സംസ്ഥാനത്ത് മഴ കനക്കും: 8 ജില്ലകളിൽ യെല്ലോ അലർട്ട്:- അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ...
സംസ്ഥാനത്ത് മഴ കനക്കുമെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. 8 ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഞായറാഴ്ചയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലും മണിക്കൂറിൽ 30 മുതൽ 40 കിലേമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ചില അവസരങ്ങളിൽ കാറ്റിന്റെ വേഗത് 55 കിമി വരെ നീളാൻ സാധ്യത ഉണ്ടെന്നും തീരദേശത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിലും മണിക്കൂറിൽ 45 കിമി വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരുന്നു. അതിശക്തമായ മഴയാണ് ഇവിടങ്ങളിൽ ലഭിച്ചത്. മഴയിൽ പാലക്കാട് ജില്ലയിൽ വിവിയിടങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു.
ഷോളയൂർ തെക്കേ കടമ്പാറയിൽ ശക്തമായ മഴയിൽ വീട് തകർന്നു. തെക്കേ കടമ്പാറ സ്വദേശി വിമലവേണിയുടെ വീടാണ് തകർന്നത്. ചുണ്ടക്കളം ഊരിലുള്ള രാജേഷ് എന്നയാളുടെ വീടിന്റെ മതിലും മഴയിൽ തകർന്നു. കുറവൻപാടി, പുലിയറ മേഖലകളിൽ കഴിഞ്ഞ ദിവസം കനത്ത മണ്ണിടിച്ചിലും ഉണ്ടായിരുന്നു. കൊല്ലം ജില്ലയിലും ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കൊല്ലത്ത് കടയ്ക്കലിൽ ചിതറ പഞ്ചായത്തിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.
ബംഗാൾ ഉൾക്കടലിൽ 5ന് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിനെത്തുടർന്ന് മഴ ശക്തി പ്രാപിക്കും. നവംബറിൽ സംസ്ഥാനത്ത് ശരാശരിയിലും കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അധികൃതർ പറഞ്ഞു. ചെന്നൈയിൽ അടുത്ത 48 മണിക്കൂർ അന്തരീക്ഷം മേഘാവൃതമായി തുടരും. ചില സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മിതമായ മഴയ്ക്കു സാധ്യതയുണ്ട്.
ഉയർന്ന താപനില 33–34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25–26 ഡിഗ്രി സെൽഷ്യസും ആകും. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തുലാവർഷത്തിന്റെ ആദ്യ പാദമായ ഒക്ടോബറിൽ കേരളത്തിൽ സാധാരണ ലഭിക്കാറുള്ളതിനേക്കാൾ കുറവ് മഴയാണ് ലഭിച്ചത്. അതിനാൽ വരും ദിവസങ്ങളിൽ തുലാവർഷം ശക്തിപ്രാപിക്കാനും നാശനഷ്ടങ്ങൾ ഏറാനും സാധ്യത കൽപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha