കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്...
കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ് . ഇന്ന് മുതൽ നാല് ദിവസം വടക്കൻ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തിയും രൂപപ്പെട്ടു. പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാർഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു.
ഇന്നലെയും 22നും പകൽ മഴ വിട്ടു നിന്നെങ്കിലും ഇന്ന് കേരളത്തിൽ പലയിടങ്ങളിലും മഴ ലഭിക്കും.മഹാരാഷ്ട്ര തീരത്തുള്ള അറബിക്കടലിലെ ന്യൂനമർദ്ദം ഇന്ന് ദുർബലമാകാനാണ് സാധ്യത.എന്നിരുന്നാലും ഇതിൻ്റെ അവശേഷിപ്പുകൾ തുടരുന്നത് മഴക്ക് അനുകൂല അന്തരീക്ഷം ഒരുങ്ങും. കൊങ്കൺ മേഖല, രത്നഗിരി, ഗോവ, മുംബൈ, പൂനെ, താനെ തുടങ്ങിയ ഇടങ്ങളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത ഉണ്ട്. ന്യൂനമർദ്ദങ്ങളുടെയും ന്യൂനമർദ്ദപാത്തിയുടെയും ഫലമായി കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായി മിതമായ അല്ലെങ്കിൽ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 24, 27 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലേർട്ട്
ഇന്ന് : കോഴിക്കോട്, കണ്ണൂർ, കാസർകോട്
25 - 08 - 2024 : കണ്ണൂർ, കാസർകോട്
26 - 08 - 2024 : കോഴിക്കോട്, കണ്ണൂർ, കാസർകോട്
27 - 08 - 2024 : കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഈ ജില്ലകളിലാണ് നിലവിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയാണ് ഇവിടങ്ങളിൽ. ഒരുദിവസം 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ കൊണ്ട് അർഥമാക്കുന്നത്. ചൊവ്വാഴ്ച വരെ: മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്.
ഇന്ന് പടിഞ്ഞാറൻ അറബിക്കടലിന്‍റെ ചില ഭാഗങ്ങൾ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടലിന്റെ കിഴക്കൻ ഭാഗങ്ങൾ, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മിക്ക ഭാഗങ്ങളും , മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടലിന്റെ മിക്ക ഭാഗങ്ങളും, വടക്കൻ ആന്ധ്രാ പ്രദേശ് തീരം, എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്.
അതിനിടെ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദേശവും നിലനിൽക്കുന്നുണ്ട്.
https://www.facebook.com/Malayalivartha