ്രീകോവിലിനുചുറ്റും വെള്ളം നിറഞ്ഞു.100 ഓളം വീടുകളിൽ വെള്ളം കയറി. കമ്പോളമായ ചാലയിലും മുട്ടൊപ്പം വെള്ളം. കൊല്ലത്ത് മുണ്ടയ്ക്കലിൽ കടലാക്രമണം. ആലപ്പുഴയിൽ ദേശീയ പാതയിലുൾപ്പടെ വെള്ളം കയറി. മൂന്നു വീട് പൂർണമായും 13 വീട് ഭാഗീകമായും തകർന്നു.
1000ത്തോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.12 ക്യാമ്പുകളിലായി 392 കുടുംബങ്ങളുണ്ട്. തിരുവല്ലയിൽ മൂന്നു വീടുകൾ ഭാഗീകമായി തകർന്നു.മണിമലയാർ കരകവിഞ്ഞു.കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞു.ഇടുക്കിയിൽ ചെറുതോണി പുഴയിൽ ജലനിരപ്പുയർന്നു. കൊച്ചിയിൽ ഇൻഫോപാർക്ക് ക്യാമ്പസിലും കളമശേരി മൂലേപ്പാടത്തെ നൂറോളം വീടുകളിലും വെള്ളം കയറി. ഫയർഫോഴ്‌സ് ജിഗ്ഗി ബോട്ട് എത്തിച്ച് മൂലേപ്പാടത്തെ കുടുംബങ്ങളെ മാറ്റി. കുന്നുംപുറം ആലപ്പാട് നഗറിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് ജെ.സി.ബിയുടെ സഹായത്തോടെയാണ് താമസക്കാരെ മാറ്റിയത്.
ഇതിനിടെ പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. മിന്നൽ പ്രളയമുണ്ടാകാം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവും. കൂമ്പാര മേഘങ്ങൾ രൂപപ്പെട്ട് മേഘവിസ്ഫോടനം സംഭവിക്കാം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൂടും. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനിൽക്കുകയാണ്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നല്‍ / കാറ്റോടുകൂടിയ മഴക്ക് സാധ്യത ഉണ്ട്. മണ്‍സൂണ്‍ സീസണില്‍ പെയ്യുന്ന തീവ്ര മഴയുടെ ഭാഗമായി ജല നിരപ്പുയരുന്ന അവസ്ഥയാണ് പ്രളയം.
എന്നാല്‍ കടുത്ത മഴയെ തുടര്‍ന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ ചുരുങ്ങിയത് ആറ് മണിക്കൂറിനുള്ളില്‍ വെള്ളം കയറുന്ന അവസ്ഥയാണ് മിന്നല്‍ പ്രളയം. മേഘവിസ്‌ഫോടനമാണ് ഇന്ത്യയിലെ മിന്നല്‍ പ്രളയത്തിന്റെ പ്രധാന കാരണമായി പറയുന്നത്. മേഘ വിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന കനത്ത മഴയും മണ്ണിടിച്ചിലുമൊക്കെ മിന്നല്‍ പ്രളയത്തിലേക്ക് നയിക്കും.
കൊച്ചിയിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളക്കെട്ടുമുണ്ടാകാൻ കാരണമായത് മേഘവിസ്ഫോടനമാണെന്നാണ് വിലയിരുത്തലുകൾ. വളരെ ചെറിയ സമയത്തിനുള്ളിൽ ഉണ്ടാകുന്ന അതിതീവ്ര മഴയാണ് മേഘവിസ്ഫോടനം. ചുരുങ്ങിയ സമയത്തിൽ പേമാരി തന്നെ പെയ്യുന്നത് ഏതു പ്രദേശത്തും പ്രളയമുണ്ടാക്കാൻ സാധ്യതയുണ്ട്. ശക്തമായ ഇടിയും മിന്നലും ഉരുൾപൊട്ടലും കൂടിയാകുന്നതോടെ നാശനഷ്ടങ്ങൾ വർധിക്കുകയും രക്ഷാപ്രവർത്തനം ദുഷ്കരമാവുകയും ചെയ്യും. കുമുലോനിംബസ് എന്ന വലിയ മഴമേഘങ്ങളാണ് മേഘവിസ്ഫോടനങ്ങൾക്ക് കാരണമാകുന്നത്.
എല്ലാ കുമിലോനിംബസ് മേഘങ്ങളും പെരുമഴയ്ക്ക് കാരണമാകുന്നില്ലെങ്കിലും ഇത്തരം മേഘങ്ങളുടെ വലിപ്പം ശക്തമായ മഴയുണ്ടാക്കാൻ കൂടുതൽ സാധ്യതയുള്ളതാണ്. അത്തരത്തിൽ മേഘവിസ്ഫോടനം സംഭവിക്കാൻ സാധ്യതയുള്ള മേഘങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് ഈർപ്പമുള്ള വായുകണങ്ങളേയും വഹിച്ചുകൊണ്ട് അന്തരീക്ഷത്തിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുന്നു. ഈ മഴ മേഘങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് 15 കിലോമീറ്റർവരെ ഉയരത്തിൽ എത്തും.
ഇത്തരം കൂറ്റൻ കുമുലോനിംബസ് മേഘങ്ങളാലാണ് ശക്തമായ മേഘവിസ്ഫോടനം സംഭവിക്കുന്നത്. ഈ മേഘങ്ങൾക്കുള്ളിൽ ശക്തമായ വായൂചംക്രമണം നടക്കുന്നതിന്റെ ഭാഗമായി മേഘങ്ങളുടെ മുകളിൽ ഐസ് ക്രിസ്റ്റലുകളും താഴെ ഭാഗത്ത് ജലകണങ്ങളും രൂപപ്പെടുന്നു. അന്തരീക്ഷത്തിൽ പത്ത് കിലോമീറ്ററിന് മുകളിലെത്തുന്ന മേഘങ്ങൾ അവിടത്തെ താപനില -40 മുതൽ -60 ഡിഗ്രി സെൽഷ്യസ് ആയതിനാൽ ഉടൻ തന്നെ മഞ്ഞുകണങ്ങളായി മാറുകയും വായൂപ്രവാഹം ശമിക്കുമ്പോൾ ഗുരുത്വാകർഷണം കാരണം താഴേക്ക് പതിക്കുകയും ചെയ്യുന്നു.
ഭൂമിയുടെ പ്രതലത്തിലേക്കെത്തുന്ന മഞ്ഞുകണങ്ങൾ ഉയർന്ന താപനിലയിൽ ജലത്തുള്ളികളായി ഭൂമിയിലേക്ക് പതിക്കുന്നു. അതൊരു ശക്തമായ പേമാരിയായി മാറുന്നതിലൂടെയാണ് ഇപ്പോൾ സംഭവിച്ചതുപോലെയുള്ള അതിതീവ്രമായ പ്രളയമുണ്ടാകുന്നത്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്.
ഇത് മിന്നൽ പ്രളയത്തിന് വഴിവയ്ക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. സംസ്ഥാനത്ത് കാലവർഷം ഇന്നെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നിലനിൽക്കുകയാണ്. 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha