വള്ളി പയറിനങ്ങള്‍ കൃഷിചെയ്യാം...
വള്ളി പയറിനങ്ങള്‍ കൃഷിചെയ്യാന്‍ ഒരു സെന്റിന് 30 ഗ്രാം വിത്തും കുറ്റിപ്പയര്‍ ഇനങ്ങള്‍ക്ക് 100 മുതല്‍ 120 ഗ്രാം വിത്തും ആവശ്യമാണ്. നല്ല നീര്‍വാര്‍ച്ചയുള്ളതും ഫലഭൂയിഷ്ഠവുമായ പശിമരാശി മണ്ണാണ് പയര്‍ കൃഷിക്ക് ഏറ്റവും യോജിച്ചത്. പുളിരസം കൂടിയ മണ്ണില്‍ കുമ്മായം ചേര്‍ക്കേണ്ടതുണ്ട്. മണ്ണ് പരിശോധനയുടെ ശുപാര്‍ശ പ്രകാരമോ അല്ലെങ്കില്‍ ഒരു സെന്റിന് രണ്ട് കിലോഗ്രാം തോതിലോ കുമ്മായം മണ്ണില്‍ അവസാനവട്ട ഉഴവിലോ, കിളയിലോ മണ്ണില്‍ കൂട്ടി ചേര്‍ത്തു കൊടുക്കണം.
വേനലില്‍ ചാലുകളോ കുഴികളോ തയ്യാറാക്കിയും മഴക്കാലത്ത് മണ്‍കൂനകളോ, മണ്‍തിട്ടകളോ തയ്യാറാക്കിയോ വള്ളി പയര്‍ വിത്തുകള്‍ നടാം. വിത്ത് പാകുന്നതിന് മുമ്പ് റൈസോബിയം കള്‍ച്ചര്‍ വിത്തില്‍ പുരട്ടുന്നത് വിളവര്‍ധനവിന് സഹായിക്കും. പഴകിയ കഞ്ഞി വെള്ളത്തില്‍ റൈസോബിയം കള്‍ച്ചര്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി വിത്ത് അതില്‍ മുക്കി നന്നായി കലര്‍ത്തി തണലില്‍ ഉണക്കി നടീലിന് ഉപയോഗിക്കാവുന്നതാണ്. നിശ്ചിത അകലത്തിലാകണം വിത്തുകള്‍ നടേണ്ടത്.
മാത്രവുമല്ല അടിവളമായി ഒരു സെന്റിന് 80 കിലോഗ്രാം ജൈവവളവും യൂറിയ 90 ഗ്രാം, രാജ് ഫോസ് 600 ഗ്രാം, എംഒപി 65 ഗ്രാം എന്ന തോതില്‍ ചേര്‍ത്ത് കൊടുക്കണം. നടീല്‍ കഴിഞ്ഞ് 1520 ദിവസമാകുമ്പോള്‍ 85 ഗ്രാം യൂറിയ മേല്‍വളമായും ചേര്‍ക്കണം.
ജൈവകൃഷി രീതിയില്‍ അടിവളമായി 80 കിലോ ജൈവവളങ്ങളും മേല്‍വളങ്ങളായി 80 കിലോ ചാണകവും 8 കിലോ മണ്ണിര കമ്പോസ്റ്റും ചേര്‍ത്ത് കൊടുക്കണം. മേല്‍ വളങ്ങള്‍ പച്ച ചാണകം, പിണ്ണാക്ക് എന്നിവ വെള്ളത്തില്‍ ചേര്‍ത്ത് (200 ഗ്രാം രണ്ട് ലിറ്റര്‍ വെള്ളം) എന്ന തോതില്‍ ആഴ്ചകള്‍ തോറും കൊടുക്കാം. പടരാന്‍ തുടങ്ങുമ്പോള്‍ പന്തലൊരുക്കണം. കളയെടുപ്പ്, ജലസേചനം ഇടയിളക്കല്‍ എന്നിവ യഥാസമയം ചെയ്യണം.
ചെടികള്‍ പുഷ്പിക്കുന്ന സമയത്തും രണ്ടാമത്തെ വിളവെടുപ്പ് കഴിഞ്ഞും മണ്ണ് കയറ്റി കൊടുക്കണം. വളര്‍ച്ചയുടെ ഘട്ടത്തില്‍ വള്ളിയുടെ തലകള്‍ നുള്ളി കൊടുക്കുന്നത് വിള വര്‍ധനയ്ക്ക് വളരെ നല്ലതായിരിക്കും.
https://www.facebook.com/Malayalivartha