സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്...
സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ ലഭിക്കുമെന്ന റിപ്പോർട്ടുകളാണ് കാലാവസ്ഥ വകുപ്പ് നിലവിൽ പങ്കുവയ്ക്കുന്നത്. ചക്രവാതച്ചുഴികളുടെ സ്വാധീനത്തിൽ ആണ് മഴ ശക്തമാകുന്നത്. മന്നാർ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിലും, തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്തും, തെക്കൻ അറബിക്കടലിന്‍റെ മധ്യഭാഗത്തുമായി മൂന്ന് ചക്രവാതച്ചുഴികളായിരുന്നു ഉണ്ടായിരുന്നത്. ഇവയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
09 - നും 10നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് തന്നെയാണ്. ഞായറാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് (07 - 11 - 2024) മധ്യ - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‍റെ പടിഞ്ഞാറേ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറേ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്ര പ്രദേശ് തീരവും അതിനോട് ചേർന്ന വടക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ 35 തൊട്ട് 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരേയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ല.
നാളെ (08- 11 - 2024) തെക്കൻ ആന്ധ്ര പ്രദേശ് തീരത്തും അതിനോട് ചേർന്ന വടക്കൻ തമിഴ്‌നാട് തീരത്തും, അതിനോട് ചേർന്ന കടൽ പ്രദേശം എന്നിവിടങ്ങളിലും മണിക്കൂറിൽ 35 - 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരേയും വേഗതയിൽ ശക്തിയുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
തുലാവർഷം തുടങ്ങിയ ഒക്ടോബർ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. നവംബർ ആദ്യം മഴ അതിശക്തമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴക്കപ്പുറം സംസ്ഥാനത്താകെ മഴ ശക്തമായിട്ടില്ല. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം നോക്കിയാൽ നവംബർ 10 -ാ തിയതിവരെ സംസ്ഥാനത്ത് മഴ ശക്തമാകില്ലെന്നാണ് വ്യക്തമാകുന്നത്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ലെന്നതാണ് യാഥാർത്ഥ്യം. അതിനിടെ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ശ്രദ്ധിക്കുക മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
https://www.facebook.com/Malayalivartha