മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം:- കണ്ണൂരിൽ യെലോ അലർട്ട്; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...
മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് ആണ് സാധ്യത. കണ്ണൂരിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിയോടും കാറ്റോടും കൂടിയ മഴയാണ് കിട്ടാൻ സാധ്യത. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്.
തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കാറ്റിന്റെ വേഗം കൂടാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതിനിടെ ശനിയാഴ്ച പെയ്ത അതിശക്ത മഴയിൽ തൃശ്ശൂരിന്റെ മലയോരമേഖലയിലൊഴികെ കനത്ത നാശം. മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ രണ്ടുപേർ മരിച്ചു. മുല്ലശ്ശേരിയിൽ മിന്നലിൽ സ്ത്രീക്ക് പരിക്കേറ്റിട്ടുമുണ്ട്. മഴയെത്തുടർന്ന് റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ നഗരങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് കോതകുളം സ്വദേശി നിമിഷയ്ക്ക് മിന്നലേറ്റത്. വീടിനു പുറത്തുള്ള കുളിമുറിയിൽ കുളിക്കാൻ പോയപ്പോഴാണ് ശക്തമായ ഇടിയും മിന്നലുമുണ്ടായത്.
നിമിഷ തിരിച്ചു വരാത്തതിനാൽ വീട്ടിലുള്ളവർ അന്വേഷിച്ചുചെന്നപ്പോൾ കുളിമുറിയിൽ വീണുകിടക്കുന്നതു കണ്ടു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. കുളിമുറിയിലെ വയറിങ് ഉരുകിയിരുന്നു. ബൾബ് പൊട്ടിച്ചിതറിയിരുന്നു. ഒരു ഭാഗത്തെ കോൺക്രീറ്റ് അടർന്നു പോയിട്ടുണ്ട്. ഇതിനിടെ കനത്ത മഴയെ തുടര്‍ന്ന് മംഗലം ഡാം കടപ്പാറയില്‍ കുടുങ്ങിയ ആറ് യുവാക്കളെയും രക്ഷപ്പെടുത്തി.
കടപ്പാറ ആലിങ്കല്‍ വെള്ളചാട്ടം കാണാനെത്തിയ യുവാക്കളാണ് വൈകിട്ട് കുടുങ്ങിയത്. വൈകുന്നേരം പെയ്ത കനത്ത മഴയില്‍ പോത്തന്‍തോട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് യുവാക്കള്‍ അകപ്പെടുകയായിരുന്നു. വടക്കഞ്ചേരി അഗ്‌നിരക്ഷാസേനയും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രാത്രി എട്ടരയോടെയാണ് യുവാക്കളെ ഇക്കരെയെത്തിച്ചത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്തേക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി വീശുന്നുണ്ട്. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ മുതൽ ആറാം തീയതി വരെ : കേരള- കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത ഉണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.06 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
https://www.facebook.com/Malayalivartha