വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നു മുതല്‍ നവംബര്‍ 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എന്നാല്‍ മധ്യ - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്ധ്രാപ്രദേശ് തീരം അതിനോട് ചേര്‍ന്ന വടക്കന്‍ തമിഴ്‌നാട് തീരം, മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപം കഴിഞ്ഞ ദിവസം രൂപപ്പെട്ട ചക്രവാത ചുഴിയെ തുടർന്ന് ആണ് കേരളത്തിലും മഴ സാധ്യത. ഇന്നലെ തമിഴ്നാട്ടിൽ മഴ ലഭിച്ചിരുന്നു. ഇന്ന് തമിഴ്നാട്ടിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ഇന്ന് ഉച്ചക്ക് ശേഷം തെക്കൻ കേരളത്തിൽ ഇടിയോടെ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ചക്രവാത ചുഴി കിഴക്കൻ കാറ്റിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് മൂലം, സ്വാഭാവിക തുലാവർഷത്തിന് ഏതാനും ദിവസം തടസമുണ്ടാകും. ഇടിയോടെ മഴ ലഭിക്കുമെങ്കിലും അത് ചക്രവാത ചുഴിയുടെ ഭാഗമായ മഴയാണ്. ഇന്ന് രാവിലത്തെ ഉപഗ്രഹ ചിത്ര പ്രകാരം കേരളത്തിലെ തീരത്ത് ശക്തമായ മേഘ സാന്നിധ്യം ഉണ്ട്. കൊച്ചിയോട് അടുപ്പിച്ചുള്ള പ്രദേശങ്ങളിലാണ് മേഘങ്ങൾ ഉള്ളത്.
ഈ മേഘങ്ങൾ കൊച്ചി തീരക്കടലിലും തീരദേശത്തും മഴ നൽകും. അതോടൊപ്പം ചെന്നൈക്കും പുതുച്ചേരിക്കും ഇടയിലുള്ള പ്രദേശത്തും സമാന രീതിയിൽ മേഘ സാന്നിധ്യം ഉണ്ട്. ഇവിടെയും ചക്രവാത ചുഴിയുടെ ഭാഗമായി ഇന്നും നാളെയും മഴ ലഭിക്കും. ശ്രീലങ്കയിൽ പരക്കെയും തമിഴ്നാടിന്റെ തെക്കൻ മേഖലയിലും ഇന്ന് മേഘാവൃതം ആയിരിക്കും. ഇവിടങ്ങളിൽ ഇന്ന് മഴ ലഭിക്കാനാണ് സാധ്യത. തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിലും മേഘം നിറഞ്ഞ ആകാശമാകും.
ഇന്ന് ഉച്ചയ്ക്ക് ശേഷം കോതമംഗലം, കറുകച്ചാൽ, ചെങ്ങന്നൂര്, കായംകുളം, ഈരാറ്റുപേട്ട, പത്തനംതിട്ട, ളാഹ, പമ്പ വൈക്കം, പുനലൂര്, വിതുര പ്രദേശങ്ങളിൽ ശക്തമായ മിന്നലോട് കൂടെയുള്ള മഴ സാധ്യത. കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടാകും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ചാറ്റൽ മഴ രാത്രി പ്രതീക്ഷിക്കാം. ചക്രവാത ചുഴി കേന്ദ്രീകൃതമാകുന്നതിനാൽ ശനിയും ഞായറും മഴ കേരളത്തിൽ വിട്ടുനിൽക്കാനാണ് സാധ്യത.
അതിനിടെ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ശ്രദ്ധിക്കുക മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
https://www.facebook.com/Malayalivartha