ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും; വയനാട് സംഭവിച്ചത്....
ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി വയനാട്ടിലെ പ്രദേശവാസികൾ. രാവിലെ 10 മണിയോടെയാണ് സംഭവം. നെന്മേനി വില്ലേജിലെ സ്ഥലങ്ങളിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാർ പലരും കരുതിയത്. എന്നാൽ അതല്ലെന്ന് പിന്നീട് മനസിലായി. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാർ പറയുന്നു.
വയനാട്ടിൽ പലയിടത്തും ചെറിയ തോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ. കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ എന്നിവിടങ്ങളോടു ചേർന്ന ചില പ്രദേശങ്ങളിൽ ചെറിയതോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞു. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ റവന്യു വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും വില്ലേജ് ഓഫിസർമാരോടു സംഭവസ്ഥലത്തെത്താൻ നിർദേശം നൽകിയതായും വൈത്തിരി തഹസിൽദാർ പറഞ്ഞു.
https://www.facebook.com/Malayalivartha