പൂന്തോട്ടം വര്‍ണ്ണാഭമാക്കാം
പൂക്കളും വര്‍ണാഭമായ ഇലകളും വ്യത്യസ്തമാര്‍ന്ന ചെടികളും നിറഞ്ഞ പൂന്തോട്ടം വീടിന് അലങ്കാരം തന്നെയാണ്. വീട്ടുമുറ്റത്ത് അഴകാര്‍ന്ന ഉദ്യാനം തീര്‍ത്തതുകൊണ്ടു മാത്രമായില്ല. മാറിവരുന്ന ഋതുക്കള്‍ക്കനുസരിച്ച് ശരിയായ പരിചരണവും ആവശ്യമുണ്ട്. എന്നാല്‍ മഴക്കാലത്ത് പൂന്തോട്ടം ഭംഗി ചോരാതെ നിലനിര്‍ത്തുകയെന്നത് അത്ര എളുപ്പമല്ല.
മഴ തുടങ്ങുന്നതിനു മുമ്പേ വേണ്ട മുന്‍കരുതലെടുക്കുകയും വര്‍ഷകാലത്തു വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്താല്‍ പൂന്തോട്ടത്തെ മനോഹരമായി നിലനിര്‍ത്താം.
മഴയത്തെും മുമ്പേ കമ്പുകോതിയും മരുന്നു തളിച്ചും ചെടികളെ മഴക്കാലരോഗങ്ങളില്‍നിന്നു രക്ഷിക്കാം. കമ്പുകോതല്‍(പ്രൂണിങ്) വഴി ചെടിയില്‍ ധാരാളം ശാഖകള്‍ ഉണ്ടാകാനും നിറയെ പൂവിടാനും അവസരമൊരുക്കും. ശാഖകള്‍ക്കിടയില്‍ കൂടുതല്‍ വായുസഞ്ചാരം നല്‍കി ചെടികളെ രോഗങ്ങളില്‍നിന്ന് സംരക്ഷിക്കുകയുമാകാം.
ഉദ്യാനത്തിലുള്ള ചെടികളുടെ സ്വഭാവമറിഞ്ഞുവേണം പരിചരണം. അഡീനിയത്തിനും ആന്തൂറിയത്തിനും ഇല മഞ്ഞളിപ്പ്, റോസിന് ഇലപ്പുള്ളി രോഗം, ഓര്‍ക്കിഡിന് വേരുചീയല്‍ എന്നിവയൊക്കെ മഴക്കാലത്തുണ്ടാകാം.
പൂന്തോട്ടത്തില്‍ വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുക എന്നതാണ് പ്രധാനം. വെള്ളം ഒഴിഞ്ഞുപോകുന്ന തരത്തില്‍ ഓടകള്‍ വൃത്തിയാക്കി വെക്കണം. ചെളിവെള്ളം കെട്ടികിടന്നാല്‍ പുല്‍തകിടിയും മറ്റും പല ചെടികളും അഴുകിപോകും.
മഴവെള്ളത്തിലൂടെ ഒലിച്ചെത്തുന്ന വിത്തുകളും പാഴ്‌ചെടികളും പൂന്തോട്ടത്തില്‍ ക്രമീകരിച്ച ചെടികള്‍ക്കിടയിലും നടപാതയിലും മറ്റുമായി വളര്‍ന്നുവരും. കളകള്‍ യഥാസമയം പിഴുതുമാറ്റിയില്ലെങ്കില്‍ അവ പടര്‍ന്ന് നട്ടുപിടിപ്പിച്ച ചെടികള്‍ നശിച്ചുപോകാന്‍ ഇടയാക്കിയേക്കാം.
മഴക്കാലത്ത് ചെടികളില്‍ കീടങ്ങള്‍ എത്താന്‍ സാധ്യത കൂടുതലാണ്. മിക്ക ചെടികളുടെ ഇലകളുടെ അടിയിലും പ്രാണികള്‍ കൂടുകൂട്ടാം. ഇവയെ തുരത്താന്‍ പൂന്തോട്ടത്തിലെത്തുന്ന തവളകളെ കൂട്ടുപിടിക്കാം. വെള്ളം ചീറ്റി പ്രാണികളെ തുരത്തുന്ന വഴിയും പരീക്ഷിക്കാം.
മഴക്കാലത്ത് ചെടികളില്‍ രാസവളങ്ങളുടെ ഉപയോഗം കുറക്കുന്നതാണ് നല്ലത്. ജൈവവളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിക്കുന്നതാണ് ഉചിതം.
ചെടിചട്ടികളിലെയും മറ്റും മേല്‍മണ്ണ് അല്‍പാല്‍പമായി ഒലിച്ചുപോകാനിടയുള്ളതിനാല്‍ മണ്ണും കമ്പോസ്റ്റും യഥാക്രമം ചേര്‍ത്തുകൊടുക്കാന്‍ ശ്രദ്ധിക്കണം.
പൂന്തോട്ടത്തില്‍ ശിഖിരങ്ങള്‍ വളരുന്ന തരത്തിലുള്ള മരങ്ങള്‍ ഉണ്ടെങ്കില്‍ മഴകാലത്ത് അവ വെട്ടിനിര്‍ത്തണം. കാറ്റിലും ശക്തമായ മഴയിലും അവ ഒടിഞ്ഞു വീണ് ചെടികള്‍ നശിക്കാനിടയുണ്ട്.
മഴയത്തെും മുമ്പ് തന്നെ ഇന്‍ഡോറില്‍ വളര്‍ത്താന്‍ കഴിയുന്ന ചെടികള്‍ ബാല്‍ക്കണിയിലേക്കോ പാറ്റിയോ സ്‌പേസിലേക്കോ മറ്റോ മാറ്റാം.
പുല്‍ത്തകിടി തയ്യാറാക്കുമ്പോള്‍ ആവശ്യത്തിനു ചരിവ് നല്‍കിയില്ലെങ്കില്‍ മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് പായല്‍ വളര്‍ന്നുവരും. പായല്‍ ശല്യം കാണുന്ന ഭാഗത്ത് പുല്ലു വളരാതെ നിലം ഉറച്ചു കാണപ്പെടും. ഇതിനു പ്രതിവിധിയായി ആ ഭാഗത്തു മാത്രം നേരിയ അളവില്‍ കുമ്മായം വിതറിക്കൊടുത്ത ശേഷം മണ്ണ് നന്നായി ഇളക്കി വായൂസഞ്ചാരം നല്‍കണം.
പൂന്തോട്ടത്തില്‍ പുതിയ ചെടികള്‍വെച്ചു പിടിപ്പിക്കുകയാണെങ്കില്‍ അല്‍പം വളര്‍ന്നതും പൂവിടാത്തതരം ചെടികളും തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha