ഉച്ചയ്ക്ക് ശേഷവും തെക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ മഴ സാധ്യത; ഇടിമിന്നലോടു കൂടിയ മഴ വരും ദിവസങ്ങളിലും...
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നറിയിപ്പിൽ പറയുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
നവംബർ 05 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തുലാമഴയായതിനാൽ വൈകുന്നേരങ്ങളിൽ ശക്തമായ ഇടിമിന്നലും മഴയുമാണ് അനുഭവപ്പെടുന്നത്. ഏറ്റവുമൊടുവിൽ എത്തിയ കാലാവസ്ഥാ റിപ്പോർട്ടിൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. 06/11/2024: തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ വടക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
07/11/2024: തെക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്രാപ്രദേശ് തീരം, വടക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇതിനിടെ വീടിൻ്റെ ടെറസിൽ തുണി വിരിക്കാൻ കയറിയ യുവതിക്ക് മിന്നലേറ്റു. അവണാക്കുഴി ഊറ്റുകുഴി സുജാത ഭവനിൽ ശശിധരൻ്റെ മകൾ ഐശ്വര്യ ശശിധരനാണ് (25) പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.
തുണി വിരിക്കാൻ കയറിയപ്പോഴാണ് മിന്നലേറ്റത്. കഴുത്തിനും മറ്റ് ശരീര ഭാഗത്തും പൊള്ളലേറ്റു. ഇതിനിടയിൽ യുവതിക്ക് ഹൃദയസ്തംഭനമുണ്ടായതായും പോലീസ് പറഞ്ഞു. ഉടൻ തന്നെ നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് വിദഗ്ദ ചികിൽസയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രി ലേക്ക് മാറ്റി.
ശ്രദ്ധിക്കുക മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
https://www.facebook.com/Malayalivartha